മനസ്സും ശരീരവും എപ്പോഴും ഊര്‍ജസ്വലമായിരിക്കാന്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കീടനാശിനികളില്‍ മുങ്ങിവരുന്ന പച്ചക്കറികളും പഴങ്ങളുമാണ് ഇന്ന് നമുക്ക് കിട്ടുന്നതിലേറെയും അതു കൊണ്ടുതന്നെ അവ വ്യത്തിയാക്കുന്നതിലും കരുതല്‍ വേണം
കഴുക്കാന്‍ പുളിവെളളവും വിനാഗിരി ലായനിയും
പച്ചക്കറികള്‍ കടയില്‍ നിന്ന് വാങ്ങിക്കൊണ്ടുവന്നശേഷം വിനാഗിരി ലായനിയിലോ വാളന്‍പുളിവെളളത്തിലോ പത്തു മിനിറ്റുവരെ മുക്കിവെക്കുന്നത് അവയിലുളള കീടനാശിനികളുടെ അംശം മിതപ്പെടുത്താന്‍ സഹായിക്കും. മഞ്ഞള്‍പ്പൊടി വെളളത്തില്‍ മുക്കിവെക്കുന്നതും നല്ലതാണ്. പത്തുമിനിറ്റിനുശേഷം പച്ചക്കറികളെടുത്ത് ടാപ്പിലെ വെളളത്തില്‍ നന്നായി ഉരച്ചുകഴുകാം.
പുളിവെളളം – ഒരു നെല്ലിക്ക വലുപ്പത്തില്‍ വാളന്‍ പുളിയെടുത്ത് ഒരു ലിറ്റര്‍ വെളളത്തില്‍ പിഴിഞ്ഞെടുത്ത് ലായനിയുണ്ടാക്കാം.
വിനാഗിരിവെളളം – ഒരു ലിറ്റര്‍ വെളളത്തില്‍ രണ്ട് ടീസ്പൂണ്‍ വിനാഗിരി ചേര്‍ത്ത് മിശ്രിതം തയ്യാറാക്കാം.
ഫ്രിഡ്ജില്‍ വെക്കുമ്പോള്‍
പച്ചക്കറികള്‍ കഴുകി വ്യത്തിയാക്കി, വെളളം നന്നായി വാര്‍ന്നു പോയശേഷം മാത്രം ഫ്രിഡ്ജിലെടുത്തുവെക്കുക. ഓരോ പച്ചക്കറിയും വേര്‍തിരിച്ച് വ്യത്യസ്ത ബോക്‌സുകളിലാക്കി സൂക്ഷിക്കുന്നതായിരിക്കും നല്ലത്. ബോക്‌സാണെങ്കിലും കവറാണെങ്കിലും നന്നായി അടച്ച ശേഷം മാത്രം വെക്കുക ജലാംശം നഷ്ടപ്പെടാനുളള സാധ്യത ഇതിലൂടെ കുറയ്ക്കാം.
കടുവന്ന പച്ചക്കറികള്‍ പെട്ടെന്നു തന്നെ എടുത്തുമാറ്റണം. ഇല്ലെങ്കില്‍ പൂപ്പലടക്കമുളളവ മറ്റു പച്ചക്കറികളിലേക്ക് പരക്കാനും ഫ്രിഡ്ജില്‍ രോഗാണുക്കള്‍ വളരാനുമിടയാക്കും.
പച്ചക്കറികളും പഴങ്ങളും വാങ്ങുമ്പോള്‍ കേടുപാടുകളില്ലാത്തവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.