കൊച്ചി: ചിത്രീകരണത്തിനിടെ പരുക്കുപറ്റി വീട്ടില്‍ വിശ്രമിക്കുന്ന ഫഹദിന്റെ ആരോഗ്യത്തെക്കുറിച്ച് വെളിപ്പെടുത്തി നസ്രിയ. ‘ഓള്‍ ഈസ് വെല്‍’ എന്നാണ് ഫഹദിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നടി കുറിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍, വിനയ് ഫോര്‍ട്ട്, സൗബിന്‍ ഷാഹിര്‍, അന്ന ബെന്‍ തുടങ്ങി നിരവധി താരങ്ങളാണ് ഫഹദിനു നസ്രിയയ്ക്കും മറുപടിയുമായി എത്തിയത്. പെട്ടന്ന് തന്നെ പരിക്ക് പറ്റിയത് ഭേദമാകട്ടെ എന്ന പ്രേക്ഷകരും കമന്റ് ചെയ്യുന്നുണ്ട്.
മാര്‍ച്ച് മൂന്നാം തീയതിയാണ് ഫഹദിന് ഷൂട്ടിങ് സെറ്റില്‍ അപകടം സംഭവിക്കുന്നത്. അപകടത്തെ തുടര്‍ന്ന് താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടക്കിയ അയക്കുകയും ചെയ്തിരുന്നു. മൂക്കിനാണ് പരുക്ക് പറ്റിയത്.
മലയന്‍കുഞ്ഞ് എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയിലായിരുന്നു അപകടം. വലിയൊരു കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേയ്ക്ക് കുതിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ബാലന്‍സ് തെറ്റി ഫഹദ് താഴേയ്ക്ക് വീഴുകയായിരുന്നു. ഇതേ തുടര്‍ന്ന് മൂക്കിന് ചെറിയ പൊട്ടല്‍ സംഭവിക്കുകയാണ് ഉണ്ടായത്. മൂക്കിലുണ്ടായ പൊട്ടല്‍ പ്ലാസ്റ്റിക് സര്‍ജന്റെ നേതൃത്വത്തില്‍ തുന്നലിട്ടു ഭേദമാക്കുകയുണ്ടായി. ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയും ചെയ്തു.
മഹേഷ് നാരായണന്റെ തിരക്കഥയില്‍ ഫഹദിനെ നായകനാക്കി സജിമോന്‍ ഒരുക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. ഫാസിലാണ് നിര്‍മാതാവ്. സെഞ്ച്വുറി ഫിലിംസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. സുഷിന്‍ ശ്യാം ചിത്രത്തിനായി സംഗീതം ഒരുക്കുന്നു