പ്രമേഹ രോഗികളില്‍ പലര്‍ക്കും മധുരത്തോട് അമിത ഇഷ്ടവും ആര്‍ത്തിയും തോന്നാറുണ്ട്. മധുരം കഴിക്കരുതെന്ന് വിലക്കുള്ളതിനാല്‍ ഇവര്‍ക്ക് മധുരം കഴിക്കാനുള്ള ആവേശം കൂടുകയും ചെയ്യും. ഭക്ഷണമേശയിലോ ബേക്കറികളിലെ ചില്ലലമാരകളിലോ മധുരപലഹാരങ്ങള്‍ കാണുന്ന സമയത്ത് കഴിക്കുന്നവരാണ് നമ്മളില്‍ കൂടുതല്‍ ആളുകളും.
ശരിയായി ഉറക്കം ലഭിക്കാത്തത് കൊണ്ടാണ് ഇത്തരത്തില്‍ മധുരപലഹാരങ്ങളോട് ആര്‍ത്തി തോന്നുന്നതെന്ന് ജപ്പാനിലെ ഒരു യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. ഈ അനാരോഗ്യകരമായ ഭക്ഷണപ്രിയത്തിനു കാരണം, ഉറക്കക്കുറവിനെ തുടര്‍ന്നുണ്ടാകുന്ന ക്ഷീണവും അമിതാസക്തിയുമാണ്. ഇവര്‍ക്ക് കൂടുതല്‍ പ്രിയം മധുരം, എണ്ണ പലഹാരങ്ങള്‍ എന്നിവയോടായിരിക്കും.
ഉറക്കം കുറയുമ്പോള്‍ തലച്ചോറിലെ, മനസ്സിനെ നിയന്ത്രിക്കുന്ന ഭാഗത്തുണ്ടാകുന്ന ചില പ്രത്യേക മാറ്റങ്ങളാണ് ഇതിനിടയാക്കുന്നതെന്നാണ് പഠനസംഘം കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യകരമായ ഉറക്കശീലം വളര്‍ത്തിയെടുത്താല്‍ അമിതമായ മധുരപ്രിയത്തെ മനസ്സിന്റെ നിയന്ത്രണത്തിലാക്കാമെന്നാണ് പഠന സംഘത്തിന്റെ കണ്ടെത്തല്‍.