തിരുവനന്തപുരം: ആരോഗ്യ മേഘലയില്‍ സംസ്ഥാനം കൈവരിച്ചത് അത്ഭുതകരമായ നേട്ടമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജടീച്ചര്‍. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ 5.9 കോടി ചെലവഴിച്ചു പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികളില്‍ അടിസ്ഥാനസൗകര്യ വികസനവും ആധുനികവത്കരണവും സാധ്യമായതോടെ ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചു. നിലവില്‍ 50 ശതമാനത്തോളം ജനങ്ങള്‍ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. കിഫ്ബി ധനസഹായം കൂടി ലഭ്യമായതോടെ സ്വപ്നതുല്യമായ വികസനം ആരോഗ്യ മേഖലയില്‍ ഉണ്ടായതായും മന്ത്രി പറഞ്ഞു.
എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.35 കോടി ചെലവില്‍ പേ വാര്‍ഡ്, 1.5 കോടി ചെലവഴിച്ച് ട്രൊമോ കെയര്‍, കെ.എച്ച്.ആര്‍.ഡബ്ല്യു.എസ് ഫണ്ടുപയോഗിച്ച് 70 ലക്ഷം രൂപ ചെലവില്‍ പേവാര്‍ഡ്, 50 ലക്ഷം രൂപയുടെ സോളാര്‍ പവര്‍ പ്ലാന്റ്, 50 ലക്ഷം രൂപയുടെ മെഡിസിന്‍ സ്റ്റോറേജ് സെന്റര്‍, 38 ലക്ഷം രൂപയുടെ എച്ച്.ടി സബ് സ്റ്റേഷന്‍, 26 ലക്ഷം രൂപയുടെ ജനറേറ്റര്‍, ഹീ ആന്‍ഡ് ഷീ ടോയ്ലറ്റ് സമുച്ചയം, ഐ.സി.യു , നവീകരിച്ച ഓപ്പറേഷന്‍ തീയേറ്റര്‍, ഹോസ്പിറ്റല്‍ ക്യാന്റീന്‍ ഉള്‍പ്പടെ 5.9 കോടി രൂപയുടെ ബൃഹത് പദ്ധതി എന്നിവയാണ് ജനറല്‍ ആശുപത്രിയില്‍ നടപ്പിലാക്കിയത്.