in , , , , , , , ,

ആവര്‍ത്തിച്ചുള്ള പ്രവര്‍ത്തനം ശരീരത്തെ ഏതെല്ലാം തരത്തില്‍ ബാധിക്കും?

Share this story

ജോലി ചെയ്യുമ്പോഴോ അതിനു ശേഷമോ നിങ്ങളുടെ കൈകളിലോ, കൈത്തണ്ടയിലോ, തോളിലോ, കഴുത്തിലോ, നിങ്ങള്‍ക്ക് അസ്വസ്ഥതയോ, വേദനയോ, അനുഭവപ്പെട്ടിട്ടുണ്ടോ? ആവര്‍ത്തിച്ചുള്ള ജോലിചെയ്യുന്നതിനിടയിലോ അല്ലെങ്കില്‍ അത് നിര്‍ത്തിയതിനുശേഷമോ ആണ് ഈ പ്രശ്നങ്ങള്‍ പ്രത്യക്ഷപ്പെടുന്നതെങ്കില്‍ അതില്‍ ആശങ്കപ്പെടേണ്ടതുണ്ട്. ഇത് റെപ്പറ്റിറ്റീവ് സ്‌ട്രെയിന്‍ ഇഞ്ചുറി (RSI – Repetitive Strain Injury) എന്ന വിഭാഗത്തില്‍പ്പെട്ട രോഗത്തിന്റെ ആരംഭമായിരിക്കാം.

പലപ്പോഴും പ്രതികൂല സാഹചര്യങ്ങളില്‍ തുടര്‍ച്ചയായ ആവര്‍ത്തിച്ചിട്ടുള്ള ജോലിയുടെ ഫലമായി വേദന, മരവിപ്പ്, സന്ധികളിലെ കാഠിന്യം, ബലഹീനത മുതലായ ലക്ഷണങ്ങളുള്ള രോഗാവസ്ഥകളെ വിവരിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് RSI. പ്രതികൂല സാഹചര്യം എന്നത് സാധാരണ ദൈനംദിന സമ്മര്‍ദ്ദം മുതല്‍ മോശം ജോലി സജ്ജീകരണങ്ങളും തൊഴില്‍ സാഹചര്യങ്ങളും വരെയാകാം.

തൊഴിലുടമകളും സഹപ്രവര്‍ത്തകരും പലപ്പോഴും ആരോഗ്യവിദഗ്ധര്‍ പോലും തങ്ങള്‍ എന്താണ് അനുഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നില്ലെന്ന് പല രോഗികളും പരാതിപ്പെടാറുണ്ട്. RSI രോഗികള്‍ക്ക് ദൃശ്യമായ മാറ്റങ്ങളൊന്നുമില്ലാത്തതിനാല്‍ പലപ്പോഴും ഇത്തരം രോഗാവസ്ഥയിലുള്ളവരെ ഹൈപ്പോക്കോന്‍ട്രിയാസിസ് എന്ന മാനസിക രോഗാവസ്ഥയുള്ളവരായും രോഗം അഭിനയിക്കുന്നവരായും മുദ്രകുത്തുന്ന കാണാറുണ്ട്.

RSI-യ്ക്ക് നിരവധി കാരണങ്ങളുണ്ട് എന്നത് ആശയക്കുഴപ്പത്തിന് വഴിയൊരുക്കുന്നു. RSI എന്നത് ശരീരത്തിലെ മൃദുകോശങ്ങളായ ഞരമ്പുകള്‍, പേശികള്‍, ടെന്‍ഡണുകള്‍, ലിഗമെന്റുകള്‍, രക്തക്കുഴലുകള്‍ എന്നിവയെ ബാധിക്കുന്ന ഒരു രോഗമാണ് ഇത്തരം മൃദുകോശങ്ങളില്‍ സമ്മര്‍ദ്ദം, അമിതമായ ഭാരമേല്‍പ്പിക്കല്‍, അമിതഉപയോഗം എന്നിവയുടെ ഫലമായി ഒരു പേശിവിഭാഗം മറ്റൊന്നിനെതിരെ പ്രവര്‍ത്തിക്കാനിടയാകുന്നു.

സാധാരണയായി കാണുന്ന RSI രോഗങ്ങള്‍ ഇവയാണ്:

  1. കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം (Carpal Tunnel Syndrome)
  2. മയോഫാഷ്യല്‍ പെയിന്‍ സിന്‍ഡ്രോം (Myofacial Pain Syndrome)
  3. സര്‍വിക്കല്‍ സ്പോണ്ടിലോസിസ് (Cervical Spondylosis)
  4. ടെന്നിസ് എല്‍ബോ (Tennis Elbow)
  5. ഡി ക്യുര്‍വൈന്‍സ് ടീനോസിനോവൈറ്റിസ് (De Quervain’s tenosynovitis)
  6. ഗാംഗ്ലിയോണ്‍ സിസ്റ്റ് (Ganglion Cyst)

സാധാരണ അപകടസാദ്ധ്യത ഘടകങ്ങള്‍ ഇവയാണ്:

  1. പരിക്കുകള്‍ക്കുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്ന ജോലി സാഹചര്യങ്ങള്‍.
  2. ആവര്‍ത്തന സ്വഭാവമുള്ള ജോലി.
  3. അപക്വമായ ഇരിപ്പ് (Improper sitting).
  4. ജോലിയുടെ ദൈര്‍ഘ്യം / വീണ്ടെടുക്കല്‍ സമയത്തിന്റെ (Recovery time) അഭാവം.
  5. അസുഖകരമായ അന്തരീക്ഷം

ഡ്രില്ലിംഗ്, ടൈപ്റൈറ്റിംഗ്, നിര്‍മ്മാണ ജോലികള്‍, സംഗീതജ്ഞര്‍, നര്‍ത്തകര്‍, തുണിക്കടയിലെ തൊഴിലാളികള്‍ തുടങ്ങിയ ഒരേ പ്രവര്‍ത്തികളില്‍ മണിക്കൂറുകളോളം ഏര്‍പ്പെടുന്നവര്‍ക്കാണ് ഇത്തരം രോഗസാദ്ധ്യത കൂടുതല്‍.

RSI-യുടെ ആദ്യഘട്ടത്തില്‍ ജോലി ചെയ്യുന്ന സമയത്ത് മാത്രം ലക്ഷണങ്ങള്‍ കാണുകയും ജോലിയുടെ പ്രകടനത്തില്‍ കുറവുണ്ടാവുകയുമില്ല. പിന്നീട് ലക്ഷണങ്ങള്‍ രാത്രിയിലും തുടരുകയും ജോലിയിലുള്ള ശേഷി കുറയുകയും ചെയ്യുന്നു. അവസാനഘട്ടമാകുമ്പോള്‍ വിശ്രമിക്കുന്ന അവസരങ്ങളിലും ലക്ഷണങ്ങള്‍ തുടരുകയും ഉറക്കത്തെ ബാധിക്കുകയും ചെറിയ ജോലി പോലും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയും ഉണ്ടാകുന്നു.

നേരത്തെ തന്നെ രോഗനിര്‍ണ്ണയം നടത്തിയാല്‍ ശസ്ത്രക്രിയയുടെ ആവശ്യമില്ലാതെ തന്നെ ഈ രോഗം ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്നു എന്നത് ആശ്വാസകരമാണ്. രോഗനിര്‍ണ്ണയത്തിന് രോഗവുമായി ബന്ധപ്പെട്ട വിശദമായ മുന്‍ വിവരങ്ങള്‍ ആവശ്യമാണ്. ആന്ത്രപോമെട്രി (Anthropometry), ജോലിസ്ഥലത്തെ അപകടസാദ്ധ്യത അളക്കല്‍ കൂടാതെ ശാരീരിക പരിശോധന, രക്ത പരിശോധന, ഇമേജിംഗ്, എന്നിവ രോഗനിര്‍ണ്ണയത്തിന് ആവശ്യമായി വരും. ചികിത്സ ക്ലിനിക്കില്‍ മൂല്യനിര്‍ണ്ണയത്തെ അടിസ്ഥാനമാക്കി വ്യക്തിഗതമായിരിക്കും.

RSI ഒരേ സമയം വ്യത്യസ്ത സമീപനങ്ങള്‍ കൊണ്ട് ചികിത്സിക്കേണ്ടതുണ്ട്. ശരീര ഭാവത്തിലെ (Body posture) തിരുത്തലുകളും പരിശീലനവുമാണ് പലപ്പോഴും ആദ്യഘട്ട ചികിത്സാ രീതി. ഒരു ഫിസിയോതെറാപ്പി വിദഗ്ധന്റെ മേല്‍നോട്ടത്തില്‍ പേശികളുടെ വലിച്ചു നീട്ടലും (Stretching) ശക്തിപ്പെടുത്തലും (Strengthening) വ്യായാമങ്ങളും ഉപയോഗപ്രദമാണ്. എര്‍ഗോണോമിക് (Ergonomic) പഠനത്തിലൂടെ വ്യക്തികളുടെയും പ്രവര്‍ത്തന പരിതസ്ഥിതികളുടെയും സ്വഭാവവും ജോലി നിര്‍വ്വഹിക്കുന്നതില്‍ ജീവനക്കാരനുള്ള പരിമിതികളും മനസ്സിലാക്കുക എന്നത് വളരെ പ്രധാനമാണ്. ജോലികള്‍ സുഖകരമായും സുരക്ഷിതമായും വേദനയില്ലാതെയും നിര്‍വ്വഹിക്കുന്നതിനുള്ള ബയോമെക്കാനിക്സ് പരിശീലനം RSI-യ്ക്ക് വളരെ ഫലപ്രദമാണ്. കൂടാതെ വേദന കുറയ്ക്കാനും ടിഷ്യു സുഖപ്പെടുത്തുന്നതിനുമുള്ള മരുന്നുകളും മനശാസ്ത്രപരമായ കൗണ്‍സിലിംഗും ചികിത്സാ രീതിയില്‍ ഉള്‍പ്പെടുന്നു. വേദന വിട്ടുമാറാതെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്റ്റിറോയ്ഡ് കുത്തിവയ്പ്പ് നല്‍കുന്നത് കാര്യമായ വ്യത്യാസമുണ്ടാക്കാറുണ്ട്. അവസാനഘട്ടം മാത്രം ചില അവസരങ്ങളില്‍ ശസ്ത്രക്രിയ വേണ്ടി വന്നേക്കാം.

ചെറുപ്പമായിരിക്കാന്‍ കൊതിയില്ലാത്തവരുണ്ടോ? കഴിക്കാം ഈ ഭക്ഷണങ്ങള്‍

ഉയര്‍ന്ന ബിപി നല്ല പണി തരും