ചെറുന്നിയൂര്‍: പാലോട് സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ചെളളുപനി ബാധിച്ച് മരിച്ച ചെറുന്നിയൂര്‍ അയന്തി സ്വദേശിനി അശ്വതിയുടെ വീട്ടിലെത്തി പരിശോധന നടത്തി. വീട്ടിലെ ആട്, നായ ഉള്‍പ്പെടെ വളര്‍ത്തുമൃഗങ്ങളുടെ രക്തസാംപിളുകളും മൃഗങ്ങളുടെ പുറത്തുളള ചെളളുകളും ശേഖരിച്ചു.
ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഡോ.വി നന്ദകുമാര്‍, വെറ്ററിനറി സര്‍ജന്‍ ഡോ.എസ് പ്രത്യൂഷ് എന്നിവരടങ്ങുന്ന സംഘമാണ് എത്തിയത്. വര്‍ക്കല ബ്ലോക്ക് മൃഗാശുപത്രി ഡോ.ആര്‍ രമ, ചെറുന്നിയൂര്‍ പഞ്ചായത്ത് ആരോഗ്യവിഭാഗം പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു. നേരത്തേ അശ്വതിയുടെ കുടുംബാഗംങ്ങളുടെ 6 പേരുടേയും രക്തസാംപിളുകളില്‍ നടത്തിയ പരിശോധന ഫലം നെഗറ്റീവായിരുന്നു.
വീട്ടിലുണ്ടായിരുന്ന ഒരു നായ്ക്കുട്ടിയില്‍ രോഗകാരിയായ ചെളളിന്റെ സാന്നിധ്യം നേരത്തേ കണ്ടെത്തിയതായിരുന്നു. പഞ്ചായത്ത് തലത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.