നിരവധി ആരോഗ്യ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് പാവയ്ക്ക. എന്നാല്‍ പാവയ്ക്കയിലെ അസഹനീയമായ കയ്പ്പ് കാരണം പലരും ഇത് കഴിക്കാറില്ല. പാവയ്ക്കയിലെ കയ്പ്പ് മാറ്റാന്‍ ഇതാ 5 പൊടിക്കൈകള്‍.
ഉപ്പുകൊണ്ടൊരു പരീക്ഷണം
ഉപ്പ് ഉപയോഗിച്ച് പാവയ്ക്കയിലെ കയ്പ്പ് മാറ്റാന്‍ സാധിക്കും. പാവയ്ക്കയുടെ തൊലി കളഞ്ഞതിന് ശേഷം കട്ടികുറഞ്ഞ രീതിയില്‍ അരിയാം. ഇതിലേക്ക് കുറച്ച് ഉപ്പ് വിതറിയതിന് ശേഷം അരമണിക്കൂര്‍ അങ്ങനെ തന്നെ വെച്ചിരിക്കണം. കുറച്ച് കഴിയുമ്പോള്‍ പാവയ്ക്കയില്‍ നിന്നും വെള്ളം ഇറങ്ങുന്നത് കാണാന്‍ സാധിക്കും. ഇങ്ങനെ കണ്ടാല്‍ അതിനര്‍ത്ഥം പാവയ്ക്കയില്‍ നിന്നും കയ്പ്പ് പോയിട്ടുണ്ടെന്നാണ്. ശേഷം ശുദ്ധമായ വെള്ളത്തില്‍ കുറഞ്ഞത് 3 തവണ കഴുകിയെടുക്കണം.
വിനാഗിരിയും പഞ്ചസാരയും
കുറച്ച് വിനാഗിരിയെടുത്തതിന് ശേഷം അതിലേക്ക് പാവയ്ക്ക മുക്കിവയ്ക്കാം. പാവയ്ക്കയിലെ കയ്പ്പ് കളയാന്‍ വിനാഗിരി നല്ലതാണ്. അല്ലെങ്കില്‍, പാത്രത്തില്‍ വെള്ളം എടുത്തതിന് ശേഷം ഒരു ടീസ്പൂണ്‍ വിനാഗിരിയും രണ്ട് ടേബിള്‍സ്പൂണ്‍ പഞ്ചസാരയും ഇട്ടുകൊടുക്കണം. അതിലേക്ക് പാവയ്ക്ക മുക്കിവയ്ക്കാം. അരമണിക്കൂര്‍ അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിയെടുത്താല്‍ മതി.
വിത്തുകള്‍ കളയാം
പാവയ്ക്കയുടെ വിത്തിലും ഉള്‍ഭാഗത്തുമാണ് കയ്പ്പ് കൂടുതലായി അനുഭവപ്പെടാന്‍ സാധ്യതയുള്ളത്. അതിനാല്‍ തന്നെ ഉപയോഗിക്കുന്നതിന് മുമ്പായി പാവയ്ക്കയില്‍ നിന്നും വിത്തുകള്‍ ഒഴിവാക്കാം. ഇങ്ങനെ ചെയ്താല്‍ രുചിയില്‍ വലിയ വ്യത്യാസം നിങ്ങള്‍ക്ക് അനുഭവപ്പെടും.
തൈര്
മുറിച്ചുവെച്ച പാവയ്ക്ക തൈരില്‍ ഇട്ടുവയ്ക്കാം. അരമണിക്കൂര്‍ അങ്ങനെ തന്നെ വെക്കണം. തൈരിന്റെ സ്വാഭാവിക അസിഡിറ്റി പാവയ്ക്കയിലെ കയ്പ്പിനെ എളുപ്പത്തില്‍ ഇല്ലാതാക്കുന്നു.
സവാള, വെളുത്തുള്ളി
സുഗന്ധവ്യഞ്ജനങ്ങള്‍, തക്കാളി, സവാള, വെളുത്തുള്ളി, തൈര് എന്നിവയുടെ കൂടെ പാകം ചെയ്താലും പാവയ്ക്കയിലെ കൈപ്പിനെ ഇല്ലാതാക്കാന്‍ സാധിക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ പാവയ്ക്കയിലെ ഗുണങ്ങള്‍ നഷ്ടപ്പെടുകയുമില്ല.