ബാല്യവും യൗവനവും പോലെ വാര്‍ധക്യവും അനിവാര്യമായ ഒരു ശാരീരിക മാറ്റമാണ്. ഒരേസമയം ഒന്നിലധികം രോഗങ്ങളുടെ അകമ്പടിയോടെയാണ് വാര്‍ധക്യം മിക്കവരിലും കടന്നുപോവുക. ആരോഗ്യപരിരക്ഷയ്ക്കൊപ്പം വൈകാരിക പിന്തുണയും ഏറെ ആവശ്യമുള്ള ഘട്ടമാണ് വാര്‍ധക്യം. കൂട്ടുകുടുംബം നല്‍കിയിരുന്ന കരുതലും സുരക്ഷിതത്വവും ഇന്ന് കുറഞ്ഞുവരികയാണ്. മക്കള്‍ക്ക് മനസ്സുണ്ടെങ്കിലും ജോലിയും ജീവിതസാഹചര്യങ്ങളും മാറിയതോടെ വൃദ്ധര്‍ വീടുകളില്‍ തനിച്ചാവുന്ന സ്ഥിതിവിശേഷമാണ് കൂടുതലും. അതോടെ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കൊപ്പം ലോകമെങ്ങും വൃദ്ധര്‍ നേരിടുന്ന മുഖ്യപ്രശ്നം ഏകാന്തതയായി മാറി.
വെല്ലുവിളികളെ അതിജീവിച്ച് വാര്‍ധക്യത്തെ ആഹ്ലാദകരമാക്കുന്നവരും നമ്മുടെ ഇടയിലുണ്ട്. ജീവിക്കുന്ന പരിതസ്ഥിതി, ശാരീരികവും മാനസികവുമായ ആരോഗ്യം, സമൂഹവുമായി കൂടെക്കൂടെയുള്ള ഇടപെടലുകള്‍, പോഷകാഹാരം, വ്യായാമം, പുകവലിയുംമദ്യപാനവും ഒഴിവാക്കല്‍ തുടങ്ങിയവ വാര്‍ധക്യം വിജയകരമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഘടകങ്ങളാണ്. ശാരീരികവും മാനസികവുമായ പല രോഗങ്ങളും സമ്മര്‍ദങ്ങളും വാര്‍ധക്യത്തില്‍ ധാരാളമായി കാണാറുണ്ട്. ഒപ്പം സാമ്പത്തിക ബുദ്ധിമുട്ടുകൂടി നേരിടേണ്ടിവരുന്നവരില്‍ സാഹചര്യത്തിന്റെ ഗൗരവം കൂടുന്നു. വൈധവ്യവും സാമ്പത്തിക ബുദ്ധിമുട്ടുകളും വൃദ്ധകളുടെ മനോധൈര്യം ചോര്‍ത്തുന്ന ഘടകങ്ങളാണ്. നല്ല കുടുംബസാഹചര്യങ്ങളും കൂട്ടായ്മയും നേടുന്നതിലൂടെ മാത്രമേ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയുള്ളു.
പല രോഗങ്ങള്‍ ഒരുമിച്ച്ചെറുപ്പക്കാരെ അപേക്ഷിച്ച് അസാധാരണമായ രീതിയിലാണ് വാര്‍ധക്യത്തില്‍ രോഗങ്ങളുടെ കടന്നുവരവ്. രോഗലക്ഷണങ്ങള്‍ അസുഖംബാധിച്ച അവയവത്തിനായിരിക്കില്ല. മറിച്ച് ശരീരത്തിലെ ദുര്‍ബലമായ ഏതെങ്കിലും ഭാഗത്ത് കാണപ്പെടുക എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ പലതരത്തിലുള്ള രോഗങ്ങളുടെ അസ്വസ്ഥതകള്‍ ഒന്നിച്ചുണ്ടാവുകയും ചെയ്യും. വാര്‍ധക്യത്തിലെ ആരോഗ്യത്തിന് പിന്നിട്ട ജീവിതവുമായി ഏറെ ബന്ധമുണ്ട്. മധ്യവയസ്സില്‍ത്തന്നെ ജീവിതശൈലിരോഗങ്ങളില്‍പ്പെടുന്ന പ്രമേഹം, രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയെ നിയന്ത്രിച്ചുനിര്‍ത്തുന്നവരില്‍ വാര്‍ധക്യസംബന്ധമായ പ്രശ്നങ്ങള്‍ കുറവാകും