in , , , , , , , ,

കയ്യിലുണ്ടാകുന്ന വിട്ടുമാറാത്ത തരിപ്പ് ശ്രദ്ധിക്കണം

Share this story

പലരിലും ഇന്ന് കണ്ടുവരുന്ന ഒരു അവസ്ഥയാണ് കൈമരവിപ്പ്. ഡോക്ടറെ സമീപിക്കുമ്‌ബോള്‍ ഇക്കൂട്ടര്‍ പൊതുവെ പറയുന്നത് രാത്രി ഉറങ്ങിക്കഴിഞ്ഞാല്‍ മരവിപ്പ് തുടങ്ങും.
ഒന്ന് കുടഞ്ഞ് തിരുമ്മിക്കഴിഞ്ഞാല്‍ കുറയും. പരിശോധനയില്‍ മനസ്സിലാകും കൈപ്പത്തിയിലെ വിരലുകള്‍ പ്രത്യേകിച്ചും തള്ളവിരല്‍, ചൂണ്ടാണിവിരല്‍, നടുവിരല്‍ ഇവയിലാണ് പ്രധാനമായും മരവിപ്പ് അനുഭവപ്പെടുന്നതെന്ന്. ജോലികള്‍ ചെയ്യുമ്‌ബോഴും മരവിപ്പ് അനുഭവപ്പെടാറുണ്ട്. പുകച്ചിലായും കടച്ചിലായും തരിപ്പായും വേദനയായും ഇത് അനുഭവപ്പെടാം. ഇത് ഒരുപക്ഷേ, കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം ആയിരിക്കാം.

നമ്മുടെ കൈയില്‍നിന്ന് കൈപ്പത്തിയിലേക്ക് പോകുന്ന ഒരു ഞരമ്ബുണ്ട്, മീഡിയന്‍ നെര്‍വ് എന്നാണിതിനെ പറയുക. ഈ ഞരമ്ബ് മണികണ്ഠത്തിലൂടെ ചെറിയൊരു ‘ടണല്‍’ പോലുള്ള സ്ഥലത്തുകൂടിയാണ് കൈപ്പത്തിയിലേക്ക് പ്രവേശിക്കുന്നത്. തുടര്‍ച്ചയായി മണികണ്ഠത്തില്‍ ആഘാതമേല്‍പിക്കുന്ന ജോലികള്‍, ഇതിലൂടെ കടന്നുപോകുന്ന തന്തുക്കള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നീര്‍വീഴ്ച ഉണ്ടാക്കുകയും ആ ഭാഗത്ത് വീക്കം ഉണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെയുള്ള വീക്കം ടണലിന്റെ ഉള്‍വിസ്താരം കുറയ്ക്കുകയും മീഡിയന്‍ നെര്‍വിനെ ഞെരുക്കുകയും ചെയ്യുന്നു. ഇത് മരവിപ്പായി നമുക്ക് അനുഭവപ്പെടുന്നു. എന്തെന്നാല്‍ മീഡിയന്‍ നെര്‍വ് ചെന്നെത്തുന്നത് തള്ളവിരല്‍, ചൂണ്ടുവിരല്‍, നടുവിരല്‍, മോതിരവിരലിന്റെ പകുതിഭാഗം ഇവയിലേക്കാണ്.

സ്ഥിരമായി, തുടര്‍ച്ചയായി കീബോര്‍ഡ് ഉപയോഗം, മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റ്, ടൈപ്പ്റൈറ്റിങ്, വൈബ്രേറ്റിങ് ടൂളുകള്‍, തയ്യല്‍, പാക്കിങ് ജോലി, ക്ലീനിങ്, അസംബ്ലിങ് ജോലികള്‍ ചെയ്യുന്നവരില്‍ ഇത് ഉണ്ടാവാന്‍ സാധ്യതയുണ്ട്. തുടര്‍ച്ചയായി മണികണ്ഠത്തെ ചലിപ്പിക്കുന്ന ജോലികള്‍ ചെയ്യുന്നവരില്‍ സാധ്യത കൂടുതലാണ്. ഭൂരിപക്ഷവും പ്രായപൂര്‍ത്തിയായവരിലാണ് ഇത് കണ്ടുവരുന്നത്. അതില്‍ത്തന്നെ കൂടുതലും സ്ത്രീകളില്‍. എന്നാല്‍ ജന്മനാതന്നെ മുന്‍പത്തെ ടണലിന്റെ വിസ്താരം കുറഞ്ഞവരിലും ഇത് ഉണ്ടായേക്കാം. ചിലതരം മുഴുകള്‍, ഒടിവ്, ചതവ് ഇവയും ഇതിന് കാരണമാകാറുണ്ട്. ഡയബറ്റിസ്, തൈറോയ്ഡ് രോഗം, പൊണ്ണത്തടി, സന്ധിവാതം മുതലായ രോഗങ്ങളും ഇതിന് കാരണമാകാറുണ്ട്.

ആദ്യമാദ്യം നിസ്സാരമായി തള്ളിക്കളയുമെങ്കിലും അധികരിച്ചാല്‍ അപകടകരമായ അവസ്ഥയിലേക്ക് എത്തിച്ചേരാന്‍ ഇടയുണ്ട്. ഈ മരവിപ്പ് വര്‍ധിച്ച് സാധനങ്ങള്‍ കൈകൊണ്ട് എടുക്കുവാന്‍ പറ്റാതെവരിക, എടുത്താല്‍തന്നെ കൈയില്‍നിന്ന് താഴെ വീണുപോകുക, കൈപ്പത്തിയില്‍ തള്ളവിരലിന്റെ താഴെ ഭാഗത്തുള്ള മസിലുകള്‍ക്ക് ശോഷണം സംഭവിക്കുക, ചൂടോ തണുപ്പോ തിരിച്ചറിയാന്‍ പറ്റാതെവരിക, കൈ നീരുകെട്ടിയതുപോലെ തോന്നുക മുതലായ സങ്കീര്‍ണമായ അവസ്ഥയിലേക്ക് കടക്കുന്നു. ചുരുക്കത്തില്‍, കൈകൊണ്ട് ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതി.

രോഗസാധ്യതയുള്ള ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ അടുപ്പിച്ച് തുടര്‍ച്ചയായി ജോലി ചെയ്യാതെ ഇടയ്ക്കിടക്ക് കൈയ്ക്ക് വിശ്രമം കൊടുക്കുന്നത് നല്ലതായിരിക്കും. ആ സമയങ്ങളില്‍ കൈപ്പത്തി നിവര്‍ത്തിയും ചുരുക്കിയും ചെറിയ ചെറിയ വ്യായാമം കൊടുത്തും ഒരുപരിധിവരെ ഇതിനെ മറികടക്കാം. തുടര്‍ച്ചയായി കീബോര്‍ഡ് ഉപയോഗിക്കുന്നവര്‍ റിസ്റ്റ്റെസ്റ്റ് എര്‍ഗൊണോമിക്ക് ഗ്ലൗ, മൗസ്പാഡ് ഇവ ഉപയോഗിക്കുന്നത് നല്ലതാണ്. കൈപ്പത്തിക്കും കുഴയ്ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ചെറുവ്യായാമങ്ങള്‍ ശീലമാക്കുകയും വേണം.

ഭക്ഷണശേഷം ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ടോ?

പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയിലെ അമിതമായ രക്തസ്രാവം അതി നൂതന ടെക്‌നോളജിയിലൂടെ നിയന്ത്രിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ്