ശരിയായ രീതിയില്‍ ഉയരവും തൂക്കവും കൂടി വരിക അഥവാ ശരിയായ ശാരീരിക വളര്‍ച്ച ശരിയായ സമയത്തു സംഭവിക്കുക എന്നത് കുട്ടികളുടെ ആരോഗ്യത്തിന്റെ ഒരു പ്രധാന അളവുകോലാണ്. നമ്മുടെ കുട്ടികളില്‍ നൂറില്‍ ഏകദേശം മൂന്നു പേര്‍ക്ക് ഉയരക്കുറവ് കണ്ടു വരുന്നു. അതായത് 50 കുട്ടികളുളള ഒരു ക്ലാസ്സില്‍ ശരാശരി ഒന്നോ രണ്ടോ കുട്ടികള്‍ക്ക് ഉയരക്കുറവ് ഉണ്ടാക്കുന്ന രോഗങ്ങള്‍ക്കു സാധ്യത ഉണ്ട്. സഹപാഠികളുടെ കൂട്ടത്തില്‍ ഏറ്റവും ഉയരം കുറഞ്ഞ കുട്ടികളില്‍ ഒരാളാണെങ്കില്‍ മറ്റ് സമപ്രായക്കാരെ അപേക്ഷിച്ച വളര്‍ച്ച വളരെ മന്ദഗതിയിലാണെങ്കില്‍ തീര്‍ച്ചയായും ഒരു എന്‍ഡോക്രൈനോളിസറ്റിനെ സമീപിച്ച് ഉയരക്കുറവ് എന്തെങ്കിലും രോഗം നിമിത്തമാണോ എന്നു പരിശോധിക്കണം.
ഗ്രോത്ത് ഹോര്‍മോണ്‍, തൈറോയ്ഡ് ഹോര്‍മോണ്‍, പ്രജനനവും മായി ബന്ധപ്പെട്ട ഹോര്‍മോണുകള്‍ (ഈസ്ട്രജന്‍,ടെസ്‌റ്റോസ്റ്റീറോണ്‍) ഇവയെല്ലാമാണ് സ്വാഭാവിക ഉയരം ഒരു കുട്ടിയ്ക്ക് കിട്ടുന്നതില്‍ നിര്‍ണായകമായ ഹോര്‍മോണുകള്‍. ഈ ഹോര്‍മോണുകളുടെ കുറവ് കുട്ടികളുടെ പൊക്കത്തെ സാരമായി ബാധിക്കുന്നു. കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ ആധിക്യവും ഉയരക്കുറവിനു കാരണമായേക്കാം.
ഹോര്‍മോണ്‍ തകരാറുകള്‍ കൂടാതെ കുട്ടികളെ ചിരകാലം ബാധിക്കുന്ന അസുഖങ്ങള്‍ (വിളര്‍ച്ച, ദഹനക്കേട്, ഹ്യദ്രോഗം, വ്യക്കരോഗം, ശ്വാസകോശ രോഗങ്ങള്‍), പോഷകാഹാരക്കുരവ്, അനാരോഗ്യകരമായ കുടുംബപശ്ചാത്തലം, പാരമ്പര്യമായുളള പൊക്കക്കുറവ്, അക്കോണ്‍ ഡ്രോപ്ലാസിയ, ടേണര്‍ സിന്‍ഡ്രം തുടങ്ങിയ ജനിതക രോഗങ്ങള്‍, ഗര്‍ഭാവസ്ഥയിലുണ്ടായ വളര്‍ച്ച മുരടിപ്പ്, കാല്‍സ്യം, വൈറ്റമിന്‍ ഡി തുടങ്ങിഅസ്ഥികളുടെ വളര്‍ച്ചയ്ക്ക് ആവശ്യം വേണ്ട ധാതുക്കളുടെ അഭാവം കൊണ്ടുണ്ടാകുന്ന റിക്കറ്റ്‌സ് ഇതെല്ലാം കുട്ടികളില്‍ ഉയരക്കുറവിനു കാരണമാകുന്നു.
പാരമ്പര്യമായുളള ഉയരക്കുറവ് ചിലപ്പോള്‍ ഗ്രോത്ത് ഹോര്‍മോണ്‍ കുറവു പോലെ ചികിത്സ സാധ്യമായ ജനിതരോഗങ്ങള്‍ കൊണ്ടുമാകാം. വളര്‍ച്ചക്കുറവിന് ഒരു ശിശുരോഗ വിദഗ്ധനെയോ എന്‍ഡോക്രൈനോളജിസ്റ്റിനെയോ കാണുമ്പോള്‍ ഹോര്‍മോണ്‍ പരിശോധനകള്‍ ഉള്‍പ്പെടെ മേല്‍പ്പറഞ്ഞ കാരണങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്ന് വിവിധ പരിശോധനകളിലൂടെ തിട്ടപ്പെടുത്തിയാണ് ചികിത്സ നിര്‍ണയിക്കുന്നത്
ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സ ഹോര്‍മോണ്‍ അഭാവമുളള കുട്ടികള്‍ക്കു മാത്രമല്ല ടേണര്‍ സിന്‍ഡ്രം മുതലായ ജനിതക രോഗങ്ങള്‍, ചിരകാലരോഗങ്ങള്‍ കൊണ്ടുണ്ടാകുന്ന ഉയരക്കുറവ് (ഈ രോഗങ്ങളുടെ ചികിത്സയോടൊപ്പം) ഗര്‍ഭാവസ്ഥയിലുണ്ടായ വളര്‍ച്ച മുരടിപ്പ്. പാരമ്പര്യമായിട്ടുളളതും മറ്റ് പ്രത്യേക കാരണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലാത്തതുമായ ഉയരക്കുറവ് ഇതിനെല്ലാം ഫലപ്രദമാണ്.