കുട്ടികളിലെ വൃക്കരോഗങ്ങളില്‍ വളരെ പ്രാധാന്യമേറിയ ഒരു രോഗമാണ് നെഫ്രോട്ടിക് സിന്‍ഡ്രോം. നമ്മുടെ വൃക്കകളില്‍ ഏകദേശം പത്തു മുതല്‍ 20 ലക്ഷത്തോളം ചെറിയ അരിപ്പകള്‍ ഉണ്ട്. ഈ അരിപ്പകള്‍ രക്തത്തെ അരിച്ച് മൂത്രം ഉല്പാദിപ്പിക്കുന്നു. സാധാരണയായി ഈ അരിപ്പകളിലൂടെ രക്തത്തിലെ പ്രോട്ടീന്‍ (ആല്ബുമിന്) ലീക്കാകുകയില്ല. എന്നാല്‍, നെഫ്രോട്ടിക് സിന്‍ഡ്രോം എന്ന രോഗാവസ്ഥയില്‍ രക്തത്തിലെ ആല്ബുമിന് എന്ന പ്രോട്ടീന്‍ മൂത്രത്തിലേക്കു ലീക്ക് ചെയ്യുകയും ഇതിന്റെ ഫലമായി രക്തത്തിലെ ആല്ബുമിന് കുറയുകയും കൊളസ്ട്രോള്‍ കൂടുകയും ശരീരത്തില്‍ നീരു വരികയും ചെയ്യുന്നു. എന്നാല്‍, കിഡ്നിയുടെ പ്രവര്‍ത്തനം നോര്‍മല്‍ ആയി തന്നെ തുടരും.
നല്ലൊരു ശതമാനം കുട്ടികളിലും പ്രതിരോധശേഷിയുടെ ഏറ്റക്കുറച്ചിലുകള്‍ മൂലമാണ് നെഫ്രോട്ടിക് സിന്‍ഡ്രോം ഉണ്ടാകുന്നത്. ഈ രോഗത്തിന്റെ ചികിത്സ സ്റ്റിറോയ്ഡ് വിഭാഗത്തില്‍ പെടുന്ന മരുന്നുകള്‍ ഉപയോഗിച്ചാണ്. ഈ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കുറച്ചു മാസങ്ങള്‍ ഉപയോഗിക്കേണ്ടതായി വരും. മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ചു ഡോക്ടറുടെ അടുത്തു നിന്നു മനസ്സിലാക്കേണ്ടതാണ്. നെഫ്രോട്ടിക് സിന്‍ഡ്രോം വീണ്ടും വരാന്‍ സാധ്യതയുള്ള ഒരു രോഗാവസ്ഥയാണ്. അസുഖത്തെക്കുറിച്ചുള്ള ശരിയായ അവബോധവും ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള തുടര്‍ചികിത്സയും വളരെ പ്രധാനമാണ്.




