in , ,

തലച്ചോറ് തിന്നുന്ന അമീബ; എന്താണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്

Share this story

കൊലയാളി അമീബയ്ക്കെതിരെ സംസ്ഥാനമൊട്ടുക്ക് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ് . രോഗത്തിന് ഫലപ്രദമായ മരുന്ന് രാജ്യത്ത് ലഭ്യമല്ലെന്നും കെട്ടിക്കിടക്കുന്ന വെളളത്തിലെ കുളി ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം. വിദേശത്തു നിന്ന് മരുന്നെത്തിക്കാനുളള സാധ്യതയും ആരോഗ്യവകുപ്പ് തേടുന്നുണ്ട്. എന്താണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് എന്നു നോക്കാം. തലച്ചോറ് തിന്നുന്ന അമീബയെന്നാണ് ഈ രോഗാണുവിനെ വിശേഷിപ്പിക്കുന്നത് . കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.

നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ടതാണ് രോഗാണു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ആലപ്പുഴ സ്വദേശി 15 കാരന്‍ ഗുരുദത്തിന്റെ ജീവന്‍ ഇതേ അസുഖം ബാധിച്ച് പൊലിഞ്ഞത്. ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്‍ണയം.

മനുഷ്യരെ ബാധിക്കുന്നതെങ്ങനെ

കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോയായ വെള്ളത്തില്‍ കുളിക്കുക, മൂക്കിലൂടെ വെള്ളമൊഴിക്കുക തുടങ്ങിയവയിലൂടെയാണ് അമീബ ശരീരത്തിലെത്തുക. ശരിയായ രീതിയില്‍ ക്ലോറിനേറ്റ് ചെയ്ത നീന്തല്‍ കുളങ്ങളില്‍ കുളിച്ചാലും അമീബ അടങ്ങിയ വെളളം കുടിച്ചാലും അപകടമില്ല. പതിനായിരത്തില്‍ ഒരാള്‍ക്കുമാത്രം വരുന്ന അപൂര്‍വരോഗമാണ്. പക്ഷേ മരണനിരക്ക് നൂറു ശതമാനത്തിന് അടുത്താണ് മരണനിരക്ക് അതുകൊണ്ടു തന്നെ അതീവ ജാഗ്രത വേണമെന്നാണ് നിര്‍ദേശം.

ഡെങ്കിപ്പനി ; കൊതുകിനെ ഓടിക്കാൻ ഇതാ ചില വഴികൾ

മോണരോഗം തടയാൻ ദന്തൽ ഫ്ലോസിങ്ങും