in ,

മരണമുഖത്ത് നിന്നും ഗര്‍ഭിണിയെ രക്ഷിച്ച് കിംസ്ഹെല്‍ത്തിലെ എക്മോ ചികിത്സ

Share this story


തിരുവനന്തപുരം: ഗര്‍ഭിണികളായ സ്ത്രീകളില്‍ അപൂര്‍വവും അതീവ മരണസാധ്യയുള്ളതുമായ അംനിയോട്ടിക് ഫ്ളൂയിഡ് എമ്പോളിസത്തില്‍ നിന്നും യുവതിയെ രക്ഷിച്ച് കിംസ്ഹെല്‍ത്തിലെ എക്സ്ട്രാ കോര്‍പോറിയല്‍ മെമ്പ്രേയിന്‍ ഓക്സിജനേഷന്‍ (എക്മോ) ചികിത്സാ സംവിധാനം. പ്രസവവേദനയ്ക്കിടെ രണ്ട് തവണ ഹൃദയസ്തംഭനമുണ്ടായ യുവതിയ്ക്കാണ് എക്മോ ചികിത്സയിലൂടെ പുതുജീവന്‍ ലഭിച്ചത്.

മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിക്കാണ് പെട്ടന്ന് ഹൃദയസ്തംഭനമുണ്ടായത്. ഗര്‍ഭസ്ഥ ശിശുവിനെ ചുറ്റിക്കിടക്കുന്ന അംനിയോട്ടിക് ദ്രാവകം അമ്മയുടെ രക്തത്തില്‍ കലര്‍ന്ന് ധമനികളില്‍ തടസ്സമുണ്ടാകുന്ന രോഗാവസ്ഥയാണ് ഇവര്‍ക്കുണ്ടായത്. ആദ്യ ഹൃദയസ്തംഭനത്തില്‍ നിന്നും തിരിച്ചുവരാന്‍ സാധിച്ചെങ്കിലും തുടര്‍ സ്തംഭനം ഉണ്ടാകുമോയെന്ന ആശങ്ക നിമിത്തം കിംസ്ഹെല്‍ത്തിലേക്ക് രോഗിയെ എത്തിക്കുകയായിരുന്നു.

ആദ്യ ഹൃദയസ്തംഭനത്തിനു ശേഷം തന്നെ ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്തെങ്കിലും കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. കിംസ്ഹെല്‍ത്തില്‍ എത്തിച്ച് യുവതിക്ക് വീണ്ടും ഹൃദയസ്തംഭനമുണ്ടായി. മാത്രമല്ല, രക്തത്തിലെ ഓക്സിജന്‍റെ അളവ് ക്രമാതീതമായി കുറയുന്ന സാഹചര്യത്തില്‍ എക്മോ യന്ത്രത്തിന്‍റെ സഹായം തേടാന്‍ തീരുമാനിച്ചു. ശ്വാസകോശത്തിന്‍റെയോ ഹൃദയത്തിന്‍റെയോ സഹായമില്ലാതെ രക്തം ശരീരത്തിനു പുറത്തേക്ക് എത്തിച്ച് എക്മോയുടെ സഹായത്തോടെ ശുദ്ധീകരിച്ച് തിരികെ ശരീരത്തിലേക്ക് കയറ്റുന്ന ചികിത്സാരീതിയാണിത്.

കാര്‍ഡിയോ തൊറാസിക് വിഭാഗത്തിലെ ഡോക്ടര്‍മാര്‍ രോഗിയുടെ കാലിലെ രക്തക്കുഴലിലൂടെയും ധമനിയിലൂടെയും ട്യൂബുകള്‍ കയറ്റിയാണ് എക്മോ സംവിധാനത്തിലേക്ക് മാറ്റിയത്. ഒരേ സമയം ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും പ്രവര്‍ത്തനം നടത്തുന്നതിനൊപ്പം ഹൃദയമിടിപ്പ് നില്‍ക്കാതിരിക്കാന്‍ ഹൃദയത്തിന് മസാജ് ചെയ്യുന്ന ഇസിപിആര്‍ രീതിയും ചെയ്തുവെന്ന് കിംസ്ഹെല്‍ത്തിലെ കാര്‍ഡിയാക്-തൊറാസിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്‍റ്  ഡോ. ഷാജി പാലങ്ങാടന്‍ പറഞ്ഞു. തുടര്‍ന്ന് ആറ് ദിവസത്തിനു ശേഷം ഹൃദയവും ശ്വാസകോശവും സാധാരണ രീതിയിലായി തുടങ്ങി.

അംനിയോട്ടിക് ഫ്ളൂയിഡ് എമ്പോളിസം വളരെ അപൂര്‍വമായി മാത്രം ഗര്‍ഭിണികളില്‍ കണ്ടു വരുന്ന രോഗാവസ്ഥയാണെന്ന് കിംസ്ഹെല്‍ത്തിലെ ഗൈനക്കോളജി ആന്‍റ്  ഒബ്സ്റ്റെട്രിക്സ് വിഭാഗം കണ്‍സല്‍ട്ടന്‍റ്  ഡോ. സജിത് മോഹന്‍ ആര്‍ പറഞ്ഞു. 90 ശതമാനത്തോളം ഇത്തരം രോഗികളില്‍ മരണം സംഭവിക്കുകയാണ് പതിവ്. നിര്‍ണായക ഘട്ടത്തില്‍ എക്മോ സംവിധാനത്തിലേക്ക് രോഗിയെ മാറ്റിയതിനാലാണ് അവരുടെ ജീവന്‍ രക്ഷിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.

ഗൈനക്കോളജി ആന്‍റ്  ഒബ്സ്റ്റെട്രിക്സ് വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്‍റ്  ഡോ. രാധാമണി ഡി, കാര്‍ഡിയോ-തൊറാസിക് അനസ്തേഷ്യ വിഭാഗം കണ്‍സല്‍ട്ടന്‍റ് ഡോ. സുഭാഷ്, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ജേക്കബ് ജോണ്‍, കാര്‍ഡിയാക് സര്‍ജറി, കാര്‍ഡിയാക് അനസ്തീഷ്യ, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവരാണ് ചികിത്സാപ്രക്രിയയില്‍ പങ്കെടുത്തത്.
കൊവിഡ് മൂര്‍ഛിക്കുന്നതടക്കമുള്ള ഗുരുതര ശ്വാസകോശ രോഗങ്ങളില്‍ അവസാനത്തെ അത്താണിയായാണ് എക്മോ സംവിധാനത്തെ വൈദ്യശാസ്ത്രം കരുതുന്നത്. 
കൊവിഡ് മഹാമാരിയുടെ ചികിത്സയില്‍ ഏറ്റവുമധികം നിര്‍ണായകമായത് എക്മോ സംവിധാനമായിരുന്നു. അതിനാല്‍ തന്നെ ഈ സംവിധാനം രാജ്യത്തെ ആശുപത്രികളില്‍ ഏര്‍പ്പെടുത്തേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്താനും വേണ്ടി ഡോക്ടര്‍മാര്‍ക്കായി കിംസ്ഹെല്‍ത്ത് എക്മോ പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു.

‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’; ഇന്ന് ലോകാരോഗ്യ ദിനം

ഫാറ്റി ലിവര്‍ ഡിസീസ് (Fatty Liver Disease): എന്തൊക്കെ ശ്രദ്ധിക്കണം