തിരുവനന്തപുരം ജില്ലയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും വര്‍ദ്ധിക്കുന്നു. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ 20 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എട്ടുപേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.
പനി ബാധിച്ച് ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവാണ് കാണുന്നത്. മേയ് 24 മുതല്‍ ജൂണ്‍ 2 വരെയുളള പത്തുദിവസങ്ങളിലായി 5065 പേരാണ് പനി ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയത്. ഏകദേശം 500 ഓളം പേരാണ് പനിയെത്തുടര്‍ന്ന് ആശുപത്രിയിലെത്തുന്നത്.
കഴിഞ്ഞമാസത്തില്‍ തന്നെ തക്കാളിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യാഴാഴ്ച നാലുപേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കൂടാതെ 3 പേര് എലിപ്പനിയ്ക്കും ചികിത്സ തേടി. മഴയോട് അനുബന്ധിച്ച് രോഗബാധിതരുടെ എണ്ണം ഉയരാനാണ് സാധ്യത. പാങ്ങപ്പാറ, കരകുളം, കുളത്തൂര്‍, നാലാഞ്ചിറ, പേട്ട, പുത്തന്‍തോപ്പ് പ്രദേശങ്ങളിലുള്ളവരിലാണ് രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
മഴക്കാല ശുചീകരണം കാര്യമായി നടക്കാത്തതു കൊണ്ട് കൊതുകുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് നിമിത്തവും ഡെങ്കിപ്പനി പടരുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. മഴക്കാല ശുചീകരണം കാര്യമായി നടക്കാത്തതാണ് രോഗവ്യാപനം വര്‍ദ്ധിക്കാന്‍ ഇടയായത്. അതുപോലെ തന്നെ കോവിഡ് കേസുകളിലും വര്‍ധനവുണ്ട്. വ്യാഴാഴ്ച 168 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,205 പേരാണ് കോവിഡ് ബാധിച്ച് ഇനി ജില്ലയില്‍ ചികിത്സയിലുള്ളത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കുക.
- ചിരട്ട, ഉപയോഗശൂന്യമായ പാത്രങ്ങളും വലിച്ചെറിയരുത്.
- വെള്ളം, ശേഖരിക്കുന്ന പാത്രങ്ങള്‍, ഫ്രിഡ്ജിന് പുറകിലുള്ള ട്രേ, ചെടിച്ചട്ടികള്‍, മൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കുന്ന പാത്രം തുടങ്ങിയ വെള്ളം ആഴ്ചയിലൊരിക്കല്‍ മാറ്റണം.
- ടെറസ്, സണ്‍ഷേഡ് തുടങ്ങിയിടങ്ങളില്‍ വെള്ളം കെട്ടി നില്ക്കുന്ന ഉറപ്പാക്കണം.
- ഉപയോഗിക്കാത്ത കുളം, കിണര്‍, വെള്ളക്കെട്ട് എന്നിവിടങ്ങളില്‍ ഗപ്പിയെ വളര്‍ത്തുക.
- കൊതുകുവല ഉപയോഗിക്കുക.
- പരിസരം വൃത്തിയായി സൂക്ഷിക്കണം.
- മലിനജലം കുടിക്കരുത് .
- കെട്ടിക്കിടക്കുന്ന വെള്ളവുമായി സമ്പര്‍ക്കം ഒഴിവാക്കുക.
- മണ്ണ്, ജലം എന്നിവയും ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവര്‍ കൈയുറ, ബൂട്ട്, ശരീരം മറയ്ക്കുന്ന വസ്ത്രങ്ങള്‍ എന്നിവ ധരിക്കണം.
ഡെങ്കിപ്പനിയും എലിപ്പനിയും തിരിച്ചറിയാം
കടുത്ത പനി, തലവേദന, കണ്ണിനു പിന്നില്‍ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, ഛര്‍ദ്ദി, ക്ഷീണം തുടങ്ങിയവയാണ് ഡെങ്കിപ്പനി ലക്ഷണങ്ങള്‍. രക്തത്തില്‍ പ്ലേറ്റ്ലറ്റുകളുടെ അളവ് കുറഞ്ഞാല്‍ രോഗം സങ്കീര്‍ണമാകും.
വിറയലോടു കൂടിയ പനി, ശരീരവേദന, തലവേദന, ഛര്‍ദ്ദി, കുളിര്, തളര്‍ച്ച, പേശിവേദന, കണ്ണിന് ചുവപ്പ് തുടങ്ങിയവയാണ് എലിപ്പനി ലക്ഷണങ്ങള്‍. ചില ലക്ഷണങ്ങള്‍ ഒരുപോലെയാണ്.