കാലാവസ്ഥ മാറുന്നതിനനുസരിച്ച് കഴിക്കേണ്ട ഭക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വേനൽ കാലങ്ങളിൽ കഴിക്കേണ്ട ആഹാരങ്ങൾ ശൈത്യകാലത്ത് കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. കാരണം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് ശരീരത്തിൽ എത്തേണ്ട പോഷകഘടകങ്ങളിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഉദാഹരണത്തിന്, തണുപ്പ് കാലങ്ങളിൽ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഉത്തമം. ഇത് ദഹനത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. വിറ്റാമിനുകൾ, ആന്റി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ തണുപ്പുകാലങ്ങളിൽ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്. തണുപ്പുകാലങ്ങളിൽ കഴിക്കാൻ അനുയോജ്യമായവ ഏതൊക്കെയെന്ന് നോക്കാം
ബീറ്ററൂട്ട്
ശൈത്യകാലത്ത് കഴിക്കാൻ ഏറ്റവും അനുയോജ്യമായ പച്ചക്കറിയിനമാണ് ബീറ്റ്റൂട്ട്. ഇത് രക്തസമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്നു. കരളിന്റെ ആരോഗ്യം സംരക്ഷിക്കുകയും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും ചെയ്യുന്നു.
ആപ്പിൾ
ആപ്പിളിൽ ധാരാളം ഫൈബറും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സുഗമമായ ദഹനത്തിനും സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യതകൾ കുറയ്‌ക്കുകയും ചെയ്യുന്നു.
മത്തങ്ങ
മത്തങ്ങയിൽ വലിയ തോതിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിനും രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും മത്തങ്ങ കഴിക്കുന്നത് നല്ലതാണ്.
മധുരക്കിഴങ്ങ്
വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമാണ് മധുരക്കിഴങ്ങ്. പ്രതിരോധശേഷി വർദ്ധിക്കുന്നതിനും ചർമത്തിന്റെ ആരോഗ്യത്തിനും മധുരക്കിഴങ്ങ് ഏറെ ഗുണകരമാണ്.
പേരയ്‌ക്ക
ശൈത്യകാലങ്ങളിൽ ലഘുഭക്ഷണമായി കഴിക്കാൻ അനുയോജ്യമായ പഴവർഗമാണ് പേരയ്‌ക്ക. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള പേരയ്‌ക്ക രോഗപ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കുന്നു. വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ പേരയ്‌ക്കയിൽ അടങ്ങിയിട്ടുണ്ട്.
ഇലക്കറികൾ
തണുപ്പുകാലത്ത് ഇലക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം പ്രയോജനകരമാണ്. ഇലക്കറികളിൽ വിറ്റാമിൻ എ, സി, കെ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശൈത്യകാലത്ത് ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കുന്നു