തിരുവനന്തപുരം: പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയിലെ അമിതമായ രക്തസ്രാവം ഡിജിറ്റല്‍ സബ്‌സ്ട്രാക്ഷന്‍ ആന്‍ജിയോഗ്രാഫി മെഷീന്‍ ഉപയോഗിച്ചു സുഖപ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ്.
രണ്ട് മാസ്ം മുന്‍പ് 10 കോടി രൂപ ചെലവില്‍ ഇറക്കുമതി ചെയ്ത ഡിഎസ്എ മെഷീന്‍ ഉപയോഗിച്ച് മെഡിക്കല്‍ കോളജില്‍ ആദ്യമായാണ് ശസ്ത്രക്രിയ നടത്തിയത്. നാലുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ എഴുപത്തിയാറുകാരന്‍ സുഖം പ്രാപിച്ചു.
പ്രോസ്‌റ്റേറ്റ് ഗ്രന്ധിയുടെ സാധാരണ ഭാരം 30 ഗ്രാണാണെങ്കില്‍ 223ഗ്രാം ഭാരമുള്ള ഗ്രന്ഥിയുമായാണ് രോഗി മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി എത്തിയത്.
നിയന്ത്രിക്കാനാകാത്ത രക്തസ്രാവവും കടുത്ത മൂത്ര തടസവും ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഡിഎസ്എ മെഷീന്‍ ഉപയോഗിച്ചുള്ള പ്രോസ്‌റ്റേറ്റ് ആര്‍ട്ടറി എംബോളൈസേഷനിലൂടെ രക്തസ്രാവം നിര്‍ത്തിയത്.
ശരീരത്തില്‍ ഏതെങ്കിലും രക്തധമനിയില്‍ രക്തസ്രാവമുണ്ടായാല്‍ കണ്ടെത്തി തടയാന്‍ സഹായിക്കുന്ന ഉപകരണമാണ് ഡിഎസ്എമെഷീന്‍. യൂറോളജി വിഭാഗത്തിലെ ഡോക്ടര്‍മാരായ പി ആര്‍ സാജു, ഡോ എച്ച് വാസുദേവന്‍, ഡോ എം കെ മനു, റേഡിയോളജി വിഭാഗത്തിലെ ഡോ പ്രവീണ്‍, ഡോ അജയ് അലക്‌സ് എന്നിവര്‍ നേതൃത്വം നല്‍കി.