തിരുവനന്തപുരം: കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ 44 ദിവസത്തെ എക്മോ ( ഋഇങഛ എക്സ്ട്രാ കോര്‍പോറിയല്‍ മെംബ്രെയിന്‍ ഓക്സിജനേഷന്) ചികിത്സയിലൂടെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കിംസ്ഹെല്‍ത്ത്. കൊവിഡ് ബാധിച്ച് ഹോം ക്വാറന്റീനിലായിരുന്ന സ്വകാര്യ സ്ഥാപനത്തിലെ എഞ്ചിനീയറായ 38 കാരനില്‍ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് ടെലികണ്‍സള്‍ട്ടേഷനിലൂടെ ആശുപത്രിയിലെത്താന്‍ നിര്‍ദേശം നല്‍കിയത്.
കിംസ്ഹെല്‍ത്തിലെ കൊവിഡ് ടീമിന്റെ മേല്‍നോട്ടത്തിലായിരുന്നു ആദ്യ ചികിത്സ. ശ്വസിക്കാനുള്ള ബുദ്ധിമുട്ടുണ്ടായിരുന്നതിനാല്‍ ഓക്സിജന്‍ ചികിത്സ നല്കി മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവില്‍ പ്രവേശിപ്പിച്ചു. ന്യുമോണിയ ബാധിക്കുകയും തുടര്‍ന്ന് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുകയും ചെയ്തതിനാല്‍ വെന്റിലേഷന് നല്കി. സാംക്രമിക രോഗ വിഭാഗം, റെസ്പിറേറ്ററി മെഡിസിന്, കാര്‍ഡിയോളജി, കാര്‍ഡിയാക് സര്‍ജറി, ഇന്റെസിവിസ്റ്റ്, ലാറിങ്കോളജി, ഗ്യാസ്ട്രോഎന്‍ട്രോളജി, നെഫ്രോളജി, കാര്‍ഡിയാക് അനസ്തേഷ്യ തുടങ്ങി വിവിധ വിഭാഗങ്ങളുള്‍പ്പെടുന്ന മള്‍ട്ടിഡിസിപ്ലിനറി ടീം രൂപപ്പെടുത്തി കിംസ്ഹെല്‍ത്ത് കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്കുലര്‍ സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റും വകുപ്പുമേധാവിയുമായ ഡോ. ഷാജി പാലങ്ങാടന്റെ നേതൃത്വത്തില്‍ എക്മോ ആരംഭിച്ചു.
ഹൃദയത്തിന്റേയും ശ്വാസകോശത്തിന്റേയും പ്രവര്‍ത്തനം ജീവന് നിലനിര്‍ത്താനാവാത്ത വിധം മന്ദഗതിയിലാകുമ്പോഴാണ് എക്മോ ഉപയോഗിക്കേണ്ടിവരുന്നതെന്ന് ഡോ. ഷാജി പാലങ്ങാടന്‍ പറഞ്ഞു. ശരീരത്തിനു പുറത്ത് ഹൃദയത്തിനും ശ്വാസകോശത്തിനും പ്രവര്‍ത്തിക്കാനുള്ള സഹായം നല്കുന്ന ഈ ചികിത്സയില്‍ രക്തം എക്മോ സംവിധാനത്തിലൂടെ കടത്തിവിടുമ്പോള്‍ ഓക്സിജന്റെ അളവ് ക്രമപ്പെടുത്തി തിരികെ ശരീരത്തിലെത്തിക്കുകയാണ് ചെയ്യുന്നത്.
തുടര്‍ച്ചയായുള്ള പ്രവര്‍ത്തനം കാരണം എക്മോ മെഷീനിലെ ഓക്സിജനേറ്ററിന്റെ പ്രവര്‍ത്തനക്ഷമത കുറയുമെന്നതിനാല്‍ ഏകദേശം 21 ദിവസത്തിനുശേഷം മെഷീനിലെ ഓക്സിജനേറ്റര്‍ മാറ്റേണ്ടതുണ്ട്. എക്മോ മെഷീനിലൂടെ നിരന്തരം രക്തം ഒഴുകുന്നതിനാലും പ്രത്യേകിച്ച് കൊവിഡ് രോഗിയുടെ രക്തം ആയതിനാലും മെഷീനിനുള്ളില്‍ രക്തം കട്ടപിടിച്ചിരിക്കാനുളള സാധ്യതയുണ്ട്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും എക്മോ മെഷീനെ ആശ്രയിച്ചിരിക്കുന്നതിനാല്‍ മെഷീനിലെ ഓക്സിജനേറ്റര്‍ മാറ്റുക വെല്ലുവിളിയായിരുന്നതായും 24 സെക്കന്റിനുളളില്‍ വിദഗ്ദ്ധര്‍ക്ക് പുതിയ ഓക്സിജനേറ്റര്‍ ഘടിപ്പിക്കാനായതായും ഡോക്ടര്‍ വ്യക്തമാക്കി.
എക്മോ ചികിത്സയുടെ ഭാഗമായി ശരീരത്തിലെ മുഴുവന്‍ രക്തവും മെഷിനിലൂടെയും വിവിധ ട്യൂബുകളിലൂടെയും കടത്തിവിടുന്നതിനാല്‍ തുടര്‍ന്നുള്ള രക്ത പരിശോധനകളില്‍ അണുബാധ കണ്ടെത്തി. എന്നാല്‍ സാംക്രമിക രോഗ വിഭാഗത്തിന്റെ ചികിത്സയിലൂടെ അത്തരം പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു. തുടര്‍ന്ന് യുവാവിന്റെ നില മെച്ചപ്പെട്ടതോടെ തുടര്‍ ദിവസങ്ങളില്‍ എക്മോയില്‍ നിന്നും വെന്റിലേറ്ററില്‍ നിന്നും മാറ്റാനായി. രോഗം പൂര്‍ണമായി സൗഖ്യം പ്രാപിച്ച് ആശുപത്രി വിടുകയും ചെയ്തു. ധനസമാഹരണത്തിലൂടേയും ഇന്‍ഷുറന്‍സ് പരിരക്ഷയിലൂടേയുമായിരുന്നു യുവാവിന് ചികിത്സാ ചെലവുകള്‍ ലഭിച്ചത്.
ഇതിനോടകം എഴുപതിലേറെ എക്മോ ചെയ്തിട്ടുള്ള കിംസ്ഹെല്‍ത്ത് ഈ നേട്ടം കൈവരിച്ചിട്ടുള്ള കേരളത്തിലെ ഏക ആശുപത്രിയാണ്. എക്മോയിലെ അന്താരാഷ്ട്ര നിലവാരമായ 70 ശതമാനം വിജയം കിംസ്ഹെല്‍ത്തിനുണ്ട്. ജീവന് അപകടത്തിലായ അനവധി രോഗികള്‍ക്കാണ് കിംസ്ഹെല്‍ത്തില്‍ എക്മോയിലൂടെ തിരികെ ജീവിതത്തിലേയ്ക്ക് എത്താന്‍ സാധിച്ചത്.