വീട്ടു മുറ്റത്തെ മികച്ച ഔഷധമാണ് പനികൂര്‍ക്ക. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ വളരെ പ്രയോജന പ്രദമാണ് പനികൂര്‍ക്ക. പനി. ചുമ, ശ്വാസകോശ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം അകറ്റാന്‍ ഏറെ നല്ലതാണ് പനികൂര്‍ക്ക. മിക്ക വീടുകളിലും പനികൂര്‍ക്കയുടെ ഇലയിട്ട വെള്ളം തിളപ്പിച്ച് ആവി പിടിക്കാറുണ്ട്. ഇത് പല രോഗങ്ങള്‍ക്കുമുള്ള മികച്ചൊരു പരിഹാര മാര്‍ഗമാണ്.
ഭൂമിയില് നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നാണ് ചെടി വളരുക.പെട്ടന്ന് വളരുന്നതും വളരെക്കാലം നീണ്ടുനില്‍ക്കുന്നതുമാണ് പനികൂര്‍ക്കയുടെ പ്രത്യേകത . ഏകദേശം 30-40 സെമീ ഉയരത്തിനപ്പുറത്തേക്ക് വളരാത്ത, കുറഞ്ഞ തോതില് പടര്ന്നു വളരുന്ന സ്വഭാവം കാണിക്കുന്ന വര്ഷം മുഴുവന് നിലനില്ക്കുന്ന ഔഷധിയാണിത്. വൃത്താകാരത്തില്‍ കാണപ്പെടുന്ന ഇതിന്റെ ഇലകള്‍ക്ക് 8 സെമീ നീളവും 5 സെന്റീ മീറ്ററില് കൂടുതല് വീതിയുമുണ്ടാകും. അനവധി ശാഖകളായി പൊട്ടിപ്പൊട്ടിയാണ് വളരുക. ശാഖകളുടെ അറ്റത്ത് പൂക്കള് കുലകളായി കാണപ്പെടുന്നു. തണ്ടും ഇലകളുമാണ് ഔഷധമായി ഉപയോഗിക്കുന്നത്.
നമ്മുടെ പുരയിടങ്ങളില് തണ്ടുകള് ഒടിച്ചു നട്ടാണ് പുതിയത് മുളപ്പിക്കുന്നത്. ചെടിയുടെ തണ്ടുകള്ക്ക് വെള്ളകലര്ന്ന പച്ചനിറമോ പര്പ്പിള് നിറം കലര്ന്ന പച്ചനിറമോ ആയിരിക്കും. വളപ്രയോഗമൊന്നും കൂടാതെ തന്നെ തഴച്ചു വളരുന്ന ഒന്നാണ് പനിക്കൂര്‍ക്ക എങ്കിലും കടലപ്പിണ്ണാക്ക് കുതിര്ത്ത് നേര്പ്പിച്ചൊഴിച്ചുകൊടുക്കുന്നതും നല്ലതാണ്…നന്നായി ഇളക്കിയിട്ട ചേര്ത്ത മണ്ണിലേക്ക് തണ്ടുകള് പറിച്ചുനട്ട് വളര്ത്തിയെടുക്കാം. പറച്ചുനടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കണം. ചെടിയുടെ ചുവട്ടില്വെള്ളം കെട്ടിനില്ക്കരുത്. അങ്ങനെ നിന്നാല് ചെടി മൊത്തം ചീഞ്ഞുപോവും. വേനല്ക്കാലത്ത് ഒരു ദിവസം ഇടവിട്ട് നനയ്ക്കാം. നല്ല പ്രതിരോധശേഷിയുള്ള ചെടിയാണ് പനിക്കൂര്ക്ക. എന്നാലും ചിലപ്പോള് ചില ചെടികള്ക്ക് രോഗങ്ങള് വരാറുണ്ട്. കീടങ്ങള് ഇവയെ സാധാരണഗതിയില് ആക്രമിക്കാറില്ല. വേരുചീയലാണ് പ്രധാനമായും കണ്ടുവരുന്ന രോഗം. തടത്തില് കൂടുതല് വെള്ളം നിര്ത്താതിരിക്കലാണ് പ്രതിവിധി.
കുട്ടികളുള്ള വീട്ടില് ഒരു ചുവട് പനിക്കൂര്ക്ക നിര്ബന്ധമായിരുന്നു. കുട്ടികള്ക്കുണ്ടാകുന്ന വിവിധരോഗങ്ങള്ക്ക് ശമനംനല്കുന്നതാണ് പനിക്കൂര്ക്കയുടെ ഇല. ഇതിന്റെ ഇല ചൂടാക്കി ഞെക്കിപ്പിഴിഞ്ഞെടുത്ത നീര് മൂന്നുനേരം മൂന്നുദിവസമായാണ് കുഞ്ഞുങ്ങള്ക്ക് നല്കുന്നത്. വയറിളക്കാനും ഗ്രഹണിരോഗത്തിനും ഇതിനെ നീര് ഉപയോഗിച്ചിരുന്നു. രോഗപ്രതിരോധ ശേഷി ലഭിക്കാന്‍ പനിക്കൂര്ക്കയുടെ ഇലചേര്ത്തവെള്ളം തിളപ്പിച്ചാറ്റി കഴിക്കുമായിരുന്നു.. ആയുര്വേദത്തില് വലിയ രാസ്‌നാദിക്കഷായം, വാകാദിതൈലം, ഗോപിചന്ദനാദിഗുളിക, പുളിലേഹ്യം എന്നിവയില് പനിക്കൂര്ക്ക ചേര്ക്കാറുണ്ട്. പനികൂര്ക്കയുടെ ഇല പിഴിഞ്ഞ നീര് കഫത്തിന് നല്ലൊരു ഔഷധമാണ്. ചുക്കുക്കാപ്പിയിലെ ഒരു ചേരുവയാണ് പനിക്കൂര്ക്ക. പനിക്കൂര്ക്കയില വാട്ടിപ്പിഴിഞ്ഞനീര് 5 മില്ലി വീതം സമം ചെറുതേനില് ചേര്ത്ത് കഴിച്ചാല് കുട്ടികള്ക്കും മുതിര്ന്നവര്ക്കുമുണ്ടാകുന്ന പനി ,ജലദോഷം, ശ്വാസം മുട്ട് തുടങ്ങിയ രോഗങ്ങള് മാറും. പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂര്ക്ക. പനിക്കൂര്ക്കയുടെ നീരു നല്ലൊരു ആന്റിബയോട്ടിക്കാണെന്നു കണ്ടെത്തിയിട്ടുണ്ട്.