പലര്‍ക്കും ഇടയ്ക്കിടെ അനുഭവപ്പെടാറുള്ള ഒന്നാണ് ഛര്‍ദ്ദി. എന്നാല്‍ ചിലരില്‍ ഇത് കൂടുതലായി കണ്ടുവരുന്നു. ഭക്ഷണശേഷം ഛര്‍ദ്ദിക്കാന്‍ തോന്നുന്നുവെന്ന് പലരും പരാതി പറയാറുണ്ട്. എന്താണ് ഇതിന് കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ? ആമാശയത്തിലെ വിവിധ അവസ്ഥകള്‍ മൂലമാണ് ഇത് സംഭവിക്കുന്നത്. ഭക്ഷണത്തിന് ശേഷം നിങ്ങള്‍ക്ക് തികട്ടി വരികയാണെങ്കില്‍ അതിന് പ്രധാന കാരണങ്ങള്‍ ഭക്ഷണ അലര്‍ജിയോ അണുബാധയോ ഭക്ഷ്യവിഷബാധയോ ആകാം. എന്നാല്‍, ഛര്‍ദ്ദി ഉണ്ടാക്കുന്ന മറ്റ് അവസ്ഥകളുണ്ട്.
നിങ്ങളുടെ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അല്ലെങ്കില്‍ നിങ്ങളുടെ ഉദര പ്രശ്നങ്ങള്‍ എന്നിവ മൂലമാണ് ഛര്‍ദ്ദി ഉണ്ടാകുന്നത്. നിങ്ങള്‍ ഇടയ്ക്കിടെ ഈ അവസ്ഥ അനുഭവിക്കുകയാണെങ്കില്‍, നിങ്ങളുടെ ഭക്ഷണ ശീലങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ചില ആരോഗ്യ അവസ്ഥകളും ചില മോശം ശീലങ്ങളും ഭക്ഷണത്തിനു ശേഷം ഛര്‍ദ്ദിക്ക് കാരണമാകും. മദ്യപാനമാണ് ഇതിന് ഉദാഹരണം. അമിതമായ മദ്യത്തിന്റെ ഉപയോഗം നിങ്ങളില്‍ ഭക്ഷണത്തിന് ശേഷം ഛര്‍ദ്ദിക്ക് കാരണമാകും. അത് മാത്രമല്ല, സമ്മര്‍ദ്ദം പോലും നിങ്ങളുടെ ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തും. ഭക്ഷണം കഴിച്ചതിനുശേഷം നിങ്ങള്‍ക്ക് ഛര്‍ദ്ദിക്കാന്‍ തോന്നുന്നുവെങ്കില്‍ അതിന്റെ ചില കാരണങ്ങള്‍ എന്തൊക്കെയെന്ന് വായിച്ചറിയാം.
ഗര്‍ഭാവസ്ഥ
ഗര്‍ഭകാലത്ത് ഓക്കാനം സംഭവിക്കുന്നത് രാവിലെ മാത്രമല്ല. ഉച്ചഭക്ഷണം, അത്താഴം, ലഘുഭക്ഷണം എന്നിവയ്ക്ക് ശേഷവും നിങ്ങള്‍ക്ക് ഓക്കാനം വരാം. ഗര്‍ഭിണികള്‍ ഹ്യൂമന്‍ കോറിയോണിക് ഗോണഡോട്രോപിന്‍ (HCG) എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നതിനാലാണിത്, ഇതിന്റെ ഒരു പാര്‍ശ്വഫലമായി ഓക്കാനം വരുന്നു. ഈസ്ട്രജന്റെ വര്‍ദ്ധനവ് അല്ലെങ്കില്‍ ഗര്‍ഭാവസ്ഥയില്‍ കുടലിലെ ബാക്ടീരിയയുടെ സന്തുലിതാവസ്ഥയിലെ മാറ്റം എന്നിവ ഭക്ഷണത്തിനു ശേഷമുള്ള ഓക്കാനം വര്‍ദ്ധിക്കുന്നതിനുള്ള മറ്റൊരു കാരണമാണ്.
ഭക്ഷ്യവിഷബാധ
ഭക്ഷ്യവിഷബാധ കാരണമായി ഓക്കാനം സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് അറിവുള്ള കാര്യമായിരിക്കും. ഭക്ഷണങ്ങള്‍ ചിലപ്പോള്‍ വൈറസോ ബാക്ടീരിയയോ കാരണം മലിനീകരിക്കപ്പെടുന്നു. ഇത് ജിഐ ട്രാക്റ്റിനെ തടസ്സപ്പെടുത്തുകയും ഓക്കാനം ഉണ്ടാക്കുകയും പലപ്പോഴും ഛര്‍ദ്ദിയിലേക്ക് നയിക്കുകയും ചെയ്യുന്നു. സാധാരണയായി, ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ 140 ഡിഗ്രി ഫാരന്‍ഹീറ്റില്‍ കൂടുതലുള്ള താപനിലയില്‍ എത്തുമ്‌ബോള്‍ നശിക്കും. നിങ്ങള്‍ക്ക് വയറിളക്കം, പനി, ഛര്‍ദ്ദി, വയറുവേദന എന്നിവയും അനുഭവപ്പെടുകയാണെങ്കില്‍ ഇതെല്ലാം മിക്കവാറും ഭക്ഷ്യവിഷബാധ മൂലമായിരിക്കാം.
ഭക്ഷണ അലര്‍ജി
നിങ്ങള്‍ക്ക് അലര്‍ജിയോ അസഹിഷ്ണുതയോ ഉള്ള എന്തെങ്കിലും കഴിക്കുമ്‌ബോള്‍, നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ഇമ്യൂണോഗ്ലോബുലിന്‍ ഇ (ഐജിഇ), ഹിസ്റ്റമിന്‍ തുടങ്ങിയ രാസവസ്തുക്കളോട് പ്രതികരിക്കുന്നു. ഇത് ഓക്കാനം പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകും. ഏറ്റവും സാധാരണമായ ഭക്ഷണ അലര്‍ജികള്‍ വരുത്തുന്ന ഭക്ഷണസാധനങ്ങളാണ് മുട്ട, പാല്‍, ഗോതമ്ബ്, സോയ, മത്സ്യം, ഷെല്‍ഫിഷ്, നിലക്കടല തുടങ്ങിയവ. ഒരു അലര്‍ജി മൂലമാണെന്ന് നിങ്ങള്‍ക്ക് ഓക്കാനം വരുന്നതെന്ന് കരുതുന്നുവെങ്കില്‍, ഏത് ഭക്ഷണമാണ് ഇതിന് കാരണമാകുന്നതെന്ന് ആദ്യം പരിശോധിക്കുക.
ആസിഡ് റിഫ്ളക്സ്
ഗ്യാസ്ട്രോ എസോഫാഗിയല്‍ റിഫ്ളക്സ് രോഗം (GERD), അതായത് ആസിഡ് റിഫ്ളക്സ് ഇതിന് ഒരു കാരണമാകാം. ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് ഒഴുകുമ്‌ബോള്‍ അത് വീക്കം ഉണ്ടാക്കുന്നു. ഇതുകാരണം ഓക്കാനവും സംഭവിക്കുന്നു. നിങ്ങള്‍ക്ക് നെഞ്ചെരിച്ചില്‍, ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്, വിട്ടുമാറാത്ത ചുമ, ഉറക്കത്തില്‍ അസ്വസ്ഥത എന്നിവ അനുഭവപ്പെടുകയാണെങ്കില്‍, നിങ്ങളുടെ ഓക്കാനം GERD മൂലമാകാം.
ഉത്കണ്ഠ, സമ്മര്‍ദ്ദം
സമ്മര്‍ദ്ദവും ഉത്കണ്ഠയും പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളും നിങ്ങളില്‍ ഓക്കാനം അല്ലെങ്കില്‍ വയറിളക്കം പോലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കു കാരണമാകും. സ്ട്രെസ് ഹോര്‍മോണുകള്‍ ശരീരത്തിലെ ജി.ഐ ട്രാക്റ്റിനെ ബാധിക്കും. ഉത്കണ്ഠയാണോ നിങ്ങളില്‍ ഭക്ഷണത്തിനു ശേഷമുള്ള ഓക്കാനം ഉണ്ടാക്കുന്നത് എന്ന് തിരിച്ചറിയാന്‍ ശ്രമിക്കുക. സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള ചില വഴികളാണ് ശ്വസന വ്യായാമങ്ങള്‍, പതിവ് വ്യായാമം തുടങ്ങിയവ.
മോശം ശീലങ്ങള്‍
പുകവലിയും മദ്യപാനവും ഉള്ളവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും ചില നേരങ്ങളില്‍ ഓക്കാനത്തിന് കാരണമാകും. തിടുക്കത്തില്‍ ഭക്ഷണം കഴിക്കുന്നതും ഭക്ഷണം ശരിയായി ചവയ്ക്കാത്തതും പോലുള്ള നിങ്ങളുടെ ഭക്ഷണ ശീലങ്ങളും ഛര്‍ദ്ദിക്ക് കാരണമായേക്കാം. ഇതൊരു മോശം ശീലമാണ്, അത് മറ്റ് ഉദര പ്രശ്നങ്ങള്‍ക്കും കാരണമാകും.
ദഹനക്കേട്, അസിഡിറ്റി
ദഹനക്കേട് ഗ്യാസ്, നീര്‍വീക്കം, വയറുവേദന, ഛര്‍ദ്ദി എന്നിവയ്ക്കും കാരണമാകും. നിങ്ങളുടെ ആമാശയത്തിലെ ആസിഡുകളുടെ സ്വാഭാവിക ബാലന്‍സ് നഷ്ടപ്പെടുമ്‌ബോള്‍, നിങ്ങളുടെ ദഹനവ്യവസ്ഥയില്‍ നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്നു, ഇത് നിങ്ങളില്‍ ഭക്ഷണത്തിനുശേഷം ഛര്‍ദ്ദിക്കാന്‍ കാരണമായേക്കാം. ദഹനനാളത്തെ ബാധിക്കുന്ന ബാക്ടീരിയ, വൈറസ്, മറ്റ് പരാദങ്ങള്‍ എന്നിവയും ഛര്‍ദ്ദിക്ക് കാരണമാകും.