PCOS രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിനും ഒരു പരിധിവരെ അകറ്റി നിര്‍ത്തുന്നതിനുമായി പോഷകങ്ങള്‍ നിറഞ്ഞതും ആരോഗ്യകരവുമായ ഭക്ഷണക്രമം പിന്തുടരുക, വര്‍ക്കൗട്ടുകളില്‍ അച്ചടക്കം പാലിക്കുക, തുടങ്ങിയ ജീവിതശൈലി മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.
പിസിഒഎസ് ഉള്ള സ്ത്രീകള്‍ അവരുടെ ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നതില്‍ വളരെ ശ്രദ്ധാലുവായിരിക്കണം, കൂടുതല്‍ വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. കാര്‍ബോഹൈഡ്രേറ്റ് കുറച്ചുകൊണ്ട് ഭക്ഷണത്തില്‍ പ്രോട്ടീന്‍, ഫൈബര്‍, ഒമേഗ-3 പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍, കാല്‍സ്യം എന്നിവ ഉള്‍പ്പെടുത്തണം.
നട്‌സ്, വിത്തുകള്‍, ധാന്യങ്ങള്‍ എന്നിവയുള്‍പ്പെടെ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. അതേസമയം ശുദ്ധീകരിച്ച മാവ്, സംസ്‌കരിച്ചതും പാക്കേജു ചെയ്തതുമായ ഭക്ഷണങ്ങള്‍, ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയുള്ള പഴങ്ങള്‍, നിങ്ങളുടെ പ്രത്യുല്‍പാദനക്ഷമതയ്ക്ക് ദോഷകരമായേക്കാവുന്ന മറ്റ് ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപഭോഗം പരിമിതപ്പെടുത്തുക.
PCOS ഡയറ്റ്
പിസിഒഎസ് ലക്ഷണങ്ങളെ ചെറുക്കാനും നിയന്ത്രിക്കാനുമുള്ള ഏറ്റവും നല്ല ഭക്ഷണക്രമമാണ് പ്രോട്ടീനുകളും കുറഞ്ഞ അളവില്‍ കാര്‍ബോഹൈഡ്രേറ്റുകളും ജോഡി ആക്കിയ ഭക്ഷണരീതി. ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ഹീമോഗ്ലോബിന്‍ നില വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിന് ഒക്കെ ഈ രീതി സഹായമാകും.
ഏറ്റവും പ്രധാനമായി, ദിവസം മുഴുവന്‍ ശരീരത്തില്‍ സുസ്ഥിരമായ രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ഇക്കാരണം കൊണ്ട് തന്നെ PCOS അപകടസാധ്യത കുറയ്ക്കുന്നതിന് പിന്തുടരാന്‍ നിര്‍ദ്ദേശിക്കപ്പെടുന്ന ഏറ്റവും മികച്ച ഭക്ഷണരീതികളില്‍ ഒന്നാണ് ഇതെന്ന് ഇന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
മെഡിറ്ററേനിയന്‍ ഭക്ഷണക്രമം അഥവാ DASH ഡയറ്റ് അല്ലെങ്കില്‍ സസ്യാഹാര രീതി പോലെയുള്ള ഭക്ഷണരീതികള്‍ യഥാര്‍ത്ഥത്തില്‍ പല സ്ത്രീകള്‍ക്കും PCOS ലക്ഷണങ്ങളെ ഒരു പരിധിവരെ ലഘൂകരിക്കാന്‍ സഹായം ചെയ്യുന്നതാണ്. കൂടാതെ പിസിഒഎസ് ഉള്ള സ്ത്രീകളില്‍ വീക്കം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ അധിക സങ്കീര്‍ണതകള്‍ ഉണ്ടെങ്കില്‍ അത് നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ വലിയ ആരോഗ്യ ആനുകൂല്യങ്ങള്‍ നല്‍കാനും ഇത് ഗുണം ചെയ്യും.
ശരീരഭാരം കുറച്ചാല്‍ PCOS നിയന്ത്രണത്തിലാക്കാനാകുമോ ?
ശരീരഭാരം കൂടുതലുള്ള ഒരാള്‍ പെട്ടെന്ന് ഭാരം കുറച്ചാല്‍ PCOS പോലെയുള്ള ഒരു രോഗാവസ്ഥയെ വേഗത്തില്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നും പലരും വിശ്വസിച്ചു വച്ചിരിക്കുന്നു. ഇത് പൂര്‍ണമായും ശരിയായ ഒരു ധാരണയല്ല. ശരീരഭാര വര്‍ദ്ധനവ് PCOS ന്റെ പാര്‍ശ്വഫലങ്ങളില്‍ പ്രധാനമാണെങ്കിലും അത് എല്ലാവരിലും ഒരുപോലെ സംഭവിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ശരീരഭാരം കൂടുതലുണ്ടെങ്കില്‍ അത് കുറയ്ക്കുന്നത് നിങ്ങളുടെ ശാരീരിക ആകൃതി മികച്ചതാക്കാനുള്ള ഒരു നല്ല മാര്‍ഗമാണ്. മാത്രമല്ല ചില സാഹചര്യങ്ങളില്‍ അത് PCOS ലക്ഷണങ്ങളില്‍ ചില ചെറിയ വ്യത്യാസങ്ങള്‍ കൊണ്ടുവരികയും ചെയ്‌തേക്കാം. ആര്‍ത്തവപ്രവാഹം ഒരു പരിധി വരെ ക്രമീകരിക്കാന്‍ അല്ലെങ്കില്‍ അവയെ ലഘൂകരിക്കാന്‍ ചിലരുടെ ശരീരപ്രകൃതി അനുസരിച്ച് ഇത്തരം മാറ്റങ്ങള്‍ സഹായിച്ചെന്നിരിക്കും. എന്നിരുന്നാലും, ഇത് പിസിഒഎസിന് ഉള്ള പൂര്‍ണ്ണമായ ചികിത്സയായി മാറുന്നില്ല.
കൃത്യമായതും ആരോഗ്യകരമായതുമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍, നമ്മള്‍ ചെയ്യുന്ന വര്‍ക്കൗട്ടുകളില്‍ പോലും, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുകയും ഇത്തരം അവസ്ഥ വീണ്ടും ഗുരുതരമാക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കുന്നത് അമിതഭാരമില്ലാത്ത ആളുകള്‍ക്ക് PCOS ന് ശുപാര്‍ശ ചെയ്യുന്ന ഒരു ചികിത്സാരീതി അല്ല.