125-ാം വയസിലും ആരോഗ്യ സംരക്ഷണത്തിന് വിട്ട് വീഴ്ചയില്ലാത്ത വ്യക്തിയാണ് പത്മശ്രീ ജേതാവ് സ്വാമി ശിവാനന്ദ. പത്മശ്രീ പുരസ്കാരം ലഭിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തികൂടിയായിരുന്നു സ്വാമി ശിവാനന്ദ.
1896 ഓഗസ്റ്റില്‍ അന്നത്തെ ഇന്ത്യയുടെ ഭാഗമായിരുന്ന സില്‍ഹെറ്റ് ജില്ലയിലാണ് (ഇപ്പോള്‍ ബംഗ്ലാദേശ്) ശിവാനന്ദ ജനിച്ചത്. തികഞ്ഞ ദാരിദ്ര്യത്തിനിടയിയിലേക്കാണ് അദ്ദേഹം ജനിച്ച് വീണത്. ഭിക്ഷാടനം നടത്തിയാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ജീവിച്ചിരുന്നത്. കുട്ടിക്കാലത്ത്, കരഞ്ഞും, പട്ടിണി കിടന്നും അദ്ദേഹം വളര്‍ന്നു. വിശന്ന് കരയുന്ന അദ്ദേഹത്തിന്റെ വായിലേക്ക് അച്ഛനും അമ്മയും കഞ്ഞിവെള്ളം ഒഴിച്ച് കൊടുക്കുമായിരുന്നു. മകന്റെ വിശപ്പ് മാറ്റാന്‍ അവരുടെ കൈയില്‍ ആകെയുണ്ടായിരുന്നത് അതായിരുന്നു.
ഈ ദുരിതത്തിനും, കഷ്ടപ്പാടിനുമിടയില്‍ ആറാം വയസ്സില്‍ അദ്ദേഹം അനാഥനായി. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട അദ്ദേഹം പശ്ചിമ ബംഗാളിലെ നബദ്വിപ്പിലുള്ള ഗുരു ഓംകാരാനന്ദ ഗോസ്വാമിയുടെ ആശ്രമത്തില്‍ എത്തിപ്പെട്ടു. അവിടെയാണ് പിന്നീട് അദ്ദേഹം വളര്‍ന്നത്. അവിടെ അദ്ദേഹത്തിന് യോഗ ഉള്‍പ്പെടെയുള്ള ആത്മീയ വിദ്യാഭ്യാസത്തില്‍ പരിശീലനം ലഭിച്ചു. ബ്രഹ്മചര്യത്തിന്റെ പാത തിരഞ്ഞെടുത്ത അദ്ദേഹം ഗുരുവിനോടൊപ്പം യൂറോപ്പ്, റഷ്യ, ഓസ്ട്രേലിയ തുടങ്ങി 34 രാജ്യങ്ങളില്‍ സഞ്ചരിച്ചു.
പുലര്‍ച്ചെ 3 മണിക്ക് ഉണരുന്ന അദ്ദേഹം എല്ലാ ദിവസവും മുടങ്ങാതെ യോഗയും പ്രാണായാമവും ചെയ്യുന്നു. ഈ വയസ്സിലും വെറും തറയിലാണ് ഉറങ്ങുന്നത്. ലഘുവായി മാത്രം ആഹാരം കഴിക്കുന്നു. എണ്ണയില്ലാത്ത വേവിച്ച പച്ചക്കറികളാണ് കൂടുതലും കഴിക്കുന്നത്.
യോഗ, അച്ചടക്കം, ബ്രഹ്മചര്യം എന്നിവയില്‍ ഊന്നിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ‘ലോകം എന്റെ വീടാണ്, അതിലെ ആളുകള്‍ എന്റെ അച്ഛനും അമ്മമാരുമാണ്, അവരെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുക എന്നതാണ് എന്റെ മതം’ അദ്ദേഹം പറഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെയായി അദ്ദേഹം കാശി ഘട്ടുകളില്‍ യോഗ പരിശീലിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.