കാന്‍സര്‍ ചികിത്സയ്ക്കുള്ള പരമ്പരാഗത റേഡിയേഷന്‍ തെറാപ്പി സാധാരണയായി നിരവധി റേഡിയേഷന്‍ സെഷനുകള്‍ എടുക്കാറുണ്ട്. ഈ രീതി ഫലപ്രദമാണെങ്കിലും തലച്ചോറിലെ കാന്‍സര്‍ പോലെയുള്ള സന്ദര്‍ഭങ്ങളില്‍ ഇത് പലപ്പോഴും ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കാറുണ്ട്. എന്നാല്‍ നൂതനമായ ഫ്ളാഷ് റേഡിയേഷന്‍ തെറാപ്പിയില്‍ സെഷനുകളുടെ എണ്ണം ഗണ്യമായി വെട്ടിക്കുറച്ച് ഒന്നോ അല്ലെങ്കില്‍ വളരെ കുറച്ചോ സെഷനുകളായി വെട്ടിക്കുറയ്ക്കുന്നു. ഇത് പരമ്പരാഗത റേഡിയേഷന്‍ ചികിത്സകളില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ 300 മടങ്ങ് കൂടുതല്‍ ഡോസ് നിരക്കിലാണ് റേഡിയേഷന്‍ നല്‍കുന്നത്.ഇത് ഫ്ളാഷ് ഇഫക്ട് എന്നറിയപ്പെടുന്ന പ്രതിഭാസത്തെ സൃഷ്ടിക്കുകയും ഇത് പരമ്പരാഗത റേഡിയേഷന്‍ തെറാപ്പി സമയത്ത് ട്യൂമറിന് ചുറ്റും ഉണ്ടാകുന്ന സാധാരണ കോശങ്ങള്‍ക്ക് സംഭവിക്കാവുന്ന ദോഷം കുറയ്ക്കുകയും ചെയ്യുന്നു. അതോടൊപ്പം ട്യൂമര്‍ സൈറ്റിലെ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.
മുന്‍പ് മൃഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ അപ്രതീക്ഷിത പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാതെതന്നെ ഈ നൂതന തെറാപ്പി ഫലങ്ങള്‍ കാണിച്ചിരുന്നു. മാത്രമല്ല മെറ്റാസ്റ്റാറ്റിക് ക്യാന്‍സര്‍ ( യഥാര്‍ത്ഥ ട്യൂമറില്‍ നിന്ന് ക്യാന്‍സര്‍ കോശങ്ങള്‍ പൊട്ടിപ്പോകുകയും നിങ്ങളുടെ രക്തപ്രവാഹത്തിലോ ലിംഫറ്റിക് സിസ്റ്റത്തിലോ പ്രവേശിക്കുകയും തുടര്‍ന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നത്) ബാധിച്ച രോഗികളില്‍ നടത്തിയ ചെറിയ ട്രയലില്‍ മനുഷ്യനില്‍ ആദ്യമായി നടത്തിയ പരീക്ഷണം വേദന ഇല്ലാതിരിക്കുന്നതിന് സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തി.