തിരുവനന്തപുരം: ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമാണ് കേരളം, ജീവിതശൈലീ രോഗങ്ങള്‍ ഇവിടെ വളരെ കൂടുതലാണ്. ഇത് കൊവിഡ്-19 ന്റെ വ്യാപനസാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്ന് മന്ത്രി കെകെ ശൈലജ. കേരളത്തിന്റെറ ജനസംഖ്യാപരമായ പ്രത്യേകതകളും രോഗങ്ങളുടെ സാംക്രമിക സ്വഭാവവും കൊവിഡ് 19 പ്രതിരോധത്തില്‍ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.
എങ്കിലും മരണനിരക്ക് കുറയ്ക്കുന്നതില്‍ കേരളം വന്‍നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കൊവിഡ് പൂര്‍വകാലത്ത് പല വികസിത രാജ്യങ്ങളിലുമുള്ള മരണനിരക്കിനെക്കാള്‍ കൂടുതലാണ് കൊവിഡ് കാലത്ത് അവിടങ്ങളിലുള്ളത്. അതേസമയം കേരളത്തില്‍ ഇത് കൊവിഡ് കാലത്ത് പത്തു ശതമാനം കുറവാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
രോഗത്തിന്റെ ഉച്ചാവസ്ഥ വൈകിപ്പിച്ച് പ്രതിരോധമാര്‍ഗങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിലും മരണം കുറയ്ക്കുന്നതിലും കേരളം വിജയിച്ചു. പ്രതിദിനം ശരാശരി അയ്യായിരത്തില്‍ പരം കേസുകളെന്ന ഇപ്പോഴത്തെ സ്ഥിതി ആശങ്കാജനകമല്ലെന്നും നിയന്ത്രണ വിധേയമാണെന്നും മന്ത്രി പറഞ്ഞു. പക്ഷേ ജാഗ്രതയില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി.