രോഗലക്ഷണങ്ങളൊന്നും കൂടാതെ തന്നെ വര്‍ഷങ്ങളോളം നിലനില്‍ക്കുന്ന രോഗാവസ്ഥയാണ് ഉയര്‍ന്ന രക്തസമ്മര്‍ദം. അതുകൊണ്ടു തന്നെ രോഗമുണ്ടെന്നു മനസ്സിലാക്കുവാന്‍ വളരെ പെട്ടെന്നു കഴിഞ്ഞുവെന്നു വരില്ല. സൂക്ഷിച്ചില്ലെങ്കില്‍ നിശബ്ദമായി മരണത്തിലേക്കു നയിക്കുന്ന ഒരു രോഗമാണിത്. തലചുറ്റല്‍, തലവേദന, ഉറക്കമില്ലായ്മ, ദുര്‍ബലത, ശാരീരികവും മാനസികവുമായ ക്ഷീണം മുതലായ ലക്ഷണങ്ങളും ചിലരില്‍ ക്രമേണ കണ്ടു വരുന്നു. ബിപി നിയന്ത്രിക്കാന്‍ ആദ്യം വേണ്ടത് അമിതമായ വണ്ണം ഉണ്ടെങ്കില്‍ കുറയ്ക്കുകയാണ്.
ഭക്ഷണത്തില്‍ വേണം ശ്രദ്ധ
അമിതവണ്ണം കുറയ്ക്കാനായി പ്രധാന ആഹാര സമയങ്ങള്‍ക്കിടയ്ക്കുള്ള ലഘുഭക്ഷണം ഒഴിവാക്കുക. പഞ്ചസാര ചേര്‍ക്കാത്ത ധാന്യങ്ങള്‍ കഴിക്കുക. ഉണങ്ങിയവയെക്കാള്‍ വേവിച്ച ഭക്ഷണം ഉപയോഗിക്കുക. ജലത്തിന്റേയും നാരിന്റേയും അളവ് കൂടുതലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ ഉപയോഗിക്കുക. പയറുവര്‍ഗങ്ങള്‍, കാരറ്റ്, ബീന്‍സ് മുതലായവ. സസ്യഭുക്കുകളില്‍ രക്താതിമര്‍ദം ഉള്ളവര്‍ കുറവാണെന്നു പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. അതുകൊണ്ടു തന്നെ ബിപി കുറയ്ക്കുവാന്‍ ആഹാരത്തില്‍ നിന്നും മാംസ ഭക്ഷണം പ്രത്യേകിച്ചും ബീഫ് കുറയ്ക്കുകയോ കഴിയുമെങ്കില്‍ ഉപേക്ഷിക്കുകയോ ആണ് വേണ്ടത്. സസ്യഭുക്ക് ആയിട്ടുള്ള ഒരാളിന് രക്താതിസമ്മര്‍ദവും ഹൃദയവുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങളും തരണം ചെയ്യുവാന്‍ കഴിയും. ഇറച്ചി കഴിക്കണമെന്നു നിര്‍ബന്ധമുള്ളവര്‍ അതോടൊപ്പം സാലഡ് രൂപത്തില്‍ ധാരാളം പച്ചക്കറികളും കഴിക്കാന്‍ ശ്രദ്ധിക്കണം.
വെളുത്തുള്ളി, മുരിങ്ങയില, ചുവന്നുള്ളി, സവാള, കാന്താരിമുളക്, നെല്ലിക്ക, കുമ്പളങ്ങ, ചീനി, അമരയ്ക്ക, കത്തിരിക്ക, ചുണ്ടയ്ക്ക, വഴുതനങ്ങ, വെണ്ടയ്ക്ക, നിത്യവഴുതന എന്നിവ ബിപി നിയന്ത്രണത്തിനു സഹായിക്കുന്നു. പക്ഷേ, നെല്ലിക്ക ഉപ്പിലിട്ടു കഴിക്കരുത്. അസിഡിറ്റി പ്രശ്‌നമുള്ളവര്‍ കാന്താരി ഉപയോഗിക്കരുത്. ഇന്തുപ്പ് സാധാരണ ഉപ്പിനെ അപേക്ഷിച്ച് ബിപി രോഗമുള്ളവര്‍ക്ക് നല്ലതാണ്. സാധാരണ ഉപ്പ് സോഡിയം ക്ലോറൈഡ് ആണ്. ഇന്തുപ്പില്‍ പൊട്ടാസ്യമാണ് ഉള്ളത്. ഇതു ബിപി കുറയ്ക്കും. ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. എന്നാല്‍ വൃക്കരോഗം ഉള്ളവരോ വൃക്കരോഗ സാധ്യതയുണ്ടെന്നു കണ്ടവരോ ഇന്തുപ്പ് ഉപയോഗിക്കരുത്.
ഉപ്പിലിട്ടതും അച്ചാറും വേണ്ട
മദ്യം കഴിക്കരുത്. ഇറച്ചി, പാല്‍, മുട്ട, വെണ്ണ ഇവ കഴിക്കാതിരിക്കുന്നതിലൂടെ ശരീരത്തില്‍ അടിഞ്ഞുകൂടാനിടയുള്ള അമിത കൊഴുപ്പിനെ അകറ്റുവാന്‍ കഴിയും. കുക്കിങ് ഓയില്‍, പഞ്ചസാര അടങ്ങിയിട്ടുള്ള സോഫ്റ്റ് ഡ്രിങ്ക്‌സ്, ഐസ്‌ക്രീം, ബേക്കറി പലഹാരങ്ങള്‍ ഇവ ഒഴിവാക്കുക. പാല്‍ക്കട്ടി (ചീസ്)യിലുള്ള ടൈറാമിന്‍ ബിപി വര്‍ധിപ്പിക്കുന്നതായി കാണുന്നു. അതുകൊണ്ട് ഉപയോഗം നിയന്ത്രിക്കുക.
ബിപി കുറയ്ക്കാന്‍ വേണ്ടി ഉപേക്ഷിക്കേണ്ട ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സോഡിയം. ശരീരത്തിന് അധികമായി സോഡിയം ലഭിക്കുന്നത് ഉപ്പില്‍ നിന്നാണ്. ഇലക്കറികള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ സോഡിയം ലഭിക്കുന്നുണ്ട്. അതുകൊണ്ട് ഒരു ദിവസത്തേക്ക് ഏതാണ്ട് ഒരു ടീസ്പൂണിന്റെ എട്ടില്‍ ഒന്ന് ഭാഗം ഉപ്പ് മാത്രം മതിയാകും. ശരീരത്തില്‍ ആകെ എത്തുന്ന ഉപ്പിന്റെ അളവ് കുറയ്ക്കണമെങ്കില്‍ ബേക്കറി സാധനങ്ങളും അച്ചാറും പൂര്‍ണമായി ഒഴിവാക്കേണ്ടി വരും
.