മുംബൈ: കുടുംബ കോടതിയില്‍ കാലു കുത്താതെ തന്നെ പ്രവാസികളായ ദമ്പതികള്‍ക്ക് വിവാഹമോചനം. വിദേശത്ത് വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്ന മുംബൈ സ്വദേശികളായ ദമ്പതികള്‍ക്കാണ് ബാന്ദ്ര കുടുംബകോടതി പതിവ് നടപടികളില്‍ ഇളവു നല്‍കി വിവാഹ മോചനം അനുവദിച്ചത്.
2002ല്‍ പ്രത്യേക വിവാഹ നിയമപ്രകാരം മുംബൈയില്‍ വച്ച് വിവാഹിതരായ ദമ്പതികളില്‍ ഭര്‍ത്താവ് ബാലിയിലും ഭാര്യ ദുബായിലുമാണ് ഉള്ളത്. അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം 3 വര്‍ഷം മുന്‍പാണ് വേര്‍പിരിഞ്ഞു താമസിക്കാന്‍ തുടങ്ങിയത്. ലോക്ഡൗണ്‍ കാലത്താണ് ബന്ധം വേര്‍പെടുത്താന്‍ ഇരുവരും തീരുമാനിച്ചത്. എന്നാല്‍, കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നാട്ടിലെത്താനും പ്രയാസമായി. വിവാഹമോചനത്തിനുള്ള ഭര്‍ത്താവിന്റെ രേഖകള്‍ സാക്ഷ്യപ്പെടുത്താന്‍ ബാലിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് തീരുമാനം അനുകൂലമായി.
കഴിഞ്ഞ ഡിസംബറില്‍ അഭിഭാഷകന്‍ മുഖേനയാണ് വിവാഹ മോചന അപേക്ഷ നല്‍കിയത്. കഴിഞ്ഞ മാസം ദമ്പതികള്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കൗണ്‍സലിങ്ങിന് വിധേയരായി. പിന്നീട് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ തന്നെ കോടതിയില്‍ ഹാജരായി ഇരുവരും അന്തിമതീരുമാനം അറിയിച്ചു.
വിവാഹ മോചന ഹര്‍ജിയില്‍ അന്തിമ വാദം കേള്‍ക്കുന്നതിനു മുന്‍പ് 6 മാസം ഇടവേള വേണമെന്ന വ്യവസ്ഥയും കോടതി ഒഴിവാക്കി. കോവിഡ് സാഹചര്യങ്ങളും രണ്ടര വര്‍ഷത്തിലേറെയായി അകന്നു താമസിക്കുകയാണെന്നതും കണക്കിലെടുത്താണ് ഇളവു നല്‍കിയത്.