കടുത്ത ചൂട്, വര്‍ധിച്ച ഈര്‍പ്പം, പൊടിക്കാറ്റ്, ജീവിതശൈലിയിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം വേനല്‍ക്കാലത്ത് ആരോഗ്യ പ്രശ്നങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ കാരണമാകാറുണ്ട്. നിര്‍ജ്ജലീകരണം മുതല്‍ ഭക്ഷ്യവിഷബാധ വരെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് വേനല്‍ക്കാല രോഗങ്ങളെ എളുപ്പത്തില്‍ പ്രതിരോധിക്കാന്‍ സാധിക്കും. ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ പ്രാധാന്യം ലഭിക്കാതെ വരുന്നത് പ്രശ്നങ്ങള്‍ വഷളാക്കും. വേനല്‍ക്കാലത്തെ സാധാരണ ആരോഗ്യ പ്രശ്നങ്ങളും അവയെ ഫലപ്രദമായി എങ്ങനെ തടയാമെന്നും നോക്കാം.
നിര്‍ജ്ജലീകരണം
ചൂട് വര്‍ധിക്കുമ്പോള്‍ ശരീരം കൂടുതല്‍ വിയര്‍ക്കും. ഇത് ശരീരത്തില്‍ നിന്ന് ജലാംശവും അവശ്യ ധാതുക്കളും നഷ്ടപ്പെടുന്നതിന് കാരണമാകും. ഇത് നിര്‍ജ്ജലീകരണം ഉള്‍പ്പെടെ തലകറക്കം, ക്ഷീണം, തലവേദന, വരണ്ട ചര്‍മ്മം എന്നീ അവസ്ഥകള്‍ക്കും കാരണമാകും.
എങ്ങനെ പ്രതിരോധിക്കാം :
ദാഹം തോന്നിയാലും ഇല്ലെങ്കിലും ധാരാളം വെള്ളം കുടിയ്ക്കുക. തണ്ണിമത്തന്‍, ഓറഞ്ച്, കക്കിരി തുടങ്ങീ ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. കാഫീന്‍ അടങ്ങിയ ഭക്ഷണപാനീയങ്ങള്‍, മദ്യം എന്നിവ ഒഴിവാക്കുക.
വിയര്‍പ്പ്, നിര്‍ജ്ജലീകരണം എന്നിവ മൂലം ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് മൂത്രത്തിന്റെ ഉത്പാദനം കുറയാന്‍ കാരണമാകും. ഇത് മൂത്രനാളിയില്‍ ബാക്ടീരിയകള്‍ വളരാന്‍ ഇടയാക്കുകയും യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍ (യുടിഐ) പോലുള്ള പ്രശ്നങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും
എങ്ങനെ പ്രതിരോധിക്കാം :
ധാരാളം വെള്ളം കുടിയ്ക്കാം.നല്ല ശുചിത്വം പാലിക്കുക.പൊതു ശൗചാലയങ്ങള്‍ ഉപയോഗിച്ചാല്‍ ശരിയായ ശുചിത്വം പാലിക്കുക.മൂത്രം പിടിച്ചുവയ്ക്കാന്‍ പാടില്ല.
മൂത്രമൊഴിക്കുന്ന ഭാഗം നനവില്ലാതെ സൂക്ഷിക്കുക. കോട്ടണ്‍ അടിവസ്ത്രങ്ങള്‍ മാത്രം ധരിക്കുക.ഉയര്‍ന്ന താപനില ഭക്ഷണത്തില്‍ ബാക്ടീരിയകള്‍ പെരുകാന്‍ ഇടയാക്കും. ഇത് ഭക്ഷ്യജന്യ രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കും. മാത്രല്ല ഓക്കാനം, ഛര്‍ദ്ദി, വയറുവേദന, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.
ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.ഭക്ഷണം അപ്പപ്പോള്‍ പാകം ചെയ്ത് കഴിക്കുക.മണിക്കൂറുകള്‍ക്ക് മുമ്പ് തയ്യാറാക്കി വച്ചിരിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കരുത്.ബാക്കി വന്ന ഭക്ഷണം ഉടന്‍ തന്നെ റഫ്രിജറേറ്ററില്‍ വയ്ക്കുക. റഫ്രിജറേറ്ററില്‍ വച്ച ഭക്ഷണം ഒരു ദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കരുത്.പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. താപനില വര്‍ധിക്കുമ്പോള്‍ ക്ഷീണം അനുഭവപ്പെടുന്നത് സാധാരണയാണ്. തലകറക്കം, ഓക്കാനം, അമിതമായ വിയര്‍പ്പ് എന്നീ അവസ്ഥകള്‍ക്ക് ഇത് കാരണമാകും. ചൂട് കഠിനമാകുമ്പോള്‍ ശരീരത്തിന് സ്വയം തണുപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും ഹീറ്റ് സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
വെയില്‍ കൂടുതലുള്ള സമയങ്ങളില്‍ പുറത്തിറങ്ങുന്നത് കുറയ്ക്കുക. പുറത്തിറങ്ങുമ്പോള്‍ തൊപ്പി, സണ്‍ഗ്ലാസ്, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ എന്നിവ ധരിക്കുക. വായു സഞ്ചാരമുള്ളതോ എയര്‍ കണ്ടീഷന്‍ ചെയ്തതോ ആയ ഇടങ്ങളില്‍ ചെലവഴിക്കുക. ഇലക്ട്രോലൈറ്റ് അടങ്ങിയ തേങ്ങാവെള്ളം പോലുള്ള പാനീയങ്ങള്‍ കുടിക്കുക.