യുഎഇയില്‍ കൊവിഡ് വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു.
ഞായറാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ യുഎഇ ആരോഗ്യ വിഭാഗം ഔദ്യോഗിക വക്താവ് ഡോ. ഫരീദ അല്‍ ഹൊസനിയാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് രോഗികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും കൊവിഡ് ബാധിച്ചുള്ള മരണങ്ങള് കുറയ്ക്കാനും വാക്സിന് ഫലപ്രദമാണെന്ന് ഡോ. അല്‍ ഹൊസനി പറഞ്ഞു. കൊവിഡ് വാക്സിന് സ്വീകരിക്കാത്തവര്‍ രാജ്യത്തിന് പുറത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. പുതിയ കൊവിഡ് രോഗികളില്‍ 39.2 ശതമാനം പേരില്‍ ബീറ്റ വകഭേദവും 33.9 ശതമാനം പേരില്‍ ഡെല്‍റ്റയും 11.3 ശതമാനം ആളുകളില്‍ ആല്‍ഫ വകഭേദവുമാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ഡോ. ഹൊസനി വ്യക്തമാക്കി.
ഇതിനിടെ ജനിതകവ്യതിയാനം സംഭവിച്ച കൊവിഡ് വൈറസായ ‘ഡെല്‍റ്റ പ്ലസ്’ വലിയ തോതിലുള്ള ആശങ്കകളാണ് ഇന്ത്യയിൽ സൃഷ്ടിക്കുന്നത്.
രണ്ടാം തരംഗം ഇത്രമാത്രം രൂക്ഷമാകാന്‍ കാരണമായ ‘ഡെല്‍റ്റ’ വകഭേദത്തില്‍ നിന്ന് വീണ്ടും പരിവര്‍ത്തനപ്പെട്ട വകഭേദമാണ് ‘ഡെല്‍റ്റ പ്ലസ്’.
ഇന്ത്യയിലാണ് ആദ്യമായി ‘ഡെല്‍റ്റ’ വകഭേദം കണ്ടെത്തപ്പെട്ടത്. ആദ്യഘട്ടത്തിലുണ്ടായിരുന്ന കൊറോണ വൈറസിനെക്കാള്‍ രോഗവ്യാപനം കൂട്ടുന്നതായിരുന്നു ‘ഡെല്‍റ്റ’ വകഭേദം. ചുരുങ്ങിയ സമയത്തിനകം കൂടുതല്‍ പേരിലേക്ക് രോഗമെത്തി എന്നതിനാല്‍ തന്നെ ആരോഗ്യമേഖല പ്രതിസന്ധിയിലേക്ക് നീങ്ങുകയും കൊവിഡ് മരണനിരക്ക് ഉയരുകയും ചെയ്തിരുന്നു.
‘ഡെല്‍റ്റ’ വകഭേദത്തെ അപേക്ഷിച്ച് 60 ശതമാനത്തോളം രോഗവ്യാപന സാധ്യത ‘ഡെല്‍റ്റ പ്ലസ്’ വകഭേദത്തില്‍ കൂടുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതുപോലെ തന്നെ ശ്വാസകോശത്തിലേക്ക് വളരെ എളുപ്പത്തില്‍ കടന്നുകൂടാനുള്ള ഈ വൈറസിന്റെ കഴിവും ആശങ്കകള്‍ക്കിടയാക്കുന്നു.
‘ഡെല്‍റ്റ’ സൃഷ്ടിച്ച രൂക്ഷമായ രോഗവ്യാപനം തന്നെ താങ്ങാന്‍ നമുക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇതിനെക്കാള്‍ ശക്തമായ ‘ഡെല്‍റ്റ പ്ലസ്’ കേസുകള്‍ കൂടിവരുന്നത് തീര്‍ച്ചയായും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇതിനോടകം തന്നെ രാജ്യത്ത് 12 സംസ്ഥാനങ്ങളിലും ‘ഡെല്‍റ്റ പ്ലസ്’ കേസുകള്‍ സ്ഥിരീകരിച്ച് കഴിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കേസുകളുള്ളത്.
ഇന്ത്യന്‍ വകഭേദമായ ‘ഡെല്‍റ്റ’ വൈറസിന്റെ സാന്നിധ്യം ഇതുവരെ 85 രാജ്യങ്ങളില്‍ സ്ഥീരീകരിച്ചിട്ടുണ്ട്. യുഎസ്, യുകെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെല്ലാം നിലവില്‍ പൊയ്ക്കൊണ്ടിരിക്കുന്ന കൊവിഡ് മൂന്നാം തരംഗത്തില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. ഇതിനിടെയാണ് ‘ഡെല്‍റ്റ പ്ലസ്’ വകഭേദത്തിന്റെ വരവ്.