ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ കോവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയും തെര്‍മല്‍ സ്ക്രീനിങ്ങും കര്‍ശനമായി നടപ്പാക്കാനാരംഭിച്ച് കര്‍ണാടക. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവിനെ തുടര്‍ന്നാണിത്. കേരളത്തിനു പുറമേ മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിലെ യാത്രക്കാരുടെ പരിശോധനയാണ് കര്‍ശനമാക്കിയിരിക്കുന്നത്.
ഏപ്രില്‍ 1 മുതല്‍ ബെംഗളൂരുവിലേക്കു വരുന്ന മറ്റു സംസ്ഥാനങ്ങളിലെ യാത്രികര്‍ക്കും ഇതു ബാധകമായിരിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ.കെ സുധാകര്‍ പറഞ്ഞു. കര്‍ണാടക- കേരള അതിര്‍ത്തിയിലെ മൂലെഹോളെ, കുട്ട, ബാവലി, മാക്കൂട്ടം, തലപ്പാടി, തമിഴ്നാട് അതിര്‍ത്തിയിലെ അത്തിബെല്ലെ ചെക്പോസ്റ്റുകളിലാണ് സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവരില്‍ ഉള്‍പ്പെടെ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നത്.
സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവരുടെ സ്രവ സാംപിളുകള്‍ ശേഖരിക്കാന്‍ ഇവിടങ്ങളില്‍ മൊബൈല്‍ ലാബ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ട്രെയിന്‍, വിമാന, ബസ് യാത്രികര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയും തെര്‍മല്‍ സ്ക്രീനിങ്ങും കര്‍ശനമാക്കിയതായി അത്തിബെല്ലെ ചെക്പോസ്റ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോര്‍ഡ്.