കൊച്ചി: കോവിഡ് നെഗറ്റീവായി ഒരു മാസത്തിനകം അനുബന്ധ ആരോഗ്യപ്രശ്നങ്ങള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ച ചികിത്സാനിരക്കുകള്‍ ബാധകമാക്കാനാകില്ലേ എന്ന് ഹൈക്കോടതി. ഇന്ന് നെഗറ്റീവ് ആകുന്ന ആള് നാളെമുതല്‍ കോവിഡ് അനന്തര സങ്കീര്‍ണ്ണത മൂലമുള്ള ചികിത്സയ്ക്ക് എങ്ങനെ ഉയര്‍ന്ന തുക നല്‍കണമെന്ന് പറയാനാകുമെന്നും കോടതി ചോദിച്ചു.
കോവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനകമുള്ള മരണം കോവിഡ് മരണമായി കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ കണക്കാക്കുന്നുണ്ട്. അതിനാല്‍ ഇക്കാലയളവിലെ ആരോഗ്യ പ്രശ്നങ്ങളും കോവിഡുമായി ബന്ദപ്പെട്ടതായി കണക്കാക്കണമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.
കോവിഡ് ആനന്തര ചികിത്സയ്ക്കുള്ള നിരക്കുകള്‍ വ്യക്തമാക്കി പ്രത്യേക ഉത്തരവിറക്കാനുള്ള കാരണമെന്താണെന്നും ഓഗസ്റ്റ് 16ലെ ഉത്തരവ് പിന്‍വലിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു. കോവിഡിനെ തുടര്‍ന്ന് ചിലര്‍ക്ക് വൃക്ക, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും കോടതി ചൂണ്ടികാട്ടി.
സ്വാകാര്യ ആശുപത്രികള്‍ അമിത തുക ഈടാക്കാതിരിക്കാനാണ് കോവിഡാനന്തര ചികിത്സയ്ക്കും നിരക്ക് നിശ്ചയിച്ചതെന്നാണ് സര്‍ക്കാരിന്റെ വാദം. കോവിഡും കോവിഡ് മൂലമുള്ള സങ്കീര്‍ണ്ണതകളും വ്യത്യസ്ഥമാണെന്നും കോവിഡ് വൈറസ് ബാധ മൂലമാമെങ്കില് അനുബന്ധ പ്രശ്നങ്ങള്‍ ഫംഗസ് മൂലമാണെന്ന വാദവും സര്‍ക്കാര്‍ ഉന്നയിച്ചു.
വിശദീകരണം അറിയിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.