പണ്ടൊക്കെ നമ്മുടെ വീടിന്റെ പരിസരത്ത് നിന്ന് കുട്ടികള്‍ മാങ്ങ എറിഞ്ഞിടുന്നത് പോലെ തന്നെയാണ് പേരയ്ക്കയ്ക്ക് നേരെ കല്ലെറിയുന്നതും. ഒന്ന് വിശപ്പ് മാറ്റാന്‍ ഒരു പേരയ്ക്ക മാത്രം കഴിച്ചാലും അത് ശരീരത്തിന് ഗുണം ചെയ്യും. നിരവധി ആരോഗ്യ ഗുണങ്ങള്‍ പേരയ്ക്കയ്ക്ക് ഉണ്ടെന്നാണ് പല ഡയറ്റീഷ്യന്‍മാരും പറയുന്നത്.
വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് പേരയ്ക്ക. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ദഹന പ്രക്രിയ സുഗമമാക്കാനും പേരയ്ക്ക എന്ത്‌കൊണ്ടും ഉചിതമാണ്. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന കാര്യത്തിലും പേരയ്ക്കയുടെ ഗുണം മുന്നില്‍ തന്നെയാണ്. ഉയര്‍ന്ന ഫൈബര്‍ കണ്ടന്റാണ് പേരയ്ക്കയ്ക്കുള്ളത്. മലബന്ധം തടയാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഒക്കെ പേരയ്ക്ക വളരെ ഉപകാരപ്രദമാണ്.
ശരീരത്തിലെ സോഡിയം, പൊട്ടാസ്യം എന്നിവയുടെ ബാലന്‍സ് മെച്ചപ്പെടുത്താനും അതുവഴി രക്താതിമര്‍ദ്ദമുള്ള രോഗികളില്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും പേരയ്ക്ക സഹായിക്കുന്നു. ഹൃദ്രോഗത്തിന്റെ വികാസത്തിന് കാരണമാകുന്ന ട്രൈഗ്ലിസറൈഡുകളുടെയും ചീത്ത കൊളസ്ട്രോളിന്റെയും (എല്‍ഡിഎല്‍) അളവ് കുറയ്ക്കാനും പേരയ്ക്ക സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാനും പേരയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും. സാധാരണ അണുബാധകളില്‍ നിന്നും രോഗകാരികളില്‍ നിന്നും ഒക്കെ സംരക്ഷിക്കാനും ഇത് നമ്മെ സഹായിക്കുന്നുണ്ട്. മാത്രമല്ല കണ്ണുകളുടെ ആരോഗ്യത്തിനും ഇത് വളരെ ഗുണം ചെയ്യും.
പേരയുടെ ഏറ്റവും പരമ്പരാഗതമായ ഉപയോഗങ്ങളില്‍ ഒന്നാണ് മുറിവുകള്‍ ഉണക്കാനുള്ള മരുന്നായി ഇവ പ്രയോഗിക്കുന്നത്. പേരയുടെ ഇലകള്‍ തിളപ്പിക്കുകയോ അല്ലെങ്കില്‍ ചതയ്ക്കുകയോ ചെയ്ത് ഉപയോഗിക്കുന്നത് മുറിവ് അണുബാധ തടയാന്‍ ആന്റിസെപ്റ്റിക് ആയി പ്രവര്‍ത്തിക്കുന്നു. പേരക്ക ഇലകള്‍ 20 മിനിറ്റ് തിളപ്പിച്ച് തണുപ്പിച്ച ശേഷം, ആ വെള്ളം കൊണ്ട് ചര്‍മ്മം കഴുകുന്നത് രോഗശാന്തി ത്വരിതപ്പെടുത്തുന്നതിനും ഫംഗസ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സഹായിക്കുന്നു.