spot_img
spot_img
HomeAYURVEDAഎന്താണ് ഹൃദയാഘാതം

എന്താണ് ഹൃദയാഘാതം

ഹൃദയപേശികള്‍ക്ക് രക്തം എത്തിച്ചുകൊടുക്കുന്ന കൊറോണറി ധമനികളില്‍ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത് അഥവാ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവുന്നത് . കൊറോണറി രക്തക്കുഴലുകളില്‍ കൊഴുപ്പടിയുന്നതുമൂലമോ മറ്റു കാരണങ്ങളാലോ വ്യാസം കുറയുകയും രക്തയോട്ടം തടസ്സപ്പെടുകയും ചെയ്യുമ്പോള്‍ ഹൃധയപെശികള്‍ക്ക് രക്തം കിട്ടുന്ന അളവ് കുറയുകയും ഹൃദയാഘതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്യും. കൊഴുപ്പടിഞ്ഞു രക്തക്കുഴലുകളുടെ വ്യാസം വളരെ ചുരുങ്ങിക്കഴിഞ്ഞാല്‍ ഏതു നിമിഷവും പൂര്‍ണ്ണമായി അടഞ്ഞു രക്തയോട്ടം സ്തംഭിക്കാം. രക്തയോട്ടം സ്തംഭിക്കുമ്പോള്‍ രക്തം കട്ട പിടിക്കുന്നു. അങ്ങനെ ഹൃദയപേശികള്‍ക്ക് രക്തം കിട്ടാതെ വരുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത് അഥവാ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവുന്നത് .

ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം?

ഹൃദയരക്തധമനികളില്‍ ബ്ലോക്ക് ഉണ്ടായി ഹൃദയപേശികള്‍ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഹൃദയാഘാതത്തിന്റെ ഫലമായി ചിലരില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചുപോകുന്നതിനാണ് ഹൃധയസ്തംഭനം എന്ന് പറയുന്നത്. ഹൃദയാഘാതം വന്നവര്‍ക്ക് വേഗം വൈദ്യസഹായം കിട്ടിയാല്‍ ഹൃദയസ്തംഭനം വരാതെ അപകടത്തില്‍ നിന്ന് രക്ഷപ്പെടാം. ഹൃദയാഘാതമുണ്ടാകുന്നവരില്‍ 10 ശതമാനത്തോളം പേര്‍ക്കും ഹൃദയസ്തംഭനം വരാം. ഇത്തരക്കാരാണ് ആശുപത്രിയിലേക്കുള്ള വഴിയിലും ആശുപത്രിയിലെത്തിയ ഉടനെയും മരിച്ചുപോകുന്നത്.

വേദനയില്ലാതെ ഹൃദ്രോഗം വരുമോ?

നെഞ്ചു വേദനയില്ലാതെയും ഹൃദ്രോഗമുണ്ടാവാം. നെഞ്ചു വേദന ഇല്ലാത്തത് കൊണ്ട് ഇവരില്‍ പലരും ഹൃദ്രോഗവിവരം അറിയില്ല. പിന്നീടെപ്പോഴെങ്കിലും ഇ സി ജി എടുക്കുമ്പോഴാകും രോഗവിവരം അറിയുക. ചിലര്‍ക്ക് നെഞ്ചെരിച്ചിലും വിങ്ങലും ഉണ്ടായി കുറച്ചു കഴിഞ്ഞു അത് മാറിയെന്നും വരാം. ഈ ലക്ഷണങ്ങള്‍ ഹൃദ്രോഗത്തിന്റെതാണെന്നു പലരും തിരിച്ചറിയാറില്ല. പ്രമേഹരോഗികളിലാണ് ഈ തരത്തില്‍ വേദനയില്ലാതെ ഹൃദ്രോഗം കൂടുതലായി കണ്ടു വരുന്നത്.

സ്ത്രീകള്‍ക്ക് ഹൃദ്രോഗസാധ്യത കുറവാണോ?

സ്ത്രീകള്‍ക്ക് ഹൃദ്രോഗസാധ്യത കുറവാണെന്നൊരു ധാരണപൊതുവേയുണ്ട്. എന്നാല്‍ സ്ത്രീകളില്‍ രോഗ നിരക്ക് കൂടിവരികയാണെന്നു പല പഠനങ്ങളും സൂചിപ്പിക്കുന്നു. ആര്‍ത്തവ വിരാമാമാകുന്നതോടെ സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത വളരെ കൂടുതലാണ്. ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നതാണ് ഇതിനു കാരണം. അമിത മാനസിക സമ്മര്‍ദം, അമിത ജോലി, അമിത ഭക്ഷണം, കൊളസ്‌ട്രോള്‍, രക്ത സമ്മര്‍ദം തുടങ്ങിയ കാരണങ്ങളാലും സ്ത്രീകളില്‍ ഹൃദ്രോഗമുണ്ടാകാം.

ഹൃദയധമനികളില്‍ ബ്ലോക്ക് ഉണ്ടാകുന്നതെങ്ങനെ?

ഹൃദയധമനികള്‍ ചുരുങ്ങുന്നതുകൊണ്ടും ധമനികളില്‍ കൊഴുപ്പടിയുന്നതു കൊണ്ടും അവയുടെ ഉള്‍വ്യാസം കുറഞ്ഞു രക്തയോട്ടത്തിനു തടസ്സമുണ്ടാകും. രക്തത്തിലെ ഒട്ടേറെ ഘടകങ്ങളുടെ ക്രമക്കേടുകള്‍ കൊണ്ട് ധമനികളില്‍ രക്തം കട്ട പിടിച്ചു ബ്ലോക്കുണ്ടാകാം. പലപ്പോഴും കുറെ നാളുകള്‍ കൊണ്ടാണ് തടസ്സമുണ്ടാവുക. ചിലപ്പോള്‍ കൊറോണറി ധമനിയുടെ എന്‍ഡോത്തീലിയം എന്നാ നേര്‍ത്ത സ്ഥരത്ത്തിനു വിള്ളലുണ്ടാവുകയും അവിടെ രക്തം കട്ട പിടിച്ചു ബ്ലോക്ക് ഉണ്ടാകുകയും ചെയ്യും. പ്രായമായവരില്‍ ബാഹ്യമായി യാതൊരു അസുഖവുമില്ലാതെ പെട്ടന്ന് ഹൃദയാഘാതം ഉണ്ടാകുന്നതിന്റെ കാരണം ഇതാണ്. അപൂര്‍വ്വമായി ഹൃദയധമനികളുടെ പെട്ടെന്നുള്ള സങ്കോജം കൊണ്ടും ഹൃദയാഘാതം വരാം.

എന്തൊക്കെയാണ് അപകട കാരണങ്ങള്‍ ?


പുകവലി, കൊളസ്‌ട്രോള്‍, പ്രഷര്‍, പ്രമേഹം, വ്യായാമമില്ലായ്മ, ദുര്‍മേദസ്സ്, പാരമ്പര്യം, മാനസികസംഘര്‍ഷം തുടങ്ങിയവയാണ് പ്രധാന കാരണങ്ങള്‍. പുതുതായി കണ്ടുപിടിച്ച ചില കാരണങ്ങളുമുണ്ട്. ഇന്‍സുലിന്‍ പ്രതിബന്ധ സിന്‍ഡ്രോം, ഹോമോ സിസ്റ്റിനീമിയ, ലൈപ്പോ പ്രോട്ടീന്‍ (എ) എന്നിവയാണവ. ഇന്ത്യക്കാരില്‍ ഹൃദ്രോഗം മറ്റുള്ളവരേക്കാള്‍ കൂടുതലാണ്. ജനിതകഘടകങ്ങളും മറ്റു ചില കാരണങ്ങളും ഇതില്‍ പ്രധാന പങ്കു വഹിക്കുന്നു.

പ്രമേഹം ഹൃദയത്തെ ബാധിക്കുന്നതെങ്ങനെ?

ശരീരത്തില്‍ ഇന്‍സുലിന്‍ ഹോര്‍മോണ്‍ കുറയുമ്പോള്‍ രക്തത്തില്‍ ഗ്ലൂക്കോസും കൊഴുപ്പുകണികളും കുമിഞ്ഞുകൂടും.ഗ്ലൂക്കോസിനെ ശരീരവുമായി വിഘടിപ്പിക്കാന്‍ ഇന്‍സുലിന്‍ വേണം. രക്തത്തില്‍ ക്രമാതീതമായി ഉയര്‍ന്ന ഗ്ലൂക്കോസ് അഥവാ പഞ്ചസാര ഹൃദയം, കണ്ണ്, വൃക്ക, ഞരമ്പുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കും. പ്രമേഹരോഗികളുടെ രക്തക്കുഴലുകളില്‍ കൊഴുപ്പു അടിഞ്ഞു കൊറോണറി ധമനികള്‍ ചുരുങ്ങി ഹൃദയപേശികള്‍ക്ക് വേണ്ടത്ര രക്തം ലഭിക്കാതെ വരുമ്പോള്‍ ഹൃദയാഘാതമുണ്ടാകുന്നു. പ്രമേഹം ഒരര്‍തത്തില്‍ ധമനീരോഗം തന്നെയാണ്.

എന്തൊക്കെയാണ് ഹൃദയപരിശോധനകള്‍

സ്റ്റതസ്‌കൊപ്പ് ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധന മുതല്‍ ആന്‍ജിയോഗ്രാഫി വരെയുള്ള പല ഹൃദയപരിശോധനകളും നിലവിലുണ്ട്. ഒ.പി യില്‍ പെട്ടെന്ന് രോഗം നിര്‍ണ്ണയിക്കാനാണ് ഇ.സി.ജി (ഇലക്ട്രോ കാര്‍ഡിയോഗ്രാം) എന്ന പരിശോധന.രോഗിയെ ക്രമമായ വ്യായാമരീതിക്കുവിധേയമാക്കി, അപ്പോഴെടുക്കുന്ന ഇ.സി.ജി പരിശോധിക്കുന്ന ടെസ്റ്റ് ആണ് ടി.എം.ടി അഥവാ ട്രെഡ്മില്‍ ടെസ്റ്റ്. ശരീരത്തിലെ ഏതെങ്കിലുമൊരു പ്രധാന സിരയില്‍കൂടി ഒരു കത്തീറ്റ കടത്തിവിടുന്ന ഹൃദയപരിശോധനയാണ് കാര്‍ഡിയാക് കത്തീറ്റരൈസേഷന്‍. റേഡിയോ ആക്ടീവ് തരംഗങ്ങള്‍ ഉപയോഗിച്ച് ഹൃദയ ചിത്രങ്ങളെടുക്കുന്ന റേഡിയോ ന്യൂക്ലൈഡ് ഇമേജിങ്ങ്, സി.ടി. സ്‌കാനിങ്ങ്, അതിസൂക്ഷ്മ ഭാഗങ്ങളുടെ പോലും ചിത്രമെടുക്കാനുള്ള എം.ആര്‍.ഐ സ്‌കാനിങ്ങ് തുടങ്ങിയ ടെസ്റ്റുകളുമുണ്ട്.

എന്താണ് കൊറോണറി ആന്‍ജിയോഗ്രാഫി

കൊറോണറി രക്തക്കുഴലുകളിലെ ബ്ലോക്കുകള്‍ കൃത്യമായി കണ്ടെത്താനുള്ള ഏറ്റവും നല്ല പരിശോധനയാണ് ആന്‍ജിയോഗ്രാഫി. രോഗിയുടെ തുടയ്ക്കുമുകളില്‍ അടിവയറിന് കീഴെയായി കഴലഭാഗത്തുകൂടി കത്തീറ്റര്‍ കടത്തിവിട്ടു രക്തക്കുഴലിലൂടെ മഹാധമനിയിലെത്തുന്നു. അവിടെ നിന്ന് ഹൃദയധമനികളുടെ തുടക്കസ്ഥാനത്തെത്തും. അയഡിന്‍ കലര്‍ന്ന ഡൈ ഇതിലൂടെ കടത്തിവിടും. ഇത് രക്തവുമായി കലര്‍ന്ന് കൊറോണറി ധമനിയില്‍ നിറയുന്നു. പ്രത്യേക എക്‌സറേ സംവിധാനമുപയോഗിച്ച് ഇതിന്റെ ചിത്രമെടുക്കുന്നു. ഡൈ കലര്‍ന്ന രക്തം ഒഴുകുന്നതിനാല്‍ കൂടുതല്‍ വ്യക്തവും സൂക്ഷ്മവുമായ ചിത്രങ്ങളാണ് ലഭിക്കുക. പരിശോധനക്ക് ആന്‍ജിയോഗ്രാഫി എന്നും ഇങ്ങനെ ലഭിക്കുന്ന ചിത്രങ്ങള്‍ക്ക് ആന്‍ജിയോഗ്രാംഎന്നുമാണ് പറയുന്നത്. ഇപ്പോള്‍ ആന്‍ജിയോഗ്രാം കൂടുതലായും കയ്യില്‍ (റേഡിയല്‍ ആര്‍ട്ടറി) കൂടിയാണ് ചെയ്തുവരുന്നത്. ഇത് കൂടുതല്‍ സൗകര്യപ്രദമാണ്.

എന്താണ് കൊറോണറി ആന്‍ജിയോപ്ലാസ്റ്റി

ഹൃദയധമനികളിലെ തടസ്സം നീക്കുന്നതിനുള്ള ചികിത്സാമാര്‍ഗ്ഗമാണ് ആന്‍ജിയോപ്ലാസ്റ്റി. നേര്‍ത്ത ട്യൂബ് ഹൃദയധമനിയിലേക്ക് കാലില്‍ കൂടിയോ കയ്യില്‍ കൂടിയോ കടത്തി ആണ് ഇത് ചെയ്യുന്നത്. ട്യൂബിന്റെ അറ്റത്തു ചെറിയ ബലൂണും ഉണ്ടാകും. തടസ്സമുള്ള ധമനിയിലേക്ക് ട്യൂബ് എത്തുന്നത് എക്‌സ്-റെ സ്‌ക്രീനിംഗ് വഴി നിരീക്ഷിക്കാം. തുടര്‍ന്ന് ബലൂണ്‍ പതിയെ വികസിപ്പിക്കുന്നു. ധമനിക്കുള്ളില്‍ അടിഞ്ഞു കൂടിയ കൊഴുപ്പിനെ ഇത് ധമനിയുടെ ഭിത്തിയിലേക്ക് തള്ളുകയും കൊറോണറിയിലൂടെ രക്തയോട്ടം സാധാരണ ഗതിയിലാവുകയും ചെയ്യുന്നു.

എന്താണ് ബൈപാസ്?

ശസ്ത്രക്രിയ വഴി ഹൃദയത്തിനു ആവശ്യമായ രക്തം ലഭിക്കുന്നതിനായി മഹാ ധമനിയില്‍ നിന്ന് കൊറോണറി ധമനിയിലേക്ക് പുതിയ ധമനി തുന്നിച്ചേര്‍ത്തു അടഞ്ഞുപോയ ധമനിയെ ബൈപാസ് ചെയ്യുന്നു. സ്വശരീരത്തില്‍ നിന്ന് തന്നെ എടുക്കുന്ന രക്തക്കുഴലുകളാണ് ഉപയോഗിക്കുക. നെഞ്ചില്‍ നിന്നോ കൈത്തണ്ടയില്‍ നിന്നോ കണങ്കാലില്‍ നിന്നോ എടുക്കുന്ന രക്തക്കുഴലുകളാണ് സാധാരണ ഉപയോഗിക്കാറ്. മിടിച്ചു കൊണ്ടിരിക്കുന്ന ഹൃദയത്തില്‍ തന്നെ ശാസ്ത്രക്രിയ നടത്തുകയാണ് ബൈപാസിലെ പുതിയരീതി. ഈ രീതിയില്‍ ഗ്രാഫ്റ്റ് തുന്നിച്ചേര്‍ക്കുമ്പോള്‍ ഹൃദയപ്രവര്‍ത്തനത്തിനു വിഘാതമൊന്നും ഉണ്ടാകുന്നില്ല.

ഹൃദയാഘാതം വരാതെ എങ്ങനെ സൂക്ഷിക്കാം?

ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക. കൊഴുപ്പ് അധികം അടങ്ങിയതും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കൃത്യമായി വ്യായാമം ചെയ്യുക. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. അമിതവണ്ണവും ബ്ലഡ് പ്രഷറും ഉണ്ടാകാതെ ശ്രദ്ധിക്കുക. കൂടിയ പ്രഷര്‍ നിയന്ത്രിക്കുക. പ്രമേഹം ഉള്ളവര്‍ അത് കര്‍ശനമായും നിയന്ത്രിച്ചു നിര്‍ത്തുക. മദ്യപാനവും പുകവലിയും ഒഴിവാക്കുക. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക.

- Advertisement -

spot_img
spot_img

- Advertisement -