in , , , , , , , ,

ലോകത്തെ സ്ത്രീകള്‍ക്ക് അഭിമാനിക്കാം, യു എ ഇയിലെ ഈ പെണ്‍കരുത്തിനെ

Share this story

യു.എ.ഇയുടെ ചാവ്വാ പര്യവേഷണ ഉപഗ്രഹത്തിന് ചുക്കാന്‍പിടിച്ചത് ഈ പെണ്‍വിരലുകള്‍ കൊണ്ട്

തങ്ങളുടെ ആദ്യ ചൊവ്വാ പര്യവേഷണ ഉപഗ്രഹമായ ‘ഹോപ് പ്രോബ്’ ഭ്രമണപഥത്തിലെത്തിച്ചതോടെ ബഹിരാകാശ ഗവേഷണരംഗത്ത് പുത്തന്‍ ചുവടുടപ്പിച്ചിരിക്കുകയാണ് യു.എ.ഇ. ഈ ലക്ഷ്യം കൈവരിക്കുന്ന അഞ്ചാമത്തെ രാജ്യവും ആദ്യ അറബ് രാജ്യവുമാണ് യുഎഇ. എന്നാല്‍ ഈ വിജയ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ എണ്‍പത് ശതമാനവും സ്ത്രീകളാണെന്ന് അറിഞ്ഞാലോ, നേട്ടത്തിന് തിളക്കമേറും.
ഈ വനിതാ സംഘത്തെ നയിച്ചതു തന്നെ നൂതന സാങ്കേതികവിദ്യാ വകുപ്പ് മന്ത്രി സാറ ബിന്‍ത് യൂസഫ് അല്‍ അമിരിയാണ്. അവിടെ നിന്ന് തുടങ്ങുന്നു സംഘത്തിലെ വനിതാ പങ്കാളിത്തം. ശാസ്‌ത്രേതര ജീവനക്കാരിലും മുപ്പത്തിനാല് ശതമാനവും സ്ത്രീകളാണ്. ‘ഞങ്ങളുടെ ശാസ്ത്രജ്ഞരുടെ ടീമില്‍ 80 ശതമാനം ആളുകളും സ്ത്രീകളാണ്. അവര്‍ ഏതെങ്കിലും ശുപാര്‍ശകൊണ്ട് ഇവിടെവരെ എത്തിയവരല്ല. കഴിവുകൊണ്ടും ഈ ദൗത്യത്തിന് നല്‍കി സംഭാവനകള്‍കൊണ്ടുമാണ് അവര്‍ ഈ ടീമില്‍ അംഗമായത്.’ അല്‍ അമിരി തന്റെ ടീമിനെ പറ്റി പറയുന്നത് ഇങ്ങനെ.
ബഹിരാകാശ ഗവേഷണരംഗത്തെ പന്ത്രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയിലോ മന്ത്രിയായതിന് ശേഷമോ ഇതുവരെ സ്ത്രീയെന്ന നിലയിലുള്ള പ്രതികൂല സാഹചര്യങ്ങളെ ഒന്നും തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും അല്‍-അമിരി പറയുന്നു.
ചെറിയൊരു രാജ്യം, വളരെ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് വിജയപഥത്തിലെത്തിച്ച ദൗത്യത്തിനു നേതൃത്വം നല്‍കിയ അല്‍ അമിരി മുപ്പത്തിനാല് വയസ്സിനുള്ളില്‍ കീഴടക്കിയ ഉയരങ്ങള്‍ ചെറുതൊന്നുമല്ല. ചെറുപ്പം മുതലേ ആകാശത്തിലെ നക്ഷത്രങ്ങളെ സ്വപ്നം കണ്ട ആ പെണ്‍കുട്ടി തന്റെ രാജ്യത്തെ നക്ഷത്രങ്ങള്‍ക്കൊപ്പം എത്തിച്ചിരിക്കുയാണ് ഇപ്പോള്‍.

2004 ല്‍ ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജയില്‍ നിന്ന് കംപ്യൂട്ടര്‍ എഞ്ചിനീയറിങില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടി. പിന്നീട് 2009-ല്‍ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററില്‍ ജോലിക്കു ചേര്‍ന്ന അല്‍ അമിരി, മാര്‍സ് മിഷന്‍ ആരംഭിക്കുമ്പോള്‍ അതിന്റെ ഡപ്യൂട്ടി പ്രോജക്ട് മാനേജരായി. മൂന്നു വര്‍ഷം മുന്‍പ് മന്ത്രിസഭയില്‍ അംഗമായി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതലാണ് യുഎഇ സ്‌പേസ് ഏജന്‍സിയുടെ ചെയര്‍വുമണായത്. യുഎഇ കൗണ്‍സില്‍ ഓഫ് സയന്റിസ്റ്റ്‌സ് ചെയര്‍വുമണ്‍ കൂടിയാണ് അല്‍ അമിരി. 2020 ലെ ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളില്‍ ഒരാളായി സാറാ അല്‍ അമിരയെ ബിബിസി തിരഞ്ഞെടുത്തിരുന്നു.
കഴിവു മാത്രം മാനദണ്ഡമാക്കി സാറ അല്‍ അമിരി രൂപീകരിച്ച ദൗത്യസംഘത്തിലെ അംഗങ്ങളുടെ ശരാശരി പ്രായം 27 വയസ്സാണ്. ‘ഇതെന്താ കുട്ടിക്കളിയാണോ?’ എന്ന പരിഹാസമാണു തുടക്കത്തില്‍ കേള്‍ക്കേണ്ടി വന്നതെന്ന് അവര്‍ പറയുന്നു.
‘എത്രയധികം യോഗ്യതകളുണ്ടെങ്കിലും ഹിജാബ് ധരിച്ചതിന്റെ പേരില്‍ ലോകം ഞങ്ങളെ പിന്തള്ളിയിട്ടുണ്ട്. എന്നാലിപ്പോള്‍ അവര്‍ക്കെല്ലാം മുന്‍പില്‍ ഞങ്ങള്‍ക്ക് എന്തൊക്കെ കഴിയുമെന്നു തെളിയിച്ചു’ ഹോപ് പ്രോബിന്റെ അള്‍ട്രാവയലറ്റ് സ്‌പെക്ട്രോമീറ്റര്‍ വികസിപ്പിച്ച സംഘാംഗമായ കെമിക്കല്‍ എന്‍ജിനീയര്‍ ഫത്മ ലൂത ദൗത്യവിജയത്തിനു ശേഷം പ്രതികരിച്ചത് ഇങ്ങനെയാണ്.

ജലദോഷം, പനി എന്നിവ ഉള്ളവര്‍ ആന്റിജന്‍ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ്

നിർദ്ധനരായ അർബുദ രോഗികൾക്കുള്ള സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു