പ്രമേഹം രണ്ട് തരത്തിലുണ്ട്. ടൈപ്പ്-1 പ്രമേഹവും, ടൈപ്പ്-2 പ്രമേഹവും . പലര്‍ക്കും ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അറിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
രണ്ട് അവസ്ഥയിലും ശരീരത്തിന് ഗ്ലൂക്കോസ് വേണ്ടവിധം സൂക്ഷിക്കാനും വിനിയോഗിക്കാനും സാധിക്കില്ല. നമുക്ക് ഊര്‍ജ്ജം വരണമെങ്കില്‍ ഗ്ലൂക്കോസ് ഫലപ്രദമായ രീതിയില്‍ സൂക്ഷിക്കപ്പെടുകയും വിനിയോഗിക്കപ്പെടുകയും വേണം. എന്നാല്‍ പ്രമേഹത്തില്‍ ഇത് നടക്കാതെ വരികയും ഗ്ലൂക്കോസ് കോശങ്ങളിലേക്ക് ആവശ്യമുള്ള സമയത്ത് എത്താതെ പകരം രക്തത്തില്‍ എത്തുന്നു. ഇങ്ങനെയാണ് രക്തത്തില്‍ ഗ്ലൂക്കോസ് അളവ് ഏറുന്നത് (പ്രമേഹം)
ഗ്ലൂക്കോസിന് കോശങ്ങളിലേക്ക് എത്തണമെങ്കില്‍ ഇന്‍സുലിന്റെ സഹായം വേണം. ടൈപ്പ് 1 പ്രമേഹത്തിലാണെങ്കില്‍ ഇന്‍സുലിന്‍ ഉത്പാദനമേ നടക്കാത്ത അവസ്ഥയാണ്. ടൈപ്പ് 2 പ്രമേഹത്തില്‍ ഇന്‍സുലിന്‍ ഉപയോഗിക്കപ്പെടുത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇതാണ് ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം.
ടൈപ്പ്-1 പ്രമേഹത്തിനും ടൈപ്പ്- 2 പ്രമേഹത്തിനും പല ലക്ഷണങ്ങളും സമാനമാണെങ്കിലും ചിലതില്‍ വ്യത്യാസം കാണാം. ടൈപ്പ് -2 പ്രമേഹത്തില്‍ പലപ്പോഴും വര്‍ഷങ്ങളോളം രോഗിയില്‍ ലക്ഷണങ്ങള്‍ ഒന്നും കാണാതിരിക്കാം. പ്രമേഹം മൂര്‍ച്ഛിച്ച് അത് മറ്റേതെങ്കിലും വിഷമതകളിലേക്ക് എത്തുമ്പോള്‍ മാത്രമായിരിക്കും ഇത് കണ്ടെത്തപ്പെടുക.
അതേസമയം ടൈപ്പ്-1 പ്രമേഹമാണെങ്കില്‍ അത് പെട്ടെന്ന് തന്നെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. ചെറുപ്പക്കാരില്‍ വിശേഷിച്ചും കുട്ടികളില്‍ വരെ കാണപ്പെടുന്ന പ്രമേഹം ഇതാണ്. എന്നാല്‍ പ്രായമായവരില്‍ ഇത് കാണില്ലെന്നല്ല. പ്രായമായവരെയും ടൈപ്പ്-1 പ്രമേഹം പിടികൂടാം.
ഇടവിട്ട് മൂത്രശങ്ക, അമിതമായ ദാഹം, അമിതമായ വിശപ്പ്, അസഹനീയമായ ക്ഷീണം, കാഴ്ചയക്ക് മങ്ങല്‍, മുറിവുകളോ പരുക്കുകളോ സംഭവിക്കുമ്പോള്‍ അത് എളുപ്പം ഉണങ്ങാതിരിക്കുക എന്നിവയെല്ലാം രണ്ട് തരം പ്രമേഹങ്ങളിലും ഒരുപോലെ കാണപ്പെടാവുന്ന ലക്ഷണങ്ങളാണ്. അസ്വസ്ഥത, മൂഡ് സ്വിംഗ്‌സ്, ശരീരഭാരം കുറയുക, കൈകാലുകളില്‍ മരവിപ്പ്- വിറയല്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങളും വരാം.