in , ,

കേരളത്തിന്റെ കോവിഡ് നിയന്ത്രണ മികവ്: യുഎന്‍ വെബിനാര്‍ ഫെബ്രു 17 മുതല്‍

Share this story

തിരുവനന്തപുരം: കുറഞ്ഞ മരണനിരക്കില്‍ കൊവിഡ്-19 നെ പിടിച്ചുനിര്‍ത്തുന്നതിലൂടെ ആഗോള പ്രശംസ നേടിയ കേരളത്തിന്റെ നേട്ടം ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ച് (എസ്ഡിജി) നടത്തുന്ന രാജ്യാന്തര വെബിനാറില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നു.

‘സുസ്ഥിര വികസന ലക്ഷ്യം യാഥാര്‍ഥ്യമാക്കിയ കേരളത്തിന്റെ ആരോഗ്യമേഖല’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന വെബിനാര്‍ പരമ്പര അഞ്ചു ഭാഗങ്ങളായി ഫെബ്രുവരി 17, 18, 24, 25, മാര്‍ച്ച് 5 എന്നീ തിയതികളിലാണ് നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വെബിനാര്‍ പരമ്പര ഉദ്ഘാടനം ചെയ്യും. ലോകാരോഗ്യ സംഘടന, യൂണിസെഫ്, ലോകബാങ്ക് എന്നിവയുടെ സഹകരണത്തോടെ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്. ഓരോ സെഷനിലും കേരളത്തിലെ ആരോഗ്യസംബന്ധമായ സുസ്ഥിര വികസന ലക്ഷ്യങ്ങളാണ് ചര്‍ച്ചയ്ക്ക് വിധേയമാകുന്നത്.

പൊതു-സ്വകാര്യമേഖലയില്‍ 29 കൊവിഡ് ആശുപത്രികളും 2230 കൊവിഡ് ടെസ്റ്റിങ് ലാബുകളും സജ്ജമാക്കി ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ ഉപയോഗിച്ചുകൊണ്ട് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായ സെന്റിനല്‍ സര്‍വെയ്‌ലന്‍സ് ആണ് കേരളം പിന്തുടരുന്നത്. രോഗവ്യാപന സാധ്യത കൂടുതലുള്ള വിഭാഗങ്ങളില്‍നിന്ന് ക്രമമായല്ലാതെ സാംപിളുകള്‍ ശേഖരിച്ച് സമൂഹവ്യാപന സാധ്യത പരിശോധിക്കുന്നതാണ് സെന്റിനല്‍ സര്‍വെയ്‌ലന്‍സ്. വിസ്‌ക്, സ്റ്റെപ് എന്നിങ്ങനെയുള്ള പരിശോധനാ കിസയോസ്‌കുകളും സഞ്ചരിക്കുന്ന സാമ്പിള്‍ ശേഖരണ യൂണിറ്റുകളും ഉപയോഗിച്ച് ആധുനിക രീതിയിലാണ് ഇത് ചെയ്യുന്നത്. കൊവിഡ് മരണ നിരക്കു കുറയ്ക്കുന്നതില്‍ കേരളം സ്വീകരിച്ച ഇത്തരം സംവിധാനങ്ങളും വെബിനാറില്‍ ചര്‍ച്ചാവിഷയമാകും.

കേരളം പുലര്‍ത്തുന്ന ശക്തമായ നിരീക്ഷണ സംവിധാനം, കര്‍ശനമായ സമ്പര്‍ക്ക പരിശോധന, മികച്ച ക്വാറന്റീന്‍, രോഗസാധ്യതയുള്ള എല്ലാവരിലും നടത്തുന്ന പരിശോധന, സാമൂഹിക പിന്തുണയോടെയുള്ള പ്രതിരോധം, മറ്റു ഗുരുതര രോഗമുള്ളവരെയും പ്രായമായവരെയും ഗര്‍ഭിണികളെയും നിരീക്ഷിക്കുന്നതടക്കമുള്ള ജാഗ്രതാ നടപടികള്‍, പ്രത്യേക കൊവിഡ് ആശുപത്രികളില്‍ നല്‍കുന്ന മികച്ച ചികിത്സ എന്നിവയും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

രോഗബാധയ്ക്ക് സാധ്യതയുള്ളവരെ കണ്ടുപിടിച്ച് ക്വാറന്റീനിലാക്കി പരിശോധന നടത്തി പ്രത്യേകം താമസിപ്പിക്കുന്നതടക്കമുള്ള സംവിധാനങ്ങളോടെ സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് വെറും 0.4 ശതമാനമാക്കാന്‍ കഴിഞ്ഞുവെന്ന് ആരോഗ്യ, സാമുഹിക നീതി വകുപ്പുമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഏതു തരം രോഗത്തെയും തുടക്കത്തില്‍ തന്നെ കണ്ടുപിടിച്ച് പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് മഹാമാരി കേരളത്തെ സജ്ജമാക്കി. മഹാമാരികള്‍ ഇനിയും വരുമെന്നുള്ളതുകൊണ്ട് തങ്ങള്‍ക്ക് അലസരായിരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.

സാമൂഹിക അകല പാലനം, സാനിറ്റൈസര്‍, സോപ്പ്, മാസ്‌ക് എന്നിവയുടെ ഉപയോഗം തുടങ്ങിയവയ്ക്കുവേണ്ടിയുള്ള ബ്രേക് ദ ചെയിന്‍ ബോധവല്‍കരണ, പ്രചരണ പരിപാടിയിലൂടെ സമൂഹത്തിന്റെ അടിത്തട്ടിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ കേരളത്തിനു കഴിഞ്ഞു. അടിസ്ഥാനകാര്യങ്ങളിലേയ്ക്ക് മടങ്ങാനുള്ള ‘ബാക്ക് ടു ദ ബേസിക്‌സ്’ എന്ന പരിപാടിയിലൂടെ കേരളം ബോധവല്‍കരണത്തിന്റെ അടുത്ത ഘട്ടത്തിലാണിപ്പോള്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സീറോ പ്രിവിലന്‍സ് സര്‍വെ റിപ്പോര്‍ട്ടനുസരിച്ച് കേരളത്തില്‍ രോഗവ്യാപനം പരിഹൃതമാണ്. മിക്ക ലോകരാജ്യങ്ങളും മരണനിരക്ക് കുറയ്ക്കാന്‍ പെടാപാടു പെടുമ്പോള്‍ കേരളം മരണനിരക്ക് നന്നേ കുറച്ചിട്ടു ണ്ട്.

കോവിഡ് പോരാളികളെ അഗണിച്ച് സര്‍ക്കാര്‍, ശമ്പള വര്‍ധന ശുപാര്‍ശയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാഫുമാര്‍ക്കും അയിത്തം

അറിയുമോ നിങ്ങള്‍ ഇന്ത്യയുടെ ആര്‍ത്തവ മനുഷ്യന്‍ അരുണാചലം മുരുകാനന്ദിനെ