ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ (എഎസ്ഡി) അഥവാ പെര്‍വസീവ് ഡെവലപ്പ്‌മെന്റല്‍ ഡിസോര്‍ഡര്‍ (പിഡിഡി) എന്നത് കേവലം ഒരു രോഗാവസ്ഥയുടെ പേരല്ല. സാമൂഹ്യമായ ഇടപെടലുകളിലെ പോരായ്മ, ആവര്‍ത്തിച്ചു കാണപ്പെടുന്ന ചില പെരുമാറ്റരീതികള്‍ തുടങ്ങിയ പല ലക്ഷണങ്ങള്‍ കൂടിയും കുറഞ്ഞും കാണപ്പെടുന്ന അനേകം അവസ്ഥകളുടെ കൂട്ടായ ഒരു പേരാണിത്. തലച്ചോറിലെ ചില വ്യത്യാസങ്ങള്‍ മൂലമുണ്ടാകുന്ന വികസന വൈകല്യമാണ് ഓട്ടിസം. ഇതില്‍ ഓട്ടിസ്റ്റിക്ക് ഡിസോര്‍ഡര്‍, ആസ്പെര്‍ഗര്‍ സിന്‍ഡ്രോം, റെറ്റ് സിന്‍ഡ്രോം, പെര്‍വസീവ് ഡെവലപ്പ്‌മെന്റല്‍ ഡിസോര്‍ഡര്‍- നോട്ട് അതര്‍വൈസ് സ്‌പെസിഫൈഡ് (PDD-NOS) എന്നിങ്ങനെ പല രോഗാവസ്ഥകള്‍ ഉള്‍പ്പെട്ടിരിക്കുന്നു.
ഓട്ടിസം ജനിതകമാണോ?
കുട്ടികളില്‍ മൂന്ന് വയസിനു മുന്‍പേ ഇത് ആരംഭിക്കുകയും ജീവിതത്തിലുടനീളം നീണ്ടു നീക്കുകയും ചെയ്യുന്നു. ചില കുട്ടികള്‍ക്ക് എഎസ്ഡിയുമായി ബന്ധപ്പെട്ട റെറ്റ് സിന്‍ഡ്രോം അല്ലെങ്കില്‍ ഫ്രാഗൈല്‍ എക്‌സ് സിന്‍ഡ്രോം പോലുള്ള ജനിതക രോഗങ്ങള്‍ പാരമ്പര്യമായി ലഭിക്കുന്നതിനാല്‍ ഇതില്‍ ജനിതക ഘടകങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നു.
കൂടാതെ ഗര്‍ഭകാലത്തെ മരുന്നുകള്‍, വൈറല്‍ അണുബാധ, ഗര്‍ഭകാലത്തെ സങ്കീര്‍ണതകള്‍ അല്ലെങ്കില്‍ ചില വസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുക എന്നിവ ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്നും എഎസ്ഡിയുടെ സാധ്യത വര്‍ധിപ്പിക്കാമെന്നും ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യ ഓട്ടിസം സെന്ററിന്റെ കണക്ക് പ്രകാരം 68 കുട്ടികളില്‍ ഒരാള്‍ക്ക് വീതം ഓട്ടിസം ഉണ്ടാകുന്നുണ്ട്. പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളിലാണ് ഓട്ടിസം ലക്ഷണങ്ങള്‍ കൂടുതലായി കാണാറുള്ളത്. ഓട്ടിസം പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാനാകില്ല. എന്നാല്‍ നേരത്തെ കണ്ടെത്തുന്നത് കുട്ടികളെ പരിശീലിപ്പിക്കുന്നതിന് സഹായിക്കും. അതില്‍ പ്രധാനം കുട്ടികളുടെ തലച്ചോറിന്റെ പ്ലാസ്റ്റിസിറ്റിയാണ്. അതായത് ചെറുപ്പകാലത്ത് ബന്ധങ്ങള്‍ രൂപപ്പെടുത്താനും കൂടുതല്‍ ഫലപ്രദമായി പൊരുത്തപ്പെടാനും കഴിയും.
ചരിത്രം
1911 ല്‍ സ്വിസ് മനഃശാസ്ത്രജ്ഞനായിരുന്ന യൂജിന്‍ ബ്ള്യൂലര്‍ ആണ് ‘ഓട്ടിസം’ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. ചില സ്‌കിസോഫ്രീനിയ രോഗികളില്‍ കണ്ടിരുന്ന കഠിനമായ സാമൂഹ്യ ഉള്‍വലിവിനെ സൂചിപ്പിക്കാനാണ് അദ്ദേഹം ഈ വാക്ക് ഉപയോഗിച്ചത്. 1943 ല്‍ ലിയോ കാനര്‍ എന്ന ശാസ്ത്രജ്ഞന്‍ ഓട്ടിസം എന്നത് സാമൂഹ്യമായും വികാരപരമായും കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണെന്ന് കണ്ടെത്തി.
അക്കാലത്തു തന്നെ ഓട്ടിസം എന്നത് സാധാരണ ബുദ്ധിവൈഭവം ഉള്ള കുട്ടികളില്‍ കാണപ്പെടുന്ന സാമൂഹ്യ ഇടപെടലുകളിലും ആശയവിനിമയത്തിലുമുള്ള കുറവാണ് എന്ന് ഹാന്‍സ് ആസ്പര്‍ഗര്‍ നിരീക്ഷിച്ചു. ഇവയുടെ ചുവടുപിടിച്ച് നടന്ന പഠനങ്ങളുടെ ഫലമായി 1980 ല്‍ ഓട്ടിസം എന്നത് സ്‌കിസോഫ്രീനിയ എന്നതില്‍ നിന്ന് വേറിട്ട ഒരു രോഗാവസ്ഥയാണെന്ന് കണ്ടെത്തി.
ഓട്ടിസം ബാധിതരില്‍ ആത്മഹത്യ നിരക്ക് കൂടുതല്‍
നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഓട്ടിസം ബാധിച്ചവരില്‍ ആത്മഹത്യ നിരക്ക് സാധാരണക്കാരെ അപേക്ഷിച്ച് 7.5 മടങ്ങ് കൂടുതലാണെന്നാണ്. ന്യൂറോടിപ്പിക്കല്‍ ലോകത്തിന്റെ പരമ്പരാഗത പ്രതീക്ഷകള്‍ക്ക് അനുസൃതമായി തങ്ങള്‍ പൊരുത്തപ്പെടുന്നില്ലെന്നാണ് ഉയര്‍ന്ന ഐക്യു ഉള്ള ഓട്ടിസം സ്‌പെക്ട്രത്തിലുള്ള ആളുകള്‍ ചിന്തിക്കുന്നത്. ഇത് ആത്മാഭിമാനക്കുറവിലേക്ക് കടുത്ത മാനസിക പ്രശ്‌നങ്ങളിലേക്കും തള്ളിവിടുന്നു. ഇത് ആത്മഹത്യപ്രവണതയിലേക്ക് നയിക്കാമെന്നും ഗവേഷകര്‍ പറയുന്നു. 2007 മുതലാണ് ഐക്യരാഷ്ട്രസഭ ലോക ഓട്ടിസം ദിനം ഏപ്രില്‍ രണ്ട് മുതല്‍ ആചരിക്കാന്‍ തുടങ്ങിയത്.
രോഗനിര്‍ണയം എങ്ങനെ ?
ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ നിര്‍ണയിക്കുന്നതിന് രക്തപരിശോധന പോലെയുള്ള മെഡിക്കല്‍ പരിശോധനകളൊന്നുമില്ല. രോഗനിര്‍ണയം നടത്താന്‍ കുട്ടിയുടെ വികസന ചരിത്രവും പെരുമാറ്റവും പഠിക്കണം. പല കുട്ടികളിലും വളര്‍ന്ന ശേഷമായിരിക്കും രോഗാവസ്ഥ തിരിച്ചറിയുക.
ദൈനംദിന പ്രവര്‍ത്തനത്തെയും ജീവിത നിലവാരത്തെയും തടസപ്പെടുത്തുന്ന ലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികിത്സയാണ് ഓട്ടിസം ബാധിതരായ കുട്ടികള്‍ക്ക് നല്‍കുന്നത്. ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ ഉള്ള കുട്ടികള്‍ എല്ലാവരും ഒരേ ലക്ഷണമല്ല കാണിക്കുന്നതെന്നതിനാല്‍ ചികിത്സകളിലും വ്യത്യാസമുണ്ടാകും.