ന്യൂഡല്‍ഹി : രാജ്യത്ത് ആദ്യമായി പ്രതിദിന കോവിഡ് കേസുകള്‍ 1.5 ലക്ഷം പിന്നിട്ടു. പുതിയതായി 1,52,879 പേര്‍ക്കാണു കോവിഡ് ബാധിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 1,33,58,805 ആയി. 11,08,087 പേരാണു ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 839 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,69,275 ആയി.
തുടര്‍ച്ചയായ അഞ്ചാം ദിവസമാണു കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിനു മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൊത്തം സജീവ കേസുകളുടെ 72.23 ശതമാനം മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, കേരള എന്നീ സംസ്ഥാനങ്ങളിലാണ്. കോവിഡ് കേസുകള്‍ കൂടുന്നതിനിടെ വാക്‌സിനേഷന്‍ പദ്ധതിയും പുരോഗമിക്കുകയാണ്. ആകെ 10,15,95,147 പേര്‍ക്കു പ്രതിരോധ വാക്‌സീന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് രണ്ടാംതരംഗം വ്യാപിക്കുമ്പോള്‍ രാജ്യവ്യാപക ലോക്ഡൗണിന്റെ ആവശ്യം ഇല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചന നല്‍കി. സാമൂഹിക പരിഷ്‌കര്‍ത്താവ് ഭൂലെയുടെ ജന്മദിനമായ 11 മുതല്‍ അംബേദ്കര്‍ ജയന്തിയായ 14 വരെ വാക്‌സീന്‍ ഉത്സവം ആഘോഷിക്കുകയാണു രാജ്യം. മാസ്‌ക് ധരിക്കുക, അകലം പാലിക്കുക, കൈകള്‍ ശുചിയാക്കുക, പോസിറ്റീവായവര്‍ക്കു ചികിത്സ നല്‍കുക, മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുക തുടങ്ങിയ നടപടികളിലൂടെ കോവിഡിനെ നേരിടാമെന്നു വാക്‌സീന്‍ ഉത്സവത്തിനു മുന്നോടിയായി പ്രധാനമന്ത്രി പറഞ്ഞു.