കേരളത്തിൽ ഉടനീളം കടുത്ത ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. വീടിനകത്ത് പോലും ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്. കനത്ത ചൂടിലും ശരീരത്തിൽ തണുപ്പ് നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ മൂത്രാശയ രോഗങ്ങൾ അടക്കം പിടികൂടും. ഇതൊഴിവാക്കാനായി ധാരാളം വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്.
ചൂടുകാലമായതോടെ നിര്‍ജലീകരണം തടയാനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും തണ്ണിമത്തനെ ആശ്രയിക്കുന്നത് നിരവധിപേരാണ്. തണുത്തൊരു തണ്ണിമത്തൻ കഷ്ണം കഴിക്കുമ്പോഴുള്ള സുഖം ഒന്നുവേറെ തന്നെയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ലോഡുകണക്കിന് തണ്ണിമത്തനാണ് കേരളത്തിലെത്തുന്നത്.എന്നാൽ പഴങ്ങളിൽ കാർബൈഡ് പോലുള്ള രാസവസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇത്തരം രാസവസ്‌തുക്കൾ കാൻസറിന് വരെ കാരണമാകും.
തണ്ണിമത്തനിൽ കളർ കുത്തിവയ്ക്കുന്നതായും ആരോപണമുണ്ട്. എന്നാൽ ഇത്തരത്തിൽ മായം ചേർത്താൽ എളുപ്പം തിരിച്ചറിയാൻ സാധിക്കും. അതിനൊരു സൂത്രമുണ്ട്. എന്താണെന്നല്ലേ? ഇതിനൊരു ടിഷ്യൂ പേപ്പർ മാത്രമേ ആവശ്യമുള്ളൂ. ആദ്യം തന്നെ തണ്ണിമത്തൻ കഷ്ണങ്ങളാക്കുക. ഒരു കഷ്ണമെടുത്ത്, ഒരു ടിഷ്യൂ പേപ്പർ കൊണ്ട് നന്നായി തുടച്ചുകൊടുക്കുക. ടിഷ്യൂ പേപ്പറിന്റെ കളർ മാറിയിട്ടില്ലെങ്കിൽ തണ്ണിമത്തനിൽ കളർ ചേർത്തിട്ടില്ല. ഇനി അത് ചുവപ്പ് കളറോ മറ്റോ അയെങ്കിൽ മായം ചേർത്തിട്ടുണ്ടെന്നാണ് അർത്ഥം