spot_img
spot_img
Homecovid-19കൊവിഡ് വൈറസ് വകഭേദം സ്വാഭാവികമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് വൈറസ് വകഭേദം സ്വാഭാവികമെന്ന് ലോകാരോഗ്യ സംഘടന

തിരുവനന്തപുരം: കൊവിഡ് 19 വൈറസിന്റെ പുത്തന്‍ വകഭേദങ്ങള്‍ സ്വാഭാവികമാണെന്നും അവ പലതരത്തില്‍ പ്രതികരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണെന്നും ലോകാരോഗ്യസംഘടനയുടെ കൊവിഡ് 19 ടെക്‌നിക്കല്‍ ലീഡ് ഡോ. മറിയ വാന്‍കെര്‍കോവ് പറഞ്ഞു.
ആരോഗ്യകേരളം സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ യാഥാര്‍ഥ്യവല്‍കരണം എന്ന പ്രമേയത്തില്‍ സംസ്ഥാന ആരോഗ്യകുടുംബക്ഷേമവകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ‘കൊവിഡ്-19 നോടുള്ള ആഗോള പ്രതികരണം’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. മറിയ.
വൈറസ് വകഭേദങ്ങളില്‍ പലതും നിര്‍വീര്യമാണ്. ചില വകഭേദങ്ങള്‍ ഇപ്പോഴത്തെ വൈറസിന് ഹാനികരമാകുമ്പോള്‍ ചില്ലറ വകഭേദങ്ങള്‍ കൊറോണ വൈറസിന് ശക്തി പകരുന്നതാണെന്നും ഡോ.മറിയ പറഞ്ഞു.
ആശങ്ക ജനിപ്പിക്കുന്ന കാര്യം പല രാജ്യങ്ങളിലും സൃഷ്ടിക്കപ്പെടുന്ന വൈറസ് വകഭേദങ്ങളെ നിര്‍ണയിക്കാനുള്ള ശേഷി അവിടങ്ങളിലില്ല എന്നതാണ്. രൂപാന്തരം സംഭവിച്ച വൈറസുകളെ നിര്‍ണയിക്കുന്നത് വളരെ പ്രധാനമാണ്. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ കൈമാറ്റത്തിനും തുടര്‍ന്ന് സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും ഇനിയും വളരെ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഇത്തരം വൈറസ് സൃഷ്ടിക്കുന്ന രോഗവ്യാപനവും രോഗത്തിന്റെ കാഠിന്യവും രോഗനിര്‍ണയത്തിലും വാക്‌സിന്‍ വികസനത്തിലും ചികിത്സയിലുമെല്ലാം പുലര്‍ത്തേണ്ട ജാഗ്രതയും ലോകത്തിലെ പ്രമുഖ ലബോറട്ടറികളില്‍ പരീക്ഷണവിധേയമാക്കിക്കൊണ്ടിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.
ശാസ്ത്രത്തിന്റെ സഹായത്തോടെ കൊവിഡിനെക്കുറിച്ച് ഏറെ മനസിലാക്കാന്‍ കഴിഞ്ഞു. ഒരു വര്‍ഷം മുമ്പുള്ള സ്ഥിതിയല്ല ഇപ്പോഴുള്ളത്. പക്ഷേ ലഭിച്ച അറിവുകള്‍ എല്ലാം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. പരിഹാരമാര്‍ഗങ്ങള്‍ സമ്പൂര്‍ണമായി എല്ലായിടത്തും പ്രാവര്‍ത്തികമാക്കിയിട്ടുമില്ല.
പൊതുവില്‍ ലോകത്ത് രോഗവ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും രോഗസാധ്യതയുള്ള ജനവിഭാഗങ്ങളെ സംരക്ഷിക്കുന്നതിലും രോഗവ്യാപനം തടയുന്നതിലും മരണം ഒഴിവാക്കുന്നതിലും ഇക്കൊല്ലം കൂടുതല്‍ സന്തുലിതവും സമ്പൂര്‍ണവുമായ പ്രവര്‍ത്തനം വേണ്ടിവരുമെന്ന് ഡോ. മറിയ ചൂണ്ടിക്കാട്ടി.

- Advertisement -

spot_img
spot_img

- Advertisement -