in , , , ,

കേരളം ജീവിതശൈലീ രോഗനിയന്ത്രണത്തിന് പ്രാധാന്യം നല്‍കണമെന്ന് ഡോ. ചെറിയാന്‍ വര്‍ഗീസ്

Share this story

തിരുവനന്തപുരം: ആരോഗ്യപരിപാലന മേഖല വികസിപ്പിക്കുകയും അടിസ്ഥാന സൗകര്യങ്ങളില്‍ പരിവര്‍ത്തനം കൊണ്ടുവരികയും ചെയ്താല്‍ കേരളത്തിന് 2030 ഓടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടാനാവുമെന്ന് ലോകാരോഗ്യ സംഘടനയുടെ പകര്‍ച്ചാരഹിത രോഗ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ചെറിയാന്‍ വര്‍ഗീസ് പറഞ്ഞു.

ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ച ആരോഗ്യരംഗത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള നയപരിപാടികള്‍ രൂപപ്പെടുത്തുന്നത് ലക്ഷ്യം വച്ച് സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിച്ച കേരള ഹെല്‍ത്ത് ഓണ്‍ലൈന്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പകര്‍ച്ചാരഹിത രോഗങ്ങളെ നിയന്ത്രിക്കുക- സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്നതായിരുന്നു അദ്ദേഹം സംസാരിച്ച പ്രമേയം. കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന പ്രധാന നാല് പ്രശ്‌നങ്ങള്‍ രക്താതിസമ്മര്‍ദ്ദം, അനാരോഗ്യകരമായ ഭക്ഷണക്രമം, പ്രമേഹം (26 %) അമിതവണ്ണം (40%) എന്നിവയാണ്. ഹൃദ്രോഗം, പക്ഷാഘാതം, ആത്മഹത്യ, ശ്വാസകോശ രോഗങ്ങള്‍ എന്നിവ മൂലമാണ് സംസ്ഥാനത്തെ ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതെന്നും ദേശീയ കുടുംബാരോഗ്യ സര്‍വേ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

ആഹാരരീതിയിലെ നിയന്ത്രണം, കൊഴുപ്പും ഉപ്പും കുറഞ്ഞ ഭക്ഷണം, വ്യായാമം, മലിനീകരണം കുറഞ്ഞ ഗതാഗത സംവിധാനങ്ങള്‍, മികച്ച നഗരാസൂത്രണം എന്നിവകൊണ്ട് വളരെ വ്യത്യാസങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. പുകയില, മദ്യം എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതിന് നിയമനിര്‍മ്മാണം കൊണ്ടുവരിക, ആരോഗ്യവര്‍ധക ഉത്പന്നങ്ങള്‍ക്ക് നികുതി ഇളവ് നല്‍കി വില കുറയ്ക്കുക തുടങ്ങിയ നടപടികള്‍ കൈക്കൊള്ളാവുന്നതാണ്. ആരോഗ്യസാക്ഷരതയ്ക്ക് മികച്ച പിന്തുണ നല്‍കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒന്നിലധികം രോഗങ്ങളുള്ള വ്യക്തികള്‍ കേരളത്തില്‍ കൂടുതലാണ്. ഒരു രോഗത്തിനുമാത്രമായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുന്നവര്‍ കേരളത്തില്‍ തുലോം കുറവായിരിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ നടപടി മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

പകര്‍ച്ചാരഹിത രോഗങ്ങള്‍ക്കൊപ്പം തന്നെ പ്രാധാന്യം നല്‍കേണ്ടതാണ് മാനസികാരോഗ്യവും വയോജനചികിത്സയും. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ പൊതുജനാരോഗ്യ ഉദ്യോഗസ്ഥന്‍ വേണം. രക്താതിസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുള്ള നടപടികളിലൂടെ ഹൃദ്രോഗം കുറയ്ക്കാനാകും. പ്രമേഹം മൂലം അവയവങ്ങള്‍ മുറിച്ചു മാറ്റുന്നതും കുറയ്ക്കണം. നിലവിലെ കൊവിഡ് ആശുപത്രികള്‍ പകര്‍ച്ചാരഹിത രോഗ നിവാരണ കേന്ദ്രങ്ങളാക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

രോഗികളുടെ വ്യക്തമായ കണക്കുകള്‍ രോഗപ്രതിരോധത്തില്‍ പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനനമരണം രേഖപ്പെടുത്തുമ്പോള്‍ മരണ കാരണം പ്രത്യേകം രേഖപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പൊതുജനാരോഗ്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കണം. എംഡിയ്‌ക്കൊപ്പം പിഎച്ഡി കൂടി നല്‍കുന്ന രീതിയില്‍ പഠനം ക്രമീകരിക്കണം. ഗവേഷണങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ആയുഷ് വകുപ്പ് എന്നിവയുടെ സേവനങ്ങളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

ആത്മഹത്യനിരക്ക് കൂടുന്നു, പൗരന്‍മാരുടെ ഏകാന്തതക്ക് മന്ത്രിയെ നിയമിച്ച് ജപ്പാന്‍

ശിശുമരണ നിരക്ക് അഞ്ചില്‍ താഴെയാക്കുക സംസ്ഥാനത്തിന്റെ ലക്ഷ്യം: മന്ത്രി കെ.കെ. ശൈലജ