- Advertisement -Newspaper WordPress Theme
BEAUTYകുട്ടികളിലെ ബുദ്ധിവികാസത്തിന്റെ നാഴികകല്ലുകള്‍

കുട്ടികളിലെ ബുദ്ധിവികാസത്തിന്റെ നാഴികകല്ലുകള്‍

നവജാതശിശുവിന്റെ ശാരീരിക വളര്‍ച്ച പോലെ തന്നെ ബുദ്ധി വികാസവും നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞുങ്ങള്‍ ശരിയായ നിലവാരത്തില്‍ വളരുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് ബുദ്ധിവികാസ പരിശോധന. ജനന സമയത്തെ തൂക്കക്കുറവ്, മാസം തികയാതെയുള്ള ജനനം, പലതരത്തിലുള്ള രോഗാണുബാധ തുടങ്ങിയവ കുഞ്ഞുങ്ങളുടെ സാധാരണ വളര്‍ച്ചയേയും, ബുദ്ധി വികാസത്തെയും പ്രതികൂലമായി ബാധിക്കുന്നു. അത് കൊണ്ട് തന്നെ കുഞ്ഞുങ്ങളുടെ വളര്‍ച്ചയും ബുദ്ധി വികാസവും നിരീക്ഷിക്കേണ്ടതുണ്ട്. വളര്‍ച്ചയിലും വികാസത്തിലുമുള്ള വ്യതിയാനങ്ങള്‍ എത്ര എത്രയും നേരത്തെ കണ്ടുപിടിക്കുന്നുവോ അത്രയും ഫലപ്രദമാണ് അത് വഴിയുള്ള ചികിത്സയും എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ബുദ്ധിവികാസത്തിന്റെ വിവിധ ഘട്ടങ്ങള്‍

· 2 മാസം തികയുമ്പോള്‍ മുഖത്ത് നോക്കി ചിരിക്കണം.

· 4 മാസം തികയുമ്പോള്‍ കഴുത്ത് ഉറക്കണം.

· 8 മാസം തികയുമ്പോള്‍ ഇരിക്കണം.

· 12 മാസം തികയുമ്പോള്‍ നില്‍ക്കണം.

2 മാസം തികയുമ്പോള്‍

· അമ്മയുടെ മുഖം തിരിച്ചറിയുവാനും മറ്റുള്ളവരുടെ മുഖത്ത് നോക്കി ചിരിക്കാനും തുടങ്ങുന്നു.

· ഏകദേശം 20 സെന്റിമീറ്റര്‍ ദൂരം വരെയുള്ള വസ്തുക്കള്‍ കാണുവാന്‍ സാധിക്കും.

· കണ്ണുകള്‍ സാവധാനം അനങ്ങുന്ന സാധനങ്ങളെ പിന്തുടരാന്‍ ശ്രമിക്കുന്നു.

· ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു.

3 മാസം തികയുമ്പോള്‍

· മറ്റുള്ളവരുടെ മുഖത്ത് നോക്കുമ്പോള്‍ തന്നെ ചിരിക്കാന്‍ ആരംഭിക്കുന്നു.

· കണ്ണിനു മുകളില്‍ കാണിക്കുന്ന കളിപ്പാട്ടത്തെ ഒരു വശത്തു നിന്നും മറുവശം വരെ പിന്തുടരുന്നു.

· ശബ്ദം കേള്‍ക്കുന്ന ഭാഗത്തേക്ക് തല തിരിക്കുന്നു.

· സ്വന്തം കൈ നോക്കി രസിക്കുന്നു.

· കമിഴ്ത്തി കിടത്തുമ്പോള്‍ കൈമുട്ടുകള്‍ താങ്ങി തലയും നെഞ്ചും പൊക്കി പിടിക്കാന്‍ ശ്രമിക്കുന്നു.

4 മാസം തികയുമ്പോള്‍

· കഴുത്ത് ഉറച്ചിരിക്കും.

· രണ്ട് കൈകളും ശരീരത്തിന്റെ മധദ്ധ്യഭാഗത്ത് നേര്‍ക്ക് ചേര്‍ത്ത് പിടിച്ച് കളിക്കുന്നു.

· വലിയ ശബ്ദം ഉണ്ടാക്കി ചിരിക്കാനുള്ള കഴിവ് ഉണ്ടാകുന്നു.

· കൈയ്യില്‍ കളിപ്പാട്ടം കൂടുതല്‍ സമയം പിടിച്ച് കളിക്കുന്നു.

5 മാസം തികയുമ്പോള്‍

· കൈ നീട്ടി സാധനങ്ങള്‍ വാങ്ങുന്നു.

· ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു.

· നിര്‍ത്തുമ്പോള്‍ കാലുകള്‍ നിലത്തുറപ്പിക്കുന്നു.

· കണ്ണാടിയില്‍ നോക്കി രസിക്കുന്നു.

· കാലില്‍ പിടിച്ച് കളിക്കുന്നു.

6 മാസം തികയുമ്പോള്‍

· കമിഴ്ന്നുകിടന്ന് കൈ കുത്തി തലയും നെഞ്ചും ശരീരത്തിന്റെ മുന്‍ഭാഗവും ഉയര്‍ത്തുന്നു.

· പരസഹായത്തോടു കൂടി അല്‍പസമയം ഇരിക്കുന്നു.

· കമിഴ്ത്തി കിടക്കുമ്പോള്‍ മലര്‍ന്ന് വീഴുന്നു.

· അപരിചിതരെ ഭയക്കുന്നു.

· മറ്റുള്ളവരെ അനുകരിച്ച് ശബ്ദങ്ങള്‍ ഉണ്ടാക്കുന്നു.

· ഇഷ്ടവും ഇഷ്ടക്കേടും പ്രകടിപ്പിക്കുന്നു.

7 – 9 മാസം തികയുമ്പോള്‍

· ഒരു കൈയ്യില്‍ നിന്നും മറു കൈയ്യിലേക്ക് സാധനങ്ങള്‍ മാറ്റുന്നു.

· പരസഹായമില്ലാതെ എഴുന്നേറ്റിരിക്കുന്നു.

· തപ്പു കൊട്ടല്‍, ‘ഒളിച്ചേ കണ്ടേ’ പോലുള്ള കളികള്‍ കളിക്കുന്നു.

· മുട്ടില്‍ ഇഴയുന്നു.

· പപപ… ബബബ… മമമ… പോലുള്ള ശബ്ദങ്ങള്‍ ഉണ്ടാക്കുന്നു.

· പിടിച്ച് നില്‍ക്കാന്‍ ആരംഭിക്കുന്നു.

9 – 12 മാസം തികയുമ്പോള്‍

· ബൈ – ബൈ – ടാറ്റാ കാണിക്കാന്‍ തുടങ്ങുന്നു.

· ആവശ്യമുള്ള സാധനങ്ങള്‍ കരച്ചില്‍ അല്ലാതെ മറ്റു മാര്‍ഗങ്ങളിലൂടെ മുതിര്‍ന്നവരെ അറിയിക്കുന്നു.

· സാധനങ്ങള്‍ നുള്ളി എടുക്കാന്‍ ആരംഭിക്കുന്നു.

· മറ്റുള്ളവരെ ചിരിപ്പിക്കാന്‍ പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ചു കാണിക്കുന്നു.

· കളിപ്പാട്ടങ്ങള്‍ കുലുക്കുക, അടിക്കുക, എറിയുക തുടങ്ങിയ രീതിയില്‍ ഉപയോഗിക്കുന്നു.

· പിടിക്കാതെ നില്‍ക്കാനും തനിയെ എഴുന്നേറ്റു നില്‍ക്കാനും ആരംഭിക്കുന്നു.

· കപ്പില്‍ നിന്നും സ്വന്തമായി വെള്ളം കുടിക്കാന്‍ ആരംഭിക്കുന്നു.

ഒരു വയസ്സ് തികയുമ്പോള്‍

· പാട്ടിനൊപ്പം ശരീരം അനക്കാന്‍ (നൃത്തം) ആരംഭിക്കുന്നു.

· ഒരു വാക്കെങ്കിലും സംസാരിക്കും (‘അമ്മ’ എന്ന വാക്കിനു പുറമേ).

· മറ്റുള്ളവരുടെ സംസാരം ശ്രദ്ധിക്കുന്നു.

· സ്വന്തമായി എഴുന്നേറ്റ് രണ്ടു സെക്കന്‍ഡ് നില്‍ക്കുന്നു.

12 – 15 മാസമാകുമ്പോള്‍

· പരസഹായമില്ലാതെ നടക്കാന്‍ ആരംഭിക്കുന്നു.

· കുനിഞ്ഞ് സാധനങ്ങള്‍ എടുക്കുന്നു (മുട്ട് മടക്കാതെ).

· വസ്തുക്കള്‍ ചൂണ്ടിക്കാണിക്കാന്‍ ശബ്ദങ്ങള്‍ ഉപയോഗിക്കുന്നു.

· ചിത്രങ്ങള്‍ 2 മിനിറ്റോളം ശ്രദ്ധിക്കുന്നു.

· രണ്ടു വാക്ക് സംസാരിക്കുന്നു.

· മറ്റുള്ളവരെ അനുകരിക്കാന്‍ ആരംഭിക്കുന്നു.

15 – 18 മാസം തികയുമ്പോള്‍

· സ്പൂണ്‍ ഉപയോഗിച്ച് ഭക്ഷണം കഴിക്കാന്‍ ആരംഭിക്കുന്നു.

· ചെറിയ ചെറിയ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നു.

· പേന / പെന്‍സില്‍ / ക്രയോണ്‍ ഉപയോഗിച്ച് കുത്തി വരയ്ക്കുന്നു.

· 5 – 6 വാക്കുകള്‍ സംസാരിക്കുന്നു.

· കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച് ശരിയായ രീതിയില്‍ കളിക്കുന്നു (ഉദാഹരണത്തിന് പാവയെ ഉറക്കുന്നു).

· കൂടുതല്‍ സമയവും ഒറ്റയ്ക്ക് കളിക്കാനായിരിക്കും ഇഷ്ടം.

· ശരീര ഭാഗങ്ങള്‍ തിരിച്ചറിയുന്നു.

· ഓടാനും പുറകിലോട്ട് നടക്കാനും നടക്കാനും ആരംഭിക്കുന്നു.

18 – 24 മാസം തികയുമ്പോള്‍

· വസ്ത്രങ്ങള്‍ സ്വന്തമായി മാറ്റാന്‍ ആരംഭിക്കുന്നു.

· ബുക്കുകളില്‍ നോക്കി ചിത്രങ്ങള്‍ തിരിച്ചറിയാന്‍ ആരംഭിക്കുന്നു.

· പരസഹായത്തോട് കൂടി പല്ലുതേയ്ക്കാന്‍ ആരംഭിക്കുന്നു.

· ഒളിച്ചു വയ്ക്കുന്ന സാധനങ്ങള്‍ കണ്ടെത്തുന്നു.

· കാല് കൊണ്ട് പന്ത് തട്ടുന്നു.

· 20 വാക്കുകളോളം സംസാരിക്കുന്നു.

· നിറങ്ങളും ആകൃതിയും അനുസരിച്ച് വേര്‍തിരിക്കാന്‍ ആരംഭിക്കുന്നു (Sorting).

· പരസഹായമില്ലാതെ പടിക്കെട്ട് കയറാന്‍ ആരംഭിക്കുന്നു.

മുകളില്‍ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുന്നത് വഴി ബുദ്ധി വികാസം വ്യതിയാനം കണ്ടുപിടിക്കാനും പ്രായത്തിനനുസരിച്ചുള്ള ചികിത്സ നല്‍കാനും കഴിയുന്നതാണ്. കുഞ്ഞിന്റെ ബുദ്ധി വികാസം അമ്മയും കുഞ്ഞുമായുള്ള ഇടപഴകലിനേയും ആശയവിനിമയത്തെയും ആശ്രയിച്ചിരിക്കുന്നു (വീട്ടിലുള്ള മുതിര്‍ന്നവര്‍) അതിനാല്‍ കുഞ്ഞിനൊപ്പം ചിലവിടാനായി കുറച്ച് സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

Thansi F. S.
Child Development Therapist
SUT Hospital, Pattom

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme