- Advertisement -Newspaper WordPress Theme
covid-19കോവിഡ് മഹാമാരിക്ക് പിന്നില്‍ കാലാവസ്ഥ വ്യതിയാനമോ?

കോവിഡ് മഹാമാരിക്ക് പിന്നില്‍ കാലാവസ്ഥ വ്യതിയാനമോ?

കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി പരിസ്ഥിതിവാദികള്‍ നല്‍കുന്ന മുന്നറിയിപ്പുകളൊന്നും പല രാജ്യങ്ങളിലെയും സര്‍ക്കാരുകളും വ്യവസായ ലോകവും പലപ്പോഴും കേട്ടെന്നു നടിക്കാറില്ല. മഞ്ഞുരുകുന്നതും കടല്‍നിരപ്പ് കൂടുന്നതും ആവാസ വ്യവസ്ഥകള്‍ക്കു മാറ്റമുണ്ടാകുന്നതും ഉള്‍പ്പെടെ കാലാവസ്ഥാ വ്യതിയാനം മൂലം നമ്മെ കാത്തിരിക്കുന്ന പല ദുരന്തങ്ങളുമുണ്ട്. എന്നാല്‍ ഇന്ന് ലോകത്തെത്തന്നെ തകിടം മറിച്ച കോവിഡ്-19 മഹാമാരി പോലും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഒരു ഉപോത്പന്നമായിരിക്കാം എന്ന് പുതുതായി പുറത്തു വന്ന ഒരു ഗവേഷണ പഠനം ചൂണ്ടിക്കാണിക്കുന്നു. കോവിഡ് മാത്രമല്ല 2002-03 കാലഘട്ടത്തിലുണ്ടായ സാര്‍സ് മഹാമാരിയും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കാരണമാകാമെന്ന് സയന്‍സ് ഓഫ് ദ് ടോട്ടല്‍ എന്‍വയണ്‍മെന്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. ഹരിതഗൃഹ വാതകങ്ങള്‍ രോഗാണുവാഹകരായ വവ്വാല്‍ ഇനങ്ങളുടെ വ്യാപനത്തെ വ്യത്യാസപ്പെടുത്തിയിട്ടുണ്ടാകാമെന്ന് ഗവേഷണ റിപ്പോര്‍ട്ട് അനുമാനിക്കുന്നു.ദക്ഷിണ യുനാന്‍ പ്രവിശ്യയിലും സമീപത്തെ മ്യാന്‍മര്‍, ലാവോസ് പ്രദേശങ്ങളിലും വവ്വാല്‍ ഇനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കാലാവസ്ഥാ വ്യതിയാനം വഴിവച്ചതായി പഠനറിപ്പോര്‍ട്ട് പറയുന്നു. ഇത് വവ്വാല്‍ ജന്യ വൈറസുകളായ സാര്‍സ് കോവ്-1, സാര്‍സ് കോവ്-2 വൈറസുകളുടെ ഉത്ഭവത്തെയും സ്വാധീനിച്ചിട്ടുണ്ടാകാം. ഒരു പ്രദേശത്തെ കൊറോണ വൈറസ് കുടുംബങ്ങളുടെ എണ്ണം അവിടുത്തെ പ്രാദേശിക വവ്വാല്‍ ഇനങ്ങളുടെ എണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. വവ്വാല്‍ ഇനങ്ങളുടെ എണ്ണം കൂടുമ്പോള്‍ കൂടുതല്‍ കൊറോണ വൈറസ് ഇനങ്ങളും അവിടെയുണ്ടാകും. മ്യാന്‍മര്‍, ലാവോസ് പ്രദേശങ്ങളില്‍ കാലാവസ്ഥാ മാറ്റം മൂലം 40 ഓളം വവ്വാല്‍ ഇനങ്ങളുടെ വര്‍ധന ഉണ്ടായിട്ടുണ്ട്. ഒരു വവ്വാല്‍ ഇനം ശരാശരി 2.67 കൊറോണ വൈറസുകളെ വഹിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത്തരത്തില്‍ നോക്കിയാല്‍ 40 വവ്വാല്‍ ഇനങ്ങള്‍ പുതുതായി ഉണ്ടാകുമ്പോള്‍ അതിനൊപ്പം നൂറോളം കൊറോണ വൈറസ് വകഭേദങ്ങളും പുതുതായി സൃഷ്ടിക്കപ്പെടും. എന്നാല്‍ പഠനത്തിലെ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കാന്‍ സസ്യജാലങ്ങളിലും ജീവി വര്‍ഗങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങളെ ബദല്‍ മാതൃകകള്‍ ഉപയോഗിച്ച് വിലയിരുത്തേണ്ടതുണ്ടെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. കേംബ്രിജ് സര്‍വകലാശാലയില്‍നിന്നുള്ളവര്‍ അടക്കമുള്ള ഗവേഷകരാണ് പഠനത്തില്‍ പങ്കെടുത്തത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme