ത്വക്ക് ശരീരത്തെ ആവരണം ചെയ്യുന്ന സ്വതന്ത്രാസ്തിത്വമുള്ള ഒരു ഘടനയല്ല, മറിച്ച് മറ്റ് അവയവങ്ങളെപ്പോലെ ശരീരത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ്. ശരീരത്തില്‍ പൊതുവേ വിന്യസിച്ചിരിക്കുന്ന നാഡികളും ഞരമ്പുകളുംതന്നെയാണ് ത്വക്കിലുമുള്ളത്. ആന്തരികാവയവങ്ങളിലുള്ള സന്ധാനകലകള്‍ക്ക് തികച്ചും സമാനമാണ് അന്തശ്ചര്‍മ(dermis)ത്തിലെ സന്ധാനകലകളും. എന്നാല്‍ ശരീരത്തിന്റെ ബാഹ്യ ആവരണമാകയാല്‍ മറ്റു ശരീരഭാഗങ്ങളും ബാഹ്യാന്തരീക്ഷവും തമ്മില്‍ മാധ്യസ്ഥം വഹിക്കുന്ന ധര്‍മം ത്വക്കിനു നിര്‍വഹിക്കേണ്ടതായി വരുന്നു. ഇതുകൊണ്ടുതന്നെ ത്വക്കിനുണ്ടാകുന്ന രോഗാവസ്ഥകള്‍ക്ക് ശരീരത്തിനുള്ളിലെ വൈഷമ്യങ്ങളും പുറത്തെ അന്തരീക്ഷത്തിലെ മാലിന്യങ്ങളും ദൂഷ്യങ്ങളും ഒരുപോലെ കാരണമായിത്തീരുന്നു.
ത്വക്കില്‍ പ്രകടമാകുന്ന പല രോഗങ്ങളും യഥാര്‍ഥത്തില്‍ ത്വക്കിനെ ബാധിക്കുന്നവയല്ല. ആന്തരികമായ രോഗത്തിന്റെ ലക്ഷണം ത്വക്കിലൂടെ പ്രത്യക്ഷീഭവിക്കുന്നു എന്നുമാത്രം. രക്തത്തിലോ രക്തചംക്രമണ വ്യവസ്ഥയിലോ ഉണ്ടാകുന്ന രോഗങ്ങള്‍ (ഉദാ. അരക്തത, പോളിസൈതീമിയ, മഞ്ഞപ്പിത്തം) ത്വക്കില്‍ പ്രതിഫലിക്കുന്നു. ചില ജീവകങ്ങളുടെ അപര്യാപ്തതയും മസ്തിഷ്കകാണ്ഡ വീക്കങ്ങളും ത്വക്കില്‍ മരവിപ്പായി അനുഭവപ്പെടുന്നു.
ആന്തരികമായ തകരാറില്‍ ത്വക്കും ഭാഗഭാക്കാകുന്നതാണ് ത്വഗ്രോഗങ്ങളില്‍ രണ്ടാമത്തെ വിഭാഗം. ചില ഭക്ഷ്യപദാര്‍ഥങ്ങള്‍, മരുന്നുകള്‍, രോഗാണുക്കള്‍, രോഗഗ്രസ്തമായ ശരീരകലകള്‍ എന്നിവയോടുണ്ടാകുന്ന അലര്‍ജിമൂലം ത്വക്കിലെ സിരാവ്യൂഹം അനവധി മാറ്റങ്ങള്‍ക്കു വിധേയമാകുന്നതാണ് ഈ രോഗങ്ങള്‍ക്കു കാരണം. കുപോഷണംമൂലം കെരാറ്റിന് മാറ്റങ്ങള്‍ സംഭവിക്കുന്നു. അഡിസണ്‍സ് രോഗം, ഹൈപോതൈറോയ്ഡിസം തുടങ്ങിയ ഹോര്‍മോണ്‍ തകരാറുകളോട് ത്വക്കിലെ വര്‍ണകങ്ങള്‍ (pigments) പ്രതികരിക്കാറുണ്ട്.
ത്വക്ക് നേരിട്ട് രോഗവിധേയമാകുന്നതാണ് അടുത്ത വിഭാഗം. രക്താര്‍ബുദം ചിലപ്പോള്‍ ത്വക്കിലേക്കു വ്യാപിച്ച് അര്‍ബുദജന്യ മാറ്റങ്ങള്‍ ഉണ്ടാക്കാറുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന കോസിഡിയോ മൈകോസിസ് എന്ന ഫംഗസ്ബാധ ത്വക്കിലേക്കു പടരാം. പ്രാഥമികമായി ത്വക്കിനെ ബാധിക്കുന്ന ചില രോഗങ്ങള്‍ മറ്റ് അവയവങ്ങളിലേക്കും വ്യാപിക്കുന്നതായി കാണാറുണ്ട്. ത്വക്കിലെ ചില പൂപ്പല്‍ബാധകള്‍ (ഉദാ. ലൈക്കന്‍ പ്ളാനസ്) ജഠരാന്ത്രപഥത്തിലേക്കു സംക്രമിക്കാറുണ്ട്. എല്ലിനെയും കരളിനെയും മറ്റ് ആന്തരികാവയവങ്ങളെയും ബാധിക്കുന്ന ഒരു ത്വഗ്രോഗമാണ് മാസ്റ്റോസൈറ്റോസിസ്.
ത്വക്കിനെ മാത്രം ബാധിക്കുന്ന രോഗങ്ങള്‍ ആണ് അവസാനത്തെ വിഭാഗം. മുഖക്കുരു, സോറിയാസിസ് എന്നിവ ഉദാഹരണങ്ങളാണ്. ചില ത്വഗ്രോഗങ്ങള്‍ ശരീരത്തെ ആകമാനം ബാധിക്കുന്നതാകാം; മറ്റു ചിലതാകട്ടെ സ്ഥാനീയവും. അപൂര്‍വം ചില ചര്‍മരോഗങ്ങള്‍ക്ക് പാരമ്പര്യ ഘടകങ്ങള്‍ കാരണമാകുന്നുണ്ട്. പരിപൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാവുന്നവയും പൂര്‍ണമായ ശമനസാധ്യതയില്ലാത്തതുമായ ചര്‍മരോഗങ്ങളും കണ്ടുവരുന്നു.