in , , ,

കോവിഡ് കാരണം സ്‌കൂളുകള്‍ അടച്ചിട്ടു; ഉച്ചക്കഞ്ഞി മുടങ്ങിയ കുട്ടികളെക്കുറിച്ച് നിങ്ങള്‍ ഓര്‍ത്തിട്ടുണ്ടോ?

Share this story

കുട്ടികളില്‍ പോഷകാഹാരക്കുറവിന് സാധ്യത

ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ കുട്ടികളെ സ്‌കൂളിലേക്കു വിടുന്നത് പഠനാവശ്യങ്ങള്‍ക്കുവേണ്ടി മാത്രമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഭക്ഷണമെന്നത് വെറുതെ കളയുന്ന മിഡില്‍-അപ്പര്‍ക്ലാസ് കുടുംബങ്ങളുടെ കാര്യമല്ല ഇവിടെ പറയുന്നത്. നമ്മള്‍ ചിന്തിക്കാത്തവിധം ദാരിദ്രത്തില്‍ കഴിയുന്ന ഭൂരിപക്ഷം രക്ഷിതാക്കളുള്ള നാടാണ് ഇന്ത്യ. പലര്‍ക്കും നല്ല പോഷകാഹാരങ്ങള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ കഴിയാറില്ല. സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് പ്രഭാതഭക്ഷണമടക്കം നല്‍കുന്ന നമ്മുടെ നാട്ടില്‍ ഒരുപക്ഷേ ഒരു കുട്ടിയും പട്ടിണി കിടക്കേണ്ടിവന്നിട്ടുണ്ടാവില്ല. സ്‌കൂള്‍ ഭക്ഷണം എത്രത്തോളം കുരുന്നുകള്‍ക്ക് പ്രാധാന്യമുള്ളതാണെന്ന് ദാരിദ്രത്തില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് മനസിലാക്കാനാകും. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി എന്താണ്?

നിലവില്‍ കോവിഡ് -19 പ്രതിസന്ധിയില്‍ പെട്ട് നമ്മുടെ സ്‌കൂളുകള്‍ അടഞ്ഞുകിടപ്പാണ്. രാവിലെയും ഉച്ചയ്ക്കും സ്‌കൂളിലെ ഭക്ഷണത്തെ ആശ്രയിച്ചുകഴിഞ്ഞിരുന്ന ആയിരക്കണക്കിനു കുരുന്നുകളുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകളിലേക്കും മറ്റും പഠനം മാറിയതിനനുസരിച്ച് മുന്നോട്ടുപോകാന്‍ കഴിയാത്ത നിരവധി കുട്ടികളും നമ്മുക്കിടയിലുണ്ട്. പഠനമെന്നതിനേക്കാള്‍ കൃത്യമായിക്കിട്ടിയിരുന്ന പോഷകാഹാരങ്ങള്‍ ലഭിക്കാതെ വരുന്നത് കുരുന്നുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ഉറപ്പാണ്.

പലകുടുംബങ്ങളിലും കൂലിപ്പണി ചെയ്തു മുന്നോട്ടുപോയിരുന്ന രക്ഷിതാക്കള്‍ക്ക് കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ടിട്ടുമുണ്ട്. വരുമാനക്കുറവ് കുടുംബത്തിലെ ഭക്ഷണക്രമത്തെയും ബാധിക്കും. സ്‌കൂള്‍ അടച്ചിട്ടതോടെ, എപ്പോഴും വീട്ടില്‍ത്തന്നെയുള്ള ഒരു കുട്ടിയുടെ ഭക്ഷണക്രമം ആലോചിച്ചുനോക്കൂ. ഇടയ്ക്കിടെ ഭക്ഷണംതേടി അവര്‍ അടുക്കളയിലേക്കെത്തുന്ന കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റാനാകാത്ത അവസ്ഥയുള്ള കുടുംബങ്ങളും നിരവധിയാണ്.

സര്‍ക്കാര്‍ സ്‌കൂളുകളിലെ ഭക്ഷണം ആശ്വാസമായി കരുതിയിരുന്ന കുഞ്ഞുങ്ങള്‍ ഈ കോവിഡ്കാലത്ത് പ്രതിസന്ധിയിലാണ്. ഇടയ്ക്ക് അരിയും പയറുമടങ്ങിയ കിറ്റ് നല്‍കിയതൊഴികെ ഇക്കാര്യത്തെക്കുറിച്ച് ഗൗരവമായി സര്‍ക്കാര്‍ പരിശോധിക്കേണ്ടതുണ്ട്. കുട്ടികള്‍ക്കുള്ള അരി അധ്യാപകര്‍ മറിച്ചുവിറ്റ സംഭവംപോലും ഈ കേരളത്തില്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടും എന്തുനടപടിയെടുത്തൂവെന്നതും അധികൃതര്‍ ഓര്‍ക്കേണ്ടതാണ്. അംഗനവാടികളുടെ സ്ഥിതിയും മറിച്ചല്ല. പോഷകാഹാരം കുഞ്ഞുങ്ങള്‍ക്ക് ഉറപ്പുവരുത്തുന്നതില്‍ അംഗനവാടികള്‍ക്കുള്ള പങ്ക് വിസ്മരിക്കാനാവില്ല. എന്നാല്‍ ഈ കോവിഡ് കാലത്ത് അതിനു കഴിയുന്നുണ്ടോയെന്നും ആത്മാര്‍ത്ഥമായി ആരോഗ്യവകുപ്പ് പരിശോധിക്കേണ്ടതാണ്.

ദരിദ്ര രാജ്യങ്ങളില്‍ സ്‌കൂള്‍ഭക്ഷണത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കുട്ടികള്‍ ഈ കോവിഡ്കാലത്ത് പ്രതിസന്ധിയിലാണെന്ന് ലോകാരോഗ്യസംഘടനയടക്കം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇംപീരിയല്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഒരു പഠനവും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.

കരുതിയിരിക്കാം വൃക്കരോഗങ്ങള്‍

ഓണ്‍ലൈന്‍ വഴിയുള്ള മയക്കുമരുന്നു വിപണനം ശക്തമാകുന്നതായി റിപ്പോര്‍ട്ട്