സ്ലീവ്ലെസ്സ് ഡ്രെസ്സുകള് ഇടുമ്പോള്‍ പല പെണ്‍കുട്ടികളേയും വലയ്ക്കുന്ന ഒന്നാണ് കൈക്കുഴയിലെ കറുപ്പ്. ഇത് പലപ്പോഴും നമ്മുടെ ആത്മവിശ്വാസത്തെപ്പോലും ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ സ്ലീവ്ലെസ് വസ്ത്രങ്ങളും കൈ ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ഉപേക്ഷിക്കുകയാണ് പലരും ചെയ്യുന്നത്.
എന്നാല്‍ ഈ കറുപ്പ് പലപ്പോഴും പെട്ടെന്നുണ്ടാകുന്നതല്ല. പതുക്കെ പതുക്കെയാണ് ഇത് കൈക്കുഴയില്‍ വ്യാപിക്കുന്നത്. എന്നാല്‍ ചില വീട്ടുമാര്‍ഗ്ഗങ്ങളിലൂടെ കൈക്കുഴയിലെ കറുപ്പ് നമുക്ക് ഇല്ലാതാക്കാം. അതെങ്ങനെയെന്ന് നോക്കാം.
കാരണങ്ങള്‍ പലവിധം
അമിതമായി വെയില്‍ കൊള്ളുന്നതാണ് പലപ്പോഴും ഇത്തരം കറുപ്പ് പാടുകള്‍ക്ക് പ്രധാന കാരണം. അള്‍ട്രാവയലറ്റ് രശ്മികള്‍ മെലാനിന്റെ കൃത്യമായ ഉത്പാദനത്തെ തടയുന്നു. ഇത് തൊലിപ്പുറത്ത് നിറവ്യത്യാസത്തിന് കാരണമാകുന്നു. കൂടാതെ കോസ്മെറ്റിക് ക്രീമുകളുടെ ഉപയോഗം, ഷേവിംഗ് ക്രീമുകള്‍ എന്നിവയെല്ലാം ഇത്തരത്തിലുള്ള പ്രശ്നത്തിന് കാരണമാകുന്നു.
രോഗലക്ഷണങ്ങള്‍
തുടര്‍ച്ചയായി വെയില്‍ ഏല്‍ക്കുമ്പോള്‍ ചര്‍മ്മത്തില്‍ കറുത്ത നിറത്തിലുള്ള പാടുകള്‍ ഉണ്ടാകുന്നു. മാത്രമല്ല ഷേവിംഗ് ക്രീമിന്റേയും ബ്ലേഡിന്റേയും ഉപയോഗം പല തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.
കറുപ്പ് നിറം മാറ്റാന്‍
പലപ്പോഴും പല സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും കൈക്കുഴയിലെ കറുപ്പ് നിറം മാറ്റാനായി നമ്മള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ ഉപയോഗിക്കുമ്പോള്‍ ഇത് കൂടുതല്‍ പ്രശ്നമാണ് ഉണ്ടാക്കുന്നത്.
പഴങ്ങളും പച്ചക്കറികളും
നമ്മുടെ അടുക്കളയില്‍ സ്ഥിരമായി ലഭിയ്ക്കുന്ന പഴങ്ങളും പച്ചക്കറികളും നല്ല ബ്ലീച്ചിങ് ഏജന്റായി ഉപയോഗിക്കാവുന്നതാണ്. പ്രകൃതി ദത്തമാണ് എന്നതിനാല്‍ തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുകയില്ല.
നാരങ്ങ ഉപയോഗിക്കാം
കയ്യിനു താഴെ കറുപ്പ് നിറമുള്ള സ്ഥലത്ത് നാരങ്ങ മുറിച്ചത് ഉരസുക. അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയുക. ഇത് കൈക്കുഴയിലെ കറുപ്പ് നിറം ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
വെള്ളരിക്കയും നല്ലൊരു വസ്തു
വെള്ളരിക്ക ഉപയോഗിച്ചും കൈക്കുഴയിലെ കറുപ്പകറ്റാം. വെള്ളരിക്കയുടെ കഷ്ണമെടുത്ത് കക്ഷത്തില്‍ ഉരസുക. ഇത് നിറം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും.
ഫേസ്പാക്കും ഉപയോഗിക്കാം
മുഖചര്‍മ്മത്തിനായി ഉപയോഗിക്കുന്ന ഫേസ്പാക്കുകള്‍ കൈക്കുഴയിലെ കറുപ്പകറ്റാനും ഉപയോഗിക്കാം. വെള്ളരിക്ക ജ്യൂസ്, നാരങ്ങ നീര്, മഞ്ഞള്‍ എന്നിവ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി പുരട്ടിയാല്‍ മതി.