വളരെ ആരോഗ്യകരമായ ഒരു പഴമാണ് അത്തിപ്പഴം അഥവാ ഫിഗ്സ്. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ കൃഷി ചെയ്തുവരുന്ന ഈ പഴം നമ്മുടെ നാട്ടിലെ ബേക്കറികളിലെല്ലാം സുലഭമായി ലഭിക്കുന്ന ഒന്നാണ്. ആന്റി ഓക്സിഡന്റുകളുടെ മികച്ച ഉറവിടമായ അത്തിപ്പഴത്തില്‍ ഡയറ്ററി ഫൈബര്‍, മാംഗനീസ് എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. പ്രകൃതിദത്ത ഗ്ലുക്കോസ്, കാത്സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ കെ, കോപ്പര്‍ തുടങ്ങിയ പോഷകങ്ങളും ഇതിലുണ്ട്. സാധാരണ ഉണങ്ങിയ അത്തിപ്പഴമാണ് കൂടുതല്‍ പേരും തെരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ഫ്രഷ് അത്തിപ്പഴവും കഴിക്കാം. ദിവസേന ഓരോ അത്തിപ്പഴം വീതം കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.
ദഹനത്തെ പ്രോത്സാഹിപ്പിക്കും
അത്തിപ്പഴത്തില്‍ ലയിക്കുന്ന നാരുകളും പ്രീബയോട്ടിക്സും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വയറിലെ ആരോഗ്യകരമായ ബാക്ടീരിയകളെ പിന്തുണയ്ക്കുകയും കുടലിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ദിവസേന ഉണങ്ങിയ അത്തിപ്പഴം കഴിക്കുന്നത് വയറുവേദന, വയറു വീര്‍ക്കല്‍, മലബന്ധം പോലുള്ള അവസ്ഥകള്‍ ലഘൂകരിക്കാന്‍ സഹായിക്കുമെന്ന് 2019 ല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കും
രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന അബ്സിസിക് ആസിഡ് (ABA), ഫിക്കുസിന്‍ എന്നീ സംയുക്തങ്ങള്‍ അത്തിപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇന്‍സുലിന്‍ സംവേദന ക്ഷമത മെച്ചപ്പെടുത്താനുള്ള കഴിവും ഇതിനുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ള വ്യക്തികള്‍ അത്തിപ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നു.
ചര്‍മ്മ ആരോഗ്യം
പതിവായി അത്തിപ്പഴം കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. അത്തിപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, ഇ, സിങ്ക് എന്നിവ ചര്‍മ്മത്തിലെ ചുളിവുകള്‍ തടയാനും വാര്‍ധക്യ ലക്ഷണങ്ങള്‍ മന്ദഗതിയിലാക്കാനും സഹായിക്കും. മാത്രമല്ല മുഖക്കുരു, പാടുകള്‍ എന്നിവ അകറ്റാനും ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും ഇത് ഗുണം ചെയ്യും. സൂര്യ രശ്മികള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനുള്ള കഴിവും അത്തിപ്പഴത്തിലുണ്ട്.
ശരീരഭാരം നിയന്ത്രിക്കാന്‍
അത്തിപ്പഴത്തില്‍ കുറഞ്ഞ അളവില്‍ മാത്രമേ കലോറി അടങ്ങിയിട്ടുള്ളൂ. എന്നാല്‍ നാരുകള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് പൂര്‍ണത വര്‍ധിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഗുണകരമാണ്. പതിവായി അത്തിപ്പഴം കഴിക്കുന്നത് കൂടുതല്‍ നേരം വയറ് നിറഞ്ഞതായുള്ള തോന്നല്‍ ഉണ്ടാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. ഇത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കും.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും
വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവ ഉള്‍പ്പെടെതയുള്ള അവശ്യ പോഷകങ്ങള്‍ അത്തിപ്പഴത്തില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. ദിവസേന അത്തിപ്പഴം കഴിക്കുന്നത് രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കും.
വൈജ്ഞാനിക പ്രവര്‍ത്തനത്തെ പിന്തുണയ്ക്കും
അത്തിപ്പഴത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ ഓക്സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നിവയില്‍ നിന്ന് തലച്ചോറിനെ സംരക്ഷിക്കും. കൂടാതെ ന്യൂറോഡീജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും വൈജ്ഞാനിക പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും.
രക്തയോട്ടം മെച്ചപ്പെടുത്താം; ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മതി