സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സേനവങ്ങള്‍ക്ക് മത്രമായിരിക്കും അനുമതി. വേനല്‍ ക്യാമ്പുകള്‍ നടക്കുന്നുണ്ടെങ്കില്‍ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. വരുന്ന രണ്ടാഴ്ചയായിരിക്കും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകുക.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം. ശനിയാഴ്ച എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. നേരത്തേ വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങളുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അനുമതി തേടി കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അനുമതി നല്‍കും. പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അനുമതി ഉണ്ടായിരിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും നടക്കുക. ട്യൂഷന് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കും. ഹോസ്റ്റലുകളില്‍ കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. കൊവിഡ് പ്രതിരോധത്തിന് വാര്‍ഡുതല സമിതികളെ ഉപയോഗിക്കാനും തീരുമാനിച്ചു.
ബീച്ചുകളിലും പാര്‍ക്കുകളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് പൊലീസിന്റെ കര്‍ശന നിരീക്ഷണം ഉണ്ടാകും. അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേകം വാക്സിനേഷന് ക്യാമ്പ് നടത്തും. എല്ലാ ദിവസവും വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടത്താനും തീരുമാനമായി