- Advertisement -Newspaper WordPress Theme
covid-19മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള വാക്സീന്‍ നാളെ മുതല്‍: വേണ്ടത് ഇതെല്ലാം

മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള വാക്സീന്‍ നാളെ മുതല്‍: വേണ്ടത് ഇതെല്ലാം

തിരുവനന്തപുരം: അറുപതു വയസിന് മുകളിലുള്ള എല്ലാവര്‍ക്കും 45 വയസിന് മുകളിലുള്ള ഗുരുതര രോഗമുള്ളവര്‍ക്കും കുത്തിവയ്പ് എടുക്കാം. 45 വയസിനു മുകളിലുള്ളവരില്‍ കാന്‍സര്‍ ബാധിച്ചവര്‍, വൃക്ക രോഗമുള്ളവര്‍, ഹൃദ്രോഗികള്‍, പ്രമേഹ രോഗികള്‍, അമിത രക്തസമ്മര്‍ദമുള്ളവര്‍ എന്നിവരെയാകും പരിഗണിക്കുക.

എന്താണ് ചെയ്യേണ്ടത്?

വാക്സിനേഷനുവേണ്ടി റജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനായി കോവിന്‍ ആപ്പ് 2.0 ഡൗണ്‍ലോഡ് ചെയ്യണം. തുടര്‍ന്ന് സ്വയം റജിസ്റ്റര്‍ ചെയ്യാം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സീന്‍ നല്‍കുമ്പോള്‍ നേരിട്ടുള്ള റജിസ്ട്രേഷന്‍ സാധ്യമായിരുന്നില്ല.

വേണ്ട രേഖകള്‍ ?

വയസ്സ് തെളിയിക്കുന്ന രേഖയാണ് ആദ്യം വേണ്ടത്. റജിസ്‌ട്രേഷന്‍ ആരംഭിക്കുമ്പോള്‍ നല്‍കുന്ന വിവരങ്ങള്‍ ആധാര്‍ പോര്‍ട്ടല്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വോട്ടര്‍ പട്ടിക എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ കൃത്യമാണോ എന്ന് ആപ്പ് തന്നെ ഒത്തു നോക്കും. ഈ വിവരങ്ങള്‍ ഒരു പോലെ ആണെന്ന് തെളിഞ്ഞാല്‍ മാത്രമേ കോവിന്‍ ആപ്പില്‍ റജിസ്ട്രേഷന്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ സാധിക്കൂ.

വാക്സിനേഷന്‍ കേന്ദ്രം തിരഞ്ഞെടുക്കാം

സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ ആശുപത്രികളിലും വാക്സീന്‍ സ്വീകരിക്കാന്‍ സംവിധാനമുണ്ട്. ഏത് കേന്ദ്രത്തില്‍ നിന്നാണ് വാക്സീന്‍ സ്വീകരിക്കേണ്ടതെന്ന് വ്യക്തികള്‍ക്ക് തീരുമാനിക്കാം. അത് തിരഞ്ഞെടുക്കാനുള്ള സൗകര്യം കോവിന്‍ ആപ്പില്‍ ലഭ്യമാണ്. വയസ്സ് തെളിയിക്കുന്ന രേഖ കോവിന്‍ ആപ്പ് സ്വീകരിച്ചു കഴിഞ്ഞാല്‍ വാക്സിനേഷന്‍ സെന്ററുകളും ലൊക്കേഷനും എഴുതി കാണിക്കും. അതില്‍ നിന്ന് നമുക്ക് സൗകര്യപ്രദമായ സ്ഥലം തിരഞ്ഞെടുക്കാം. വാക്സീന്‍ സ്വീകരിക്കുവാനുള്ള ദിവസം തിരഞ്ഞെടുക്കാനും ഓപ്ഷന്‍ ഉണ്ട്.

പണം നല്‍കണോ?

സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നാണ് വാക്സീന്‍ സ്വീകരിക്കുന്നതെങ്കില്‍ പൂര്‍ണമായും സൗജന്യമായിരിക്കും. സ്വകാര്യ ആശുപത്രികളാണ് വാക്സീന്‍ സ്വീകരിക്കാന്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ പണം നല്‍കണം. തുക എത്രയെന്ന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അറിയിക്കും. കേന്ദ്രംതന്നെ നേരിട്ട് വാക്സീന്‍ സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയാണ് ഈ ഘട്ടത്തിലും ചെയ്യുന്നത്.

ഇതര സംസ്ഥാനങ്ങളിലും സൗകര്യം

രാജ്യത്ത് എവിടെ നിന്ന് വേണമെങ്കിലും വാക്സീന്‍ സ്വീകരിക്കാം. തിരിച്ചറിയല്‍ രേഖയിലെ മേല്‍വിലാസത്തിലുള്ള സംസ്ഥാനമോ ജില്ലയോ വേണമെന്ന് നിര്‍ബന്ധമില്ല. ഉദാഹരണത്തിന് കേരളത്തിലുള്ള ആള്‍ക്ക് കര്‍ണാടകയിലോ ഉത്തര്‍പ്രദേശിലോ കുത്തിവയ്‌പെടുക്കാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme