കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്നത്തെ ഈ സ്മാര്‍ട്ട് ഫോണിന്റെയും മറ്റും അമിത ഉപയോഗം കണ്ണുകളുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കണ്ണുവേദന, തലവേദന, കണ്ണില്‍നിന്നും വെള്ളം വരിക, ചൊറിച്ചില്‍ തുടങ്ങിയ രൂപത്തിലായിരിക്കും കണ്ണിലെ അസ്വസ്ഥതകള്‍ പ്രകടമാകുന്നത്. കൂടാതെ വായിക്കുമ്പോള്‍ വരികള്‍ മാറിപ്പോകുക, നോക്കുമ്പോള്‍ വസ്തുക്കള്‍ ചെറുതായിതോന്നുക, ഇതെല്ലാം കണ്ണിന്റെ ആയാസം വര്‍ധിക്കുന്നതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്. കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
പതിവായി സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കാനും ഫോണില്‍ നിന്നുള്ള നീലവെളിച്ചത്തില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കാനും സണ്‍ ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. കണ്ണുകള്‍ സംരക്ഷിക്കുന്നതിനായി ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദീര്‍ഘനേരത്തെ ഉപയോഗം കുറയ്ക്കണം. ഇടവേളകള്‍ എടുത്ത് കുറഞ്ഞത് 20 സെക്കന്‍ഡ് എങ്കിലും 20 അടി അകലെയുള്ള വേറെ എന്തെങ്കിലും വസ്തുവില്‍ നോക്കി വേണം പിന്നീട് ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നോക്കാന്‍.
കണ്ണില്‍ ചുവപ്പ് ചൊറിച്ചില്‍ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഐ ഡ്രോപ്പുകള്‍ ഉപയോഗിക്കാം. രോഗലക്ഷണങ്ങള്‍ കുറയ്ക്കുന്നതിന് നിങ്ങളുടെ കണ്ണുകളില്‍ തണുത്ത കംപ്രസ്സുകള്‍ ഉപയോഗിക്കുന്നതും നല്ലതായിരിക്കും. കോണ്‍ടാക്ട് ലെന്‍സുകള്‍ ഉപയോഗിക്കുന്നവര്‍ ആണെങ്കില്‍ അത് നന്നായി വൃത്തിയാക്കി വേണം ഉപയോഗിക്കാന്‍. കോണ്‍ടാക്ട് ലെന്‍സുകള്‍ അകത്തോ പുറത്തോ എടുക്കുന്നതിന് മുമ്പ് കൈകള്‍ നന്നായി കഴുകണം. കണ്ണിന് വേണ്ടിയുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. വിറ്റാമിന്‍ ഡിയും മറ്റും ലഭിക്കാനായി രാവിലെ സൂര്യപ്രകാശം ഏല്‍ക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നതും കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കാം. അതിനാല്‍ വെള്ളം ധാരാളം കുടിക്കാന്‍ ശ്രദ്ധിക്കണം. ദിവസവും കുറഞ്ഞ് എട്ട് ഗ്ലാസ് എങ്കിലും വെള്ളം കുടിക്കണം. കണ്ണുകളുടെ ആരോഗ്യത്തിന് പുകവലി ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്. അത് കാഴ്ചശക്തിയെ മെച്ചപ്പെടുത്താനും സഹായിക്കും.

കണ്ണുകളെ സംരക്ഷണത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. വൈറ്റമിനുകളായ എ, സി, ഇ എന്നിവയാണ് കണ്ണിന് വേണ്ടി നാം ഭക്ഷണത്തിലൂടെ ഉറപ്പിക്കേണ്ടത്. അതുപോലെ സിങ്കും ഭക്ഷണത്തിലൂടെ നാം ഉറപ്പിക്കേണ്ടതുണ്ട്. ഉയര്‍ന്ന അളവില്‍ മധുരമടങ്ങിയ ഭക്ഷണങ്ങള്‍, പ്രോസസ്ഡ് ഫുഡ്‌സ് എന്നിവ പതിവായി കഴിക്കുന്നത് ആകെ ആരോഗ്യത്തിന് ദോഷമാകുന്നതിനൊപ്പം തന്നെ കണ്ണുകള്‍ക്കും ദോഷമാണ്.
ഒമേഗ 3 ഫാറ്റി ആസിഡ്‌സ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കണ്ണിന് വളരെ നല്ലതാണ്.

ഡ്രൈ ഐ, എആര്‍എംഡി (ഏജ് റിലേറ്റഡ് മാക്യുകലാര്‍ ഡീജനറേഷന്‍). തിമിരം, ഗ്ലൂക്കോമ പോലുള്ള രോഗങ്ങളെ ചെറുക്കാന്‍ ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കുന്നു. മീന്‍ ആണ് ഒമേഗ 3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടം. മത്തി, ചൂര പോലുള്ള മീനുകളെല്ലാം ഏറെ നല്ലത്. അതുപോലെ നട്ട്‌സും സീഡ്‌സും കഴിക്കുന്നതും നല്ലതാണ്. കപ്പലണ്ടി, ബദാം, കശുവണ്ടി, പംകിന്‍ സീഡ്‌സ്, സണ്‍ഫ്‌ളവര്‍ സീഡ്‌സ്, ഫ്‌ലാക്‌സ് സീഡ്‌സ് എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാം. വെജിറ്റേറിയനായവര്‍ക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാനിവ സഹായകമാകും.
വൈറ്റമിന്‍സി, വൈറ്റമിന്‍ ഇ എന്നിവയാണ് അടുത്തതായി കണ്ണിന് അവശ്യം വേണ്ടത്. ഡ്രൈ ഐ പോലുള്ള പ്രശ്‌നങ്ങളെ അകറ്റാനും കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താനുമെല്ലാം ഇവ സഹായിക്കുന്നു. ഇലക്കറികള്‍ കഴിക്കുന്നതിലൂടെ വൈറ്റമിന്‍ സി നേടാനാകും. ഇതിന് പുറമെ സിട്രസ് ഫ്രൂട്ട്‌സ് എന്നറിയപ്പെടുന്ന പഴങ്ങളാണ് ഇതിന് കഴിക്കേണ്ടത്. ഓറഞ്ച്, മധുരനാരങ്ങ, ക്യാപ്‌സിക്കം, തക്കാളി, സ്‌ട്രോബെറി എന്നിവയെല്ലാം വൈറ്റമിന്‍ സിക്കായി കഴിക്കാവുന്നതാണ്. നട്ട്‌സും സീഡ്‌സും കഴിക്കുന്നതിലൂടെ ആവശ്യത്തിന് വൈറ്റമിന്‍ഇയും കിട്ടും.