in , , , , , , ,

ശരീരത്തില്‍ ഇഎസ്ആര്‍ (ESR) കൂടുന്നത് എന്തു കൊണ്ട്?

Share this story

പലപ്പോഴും നമ്മള്‍ രക്തപരിശോധന നടത്തുമ്പോള്‍ ഇഎസ്ആര്‍ വാല്യൂ കൂടുതല്‍ എന്നു കാണാറുണ്ട്. ഇഎസ്ആര്‍ കുറച്ചു നിര്‍ത്തുന്നതാണ് നല്ലതെന്നതും ആരോഗ്യപരമായ വശമാണ്. നാം നമ്മുടെ രക്താണുക്കളെ ഒരു ഗ്ലാസ് ട്യൂബില്‍ ഇട്ടു വച്ചാല്‍ ഇവ എത്രത്തോളം വേഗം താഴെ അടിയുമെന്നതിന്റെ വാല്യൂവാണ് ഇഎസ്ആര്‍ അഥവാ എറിത്രോസൈറ്റ് സെഡിമെന്റേഷന്‍ റേറ്റ് എന്നത്. ആന്റി കോയാഗലന്റ് അഥവാ രക്തം കട്ട പിടിയ്ക്കാതിരിയ്ക്കാനുള്ള വസ്തു ചേര്‍ത്ത് വച്ചാല്‍ ഇത് അടിയുന്നതിന്റെ കണക്കാണ് ഇഎസ്ആര്‍. നമ്മുടെ ശരീര വേദനയും മറ്റു ചില രോഗ ലക്ഷണങ്ങളുമായി ഇതിന് ബന്ധമുണ്ട്. ഏത് ലാബിലും ഇത് കണ്ടെത്താന്‍ സാധിയ്ക്കും.

ഇഎസ്ആര്‍ കൂടുന്നതിന് കാരണം ശരീരത്തിലുണ്ടാകുന്ന നീര്‍ക്കെട്ട് അഥവാ ഇന്‍ഫ്ളമേഷനാണ്. ഇത്തരം പ്രശ്നമുണ്ടാകുമ്പോള്‍ നമ്മുടെ ശരീരത്തില്‍ ചില പ്രത്യേക പ്രോട്ടീനുകളുണ്ടാകും. അതായത് രക്തകോശങ്ങളില്‍ അടിയുന്ന ഇത്തരം പ്രോട്ടീനുകളാണ് രക്തകോശം പെട്ടെന്ന് താഴെ അടിയാന്‍ കാരണമാകുന്നതും ഇഎസ്ആര്‍ റേറ്റ് കൂടുന്നതും. ഇത്തരം പ്രോട്ടീനുകള്‍ രക്തകോശങ്ങളിലുണ്ടായാല്‍ ശരീരത്തില്‍ വീക്കം അതായത് രോഗമുണ്ടെന്ന് അര്‍ത്ഥമാക്കാം.

ആരോഗ്യമുള്ള ഒരു പുരുഷന് പ്രായത്തിന്റെ ഏകദേശം പകുതിയായിരിയ്ക്കും ഇഎസ്ആര്‍ വാല്യൂ. അതായത് 50 വയസുളളയാളുടെ ഇഎസ്ആര്‍ വാല്യൂവെന്നത് 25 ആയിരിയ്ക്കും. 65-70 വയസുള്ള ആളെങ്കില്‍ 30-35 കാണാന്‍ വഴിയുണ്ട്. നോര്‍മല്‍ 5-10 വരെയാണ് സാധാരണ കാണിയ്ക്കുന്നത്. ഇതിനാല്‍ ഇത് കൂടുതല്‍ എന്നു കരുതാന്‍ കാരണമുണ്ട്. എന്നാല്‍ പ്രായമേറുമ്പോള്‍ ഇത്തരം റേറ്റ് കൂടുന്നത് സാധാരണയാണ്.

സ്ത്രീകള്‍ക്കെങ്കില്‍ അവരുടെ പ്രായത്തിന്റെ പകുതിയേക്കാള്‍ അല്‍പം കൂടുതലാണ് ഇഎസ്ആര്‍ റേറ്റെന്നത്. ഇത് പകുതിയേക്കാള്‍ അഞ്ചോ മറ്റോ കൂടുതലായിരിയ്ക്കുകയും ചെയ്യും. ഇതിന് കാരണം ഇവരുടെ ശാരീരിക പ്രക്രിയകളിലുണ്ടാകുന്ന വ്യത്യാസങ്ങളാണ്. ഗര്‍ഭ, പ്രസവ കാലങ്ങളും ആര്‍ത്തവകാലവുമെല്ലാം ഇഎസ്ആര്‍ കൂടുതലാകാന്‍ ഇട വരുത്തും. ആര്‍ത്തവ കാലത്ത് നോക്കിയാല്‍ ഇഎസ്ആര്‍ 30 വരെയാകും. ഇത് രോഗാവസ്ഥയായി കാണേണ്ടതില്ല.

ഇഎസ്ആര്‍ കൂടി നില്‍ക്കുന്ന അവസ്ഥകള്‍ മറ്റു ചിലതും വരും. വിളര്‍ച്ചയുണ്ടാകുന്നത് ഇതിന് സാധ്യതയുണ്ടാക്കും. വൈറല്‍ ഫീവര്‍ പോലുള്ളവയുണ്ടെങ്കില്‍ ഈ സമയത്ത് ഇഎസ്ആര്‍ കൂടുതലാകാം. അണുബാധയുളള സമയത്ത് കൂടുതലുണ്ടാകാം. ശരീരത്തില്‍ ഏതെങ്കിലും ഭാഗത്തുണ്ടാകുന്ന മുറിവോ മറ്റോ ഇതിന് ഇടയാക്കും. ഇത് മാറിയാല്‍ ഇഎസ്ആര്‍ സാധാരണ തോതിലെത്തും. ഇതല്ലാതെ സ്ഥിരം ഇഎസ്ആര്‍ കൂടുതലായി നില്‍ക്കുകയാണെങ്കില്‍ മറ്റു പല ക്രോണിക് അസുഖങ്ങള്‍ കാരണമാകാം. ക്യാന്‍സര്‍, വൃക്ക രോഗം, തൈറോയ്ഡ്, അമിത വണ്ണം, സന്ധിവാതം തുടങ്ങിയ പ്രശ്നങ്ങളെങ്കില്‍ ഇഎസ്ആര്‍ അധികമുണ്ടാകാം. ഇത് രോഗാവസ്ഥ കാരണമാണെന്ന് തിരിച്ചറിയാന്‍ മറ്റു പല ടെസ്റ്റുകളും വേണ്ടി വന്നേക്കാം. മെഡിക്കല്‍ വിദഗ്ധന് ശാരീരിക ലക്ഷണം കൂടി കണക്കിലെടുത്ത് ഇഎസ്ആര്‍ വിലയിരുത്തി കൂടുതല്‍ ടെസ്റ്റുകള്‍ക്ക് നിര്‍ദേശം നല്‍കാം.

ഇഎസ്ആര്‍ കുറയ്ക്കാന്‍ വഴികളുണ്ട്. ഇതിനു കാരണമാകുന്ന രോഗാവസ്ഥ ചികിത്സിയ്ക്കുകയെന്നത് പ്രധാനമാണ്. ഇതിന് മെഡിക്കല്‍ സഹായം വേണ്ടി വരും. ഉദാഹരണത്തിന് റ്യുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസെങ്കില്‍ രാവിലെ അല്‍പം സന്ധി വേദനയനുണ്ട് എന്നിരിയ്ക്കട്ടെ, ഇഎസ്ആര്‍ കൂടി നില്‍ക്കുന്നു ഇത്തരം സന്ദര്‍ഭത്തില്‍ ഏതു തരം വാതമെന്ന് കണ്ടെത്തി ചികിത്സ തേടണം. ഇതു പോലെ സ്ഥിരം വ്യായാമം ചെയ്യുക. ഇത് ഇഎസ്ആര്‍ കുറയ്ക്കാന്‍ സഹായിക്കും. എല്ലാ മസിലുകള്‍ക്കും കിട്ടുന്ന വ്യായാമം ചെയ്യുക. ഇത് ഇന്‍ഫ്ളമേഷന്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതു പോലെ ഫാസ്റ്റ് ഫുഡുകള്‍, അമിതമായി മധുരം ചേര്‍ത്തവ, പ്രോസസ്ഡ് ഫുഡ് എന്നിവ ഒഴിവാക്കുക. ധാരാളം വെളളം കുടിയ്ക്കുക, സ്ട്രെസ് കുറയ്ക്കുക. ഇതെല്ലാം ശരീരത്തിലെ ഇന്‍ഫ്ളമേറ്ററി അവസ്ഥ കുറയ്ക്കും. ഇതിലൂടെ ഇഎസ്ആര്‍ കുറയുകയും ചെയ്യുന്നു.

ചെറുപ്പക്കാരിലെ പ്രമേഹ സാധ്യത

ശരീരഭാരം കുറയ്ക്കാനും വീണ്ടും കൂടാതിരിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍