in , ,

കേരളം ലക്ഷ്യമിട്ട് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങള്‍, കടല്‍ വഴി മയക്കുമരുന്ന് കടത്ത് വ്യാപകം

Share this story

രാജ്യാന്തര കമ്പോളത്തില്‍ 3000 കോടി വില വരുന്ന ലഹരിമരുന്ന് കോസ്റ്റഗാര്‍ഡ് പിടികൂടിയിരുന്നു

തിരുവനന്തപുരം: അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങള്‍ കേരളം ലക്ഷ്യമിടുന്നതായി സൂചന. കഴിഞ്ഞ 18ന് കോസ്റ്റ് ഗാര്‍ഡിന്റെ പിടിയിലായ ശ്രീലങ്കല്‍ ബോട്ടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേക്ഷണമാണ് ഇത്തരമൊരു സൂചന നല്‍കിയത്. എകെ 47 തോക്കുകള്‍ അടക്കം ആയുധങ്ങളും വലിയ ലഹരി മരുന്നു ശേഖരവുമായി 18നാണ്
3 ശ്രീലങ്കന്‍ ബോട്ടുകളും 19 പേരെയും കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുക്കുന്നത്. കടലില്‍ വെച്ചുള്ള രണ്ടാമത്തെ വലിയ ലഹരിമരുന്ന് വേട്ടയാണ് ഇത്. ഈമാസം അഞ്ചിന് മിനിക്കോയ് ദ്വീപ് ഭാഗത്തു നിന്നു 6 ശ്രീലങ്കന്‍ സ്വദേശികളുമായി ആകര്‍ഷ ദുവ എന്ന ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടികൂടിയിരുന്നു. ലഹരി മരുന്നു ശേഖരം ബോട്ടില്‍ നിന്നു കടലിലേക്ക് എറിഞ്ഞു എന്ന ക്യാപ്റ്റന്റെ മൊഴി അനുസരിച്ച് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത ഇവര്‍ റിമാന്‍ഡിലാണ്.
18ന് പിടിയിലായവരെ കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു. പ്രതികളെ കേന്ദ്ര നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അധികൃതര്‍ക്കു കൈമാറി. സമീപ കാലത്തെ ഏറ്റവും വലിയ ലഹരി , ആയുധ വേട്ടയോട് അനുബന്ധിച്ച് തുറമുഖത്ത് അതീവ സുരക്ഷയില്‍ ആയിരുന്നു നടപടികള്‍. മിനിക്കോയ് ദ്വീപിനു സമീപത്തു നിന്നു പിടിയിലായ ബോട്ടുകളില്‍ രവിഹാന്‍സി എന്ന ബോട്ടില്‍ നിന്നു അഞ്ച് എകെ 47 തോക്കുകളും 1000 വെടിയുണ്ടകളും 300 കിലോഗ്രാം ഹെറോയിനും കോസ്റ്റ് ഗാര്‍ഡ് കണ്ടെടുത്തിരുന്നു.
പിടികൂടിയ ലഹരി മരുന്ന് ശേഖരത്തിനു രാജ്യാന്തര കമ്പോളത്തില്‍ 3000 കോടി വിലവരും. രവിഹാന്‍സി ചതുറാണി, നീലിയ എന്നീ ബോട്ടുകളാണ് രാത്രിയോടെ വിഴിഞ്ഞത്ത് എത്തിച്ചത്. രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നു 15ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ പട്രോളിങിലാണ് 18ന് സംശയ സാഹചര്യത്തില്‍ മൂന്നു ബോട്ടുകള്‍ കണ്ടെത്തിയത്. മറ്റൊരു കപ്പലില്‍ നിന്നാണ് ഇവ ശേഖരിച്ചത് എന്നും ലക്ഷ്യ സ്ഥാനത്ത് എത്തിക്കുമ്പോള്‍ ഓരോ ജീവനക്കാര്‍ക്കും 5 ലക്ഷം വീതം വാഗ്ദാനം ചെയ്തിരുന്നതായും ക്യാപ്റ്റന്‍ വെളിപ്പെടുത്തി എന്നും അറിയിച്ചു.
പടിഞ്ഞാറന്‍ തീരത്ത് രണ്ടാഴ്ചയ്ക്കിടെ കോസ്റ്റ് ഗാര്‍ഡ് നടത്തുന്ന രണ്ടാമത്തെ ലഹരിമരുന്നു വേട്ടയാണിത്.
2020 നവംബറില്‍ കന്യാകുമാരിയില്‍ നിന്നു ശ്രീലങ്കന്‍ ബോട്ട് ഷെനയെ ആയുധവും ലഹരിമരുന്നുമായി കോസ്റ്റ് ഗാര്‍ഡ് പിടി കൂടിയിരുന്നു.

കൈക്കുഴയിലെ കറുപ്പകറ്റാന്‍ എളുപ്പവഴി

കളിക്കുന്നതിനിടെ കാല്‍വഴുതി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ മൂന്ന് വയസ്സുകാരന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രക്ഷകനായി